29 C
Trivandrum
Friday, November 14, 2025

ചിന്നസ്വാമിയിൽ ഉൾക്കൊള്ളാനാവുക 35000 പേരെ, എത്തിയത് 3 ലക്ഷത്തോളം

Follow the FOURTH PILLAR LIVE channel on WhatsApp 

ബംഗളൂരു: ഐ.പി.എല്‍. ചാമ്പ്യന്മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരുവിൻ്റെ (ആർ.സി.ബി.) വിജയാഘോഷ പരിപാടിക്കിടെ തിക്കിലും തിരക്കിലും അകപ്പെട്ട് 11 പേർ മരിക്കുകയും 33 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി കര്‍ണാക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. മരിച്ചവരിലേറെയും യുവാക്കളാണ്. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ എത്തിയതാണ് ദാരുണമായ ദുരന്തത്തിന് ഇടയാക്കിയതെന്നും സിദ്ധരാമയ്യ പറഞ്ഞു.

ചിന്നിസ്വാമി സ്റ്റേഡിയത്തിലായിരുന്നു ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്. ഇവിടെ 35000 ആളുകളെ മാത്രമാണ് ഉള്‍ക്കൊള്ളാനാകുന്നത്. എന്നാല്‍ സ്റ്റേഡിയത്തില്‍ കയറാനായി വന്നത് 2 മുതല്‍ 3 ലക്ഷത്തോളം പേരാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലുമാണ് ദുരന്തമുണ്ടായത്.

മരിച്ചവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് പൂര്‍ണ്ണമായും സൗജന്യ ചികിത്സയും കര്‍ണാടക സര്‍ക്കാര്‍ നല്‍കുമെന്ന് സിദ്ധരാമയ്യ അറിയിച്ചു. ദുരന്തത്തിന് പിന്നാലെ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍, ആഭ്യന്തര മന്ത്രി ജി.പരമേശ്വര എന്നിവര്‍ക്കൊപ്പം നടത്തിയ അടിയന്തര പത്രസമ്മേളനത്തിലാണ് സിദ്ധരാമയ്യ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്‌.

‘ഈ സംഭവത്തെ ന്യായീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ സര്‍ക്കാര്‍ ഇതില്‍ രാഷ്ട്രീയം കളിക്കില്ല. ഞാന്‍ ഒരു മജിസ്‌ട്രേറ്റ് തലത്തിലുള്ള അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്, 15 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്. ആളുകള്‍ സ്റ്റേഡിയത്തിൻ്റെ ഗേറ്റുകള്‍ പോലും തകര്‍ത്തു. തിക്കിലും തിരക്കിലും പെട്ടു. ഇത്രയും വലിയ ജനക്കൂട്ടം ആരും പ്രതീക്ഷിച്ചിരുന്നില്ല. സ്റ്റേഡിയത്തില്‍ 35,000 പേര്‍ക്ക് മാത്രമേ ഇരിക്കാന്‍ കഴിയൂ, പക്ഷേ 2-3 ലക്ഷം ആളുകള്‍ എത്തി’ -സിദ്ധരാമയ്യ പറഞ്ഞു.

ബംഗളൂരു നഗരത്തില്‍ ലഭ്യമായ മുഴുവന്‍ പോലീസ് സേനയെയും വിന്യസിച്ചിരുന്നു. തീര്‍ച്ചയായും, ഈ ദുരന്തം സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. ഇരകള്‍ക്കൊപ്പമാണ് തങ്ങളെന്നും കര്‍ണാടക മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Recent Articles

Related Articles

Special

Enable Notifications OK No thanks