Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: കേരളത്തിലെ 62 ലക്ഷം കുടുംബങ്ങളുടെ നിത്യവൃത്തിക്ക് സഹായമായി സർക്കാർ നൽകുന്ന ക്ഷേമ പെൻഷനെ കൈക്കൂലിയെന്ന് ആക്ഷേപിച്ച കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാലിൻ്റെ പ്രസ്താവന സാധാരണക്കാരായ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറിയറ്റ്. പ്രസ്താവന പിൻവലിച്ച് കേരളത്തോട് മാപ്പ് പറയാൻ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കൂടിയായ വേണുഗോപാൽ തയാറാകണമെന്നും സി.പി.എം. പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
9 വർഷത്തിനിടെ 72,000 കോടി രൂപ ക്ഷേമ പെൻഷൻ നൽകാൻ മാത്രം മാറ്റിവച്ച സർക്കാരാണ് എൽ.ഡി.എഫിൻ്റേത്. കേന്ദ്ര ഉപരോധം മൂലമുള്ള എല്ലാ ഞെരുക്കങ്ങൾക്കിടയിലും പാവങ്ങളുടെ വീടുകളിലേക്ക് പെൻഷൻ എത്തിക്കാനാണ് എല്ലാ കാലത്തും സർക്കാർ ശ്രമിച്ചത്. സാമ്പത്തികമായി ഞെരുങ്ങിയ ചില മാസങ്ങളിൽ പെൻഷൻ വൈകിയപ്പോൾ കോൺഗ്രസ് നേതാക്കൾ നടത്തിയ പ്രതികരണങ്ങൾ കേരളം മറന്നിട്ടില്ല. കേരളത്തിന് അർഹമായ വിഹിതം തടഞ്ഞതും കിഫ്‌ബിയടക്കം പദ്ധതികളെ സംസ്ഥാന വായ്പാപരിധിയിൽ ഉൾപ്പെടുത്തിയതും ഉൾപ്പെടെ സാമ്പത്തികമായി വരിഞ്ഞുമുറുക്കിയ ഒരു ഘട്ടത്തിലും കോൺഗ്രസ് നേതാക്കളോ പ്രതിപക്ഷമോ കേന്ദ്രത്തിനെതിരെ പ്രതികരിച്ചില്ല. കേരളം ഞെരുങ്ങട്ടെയെന്ന നിലപാടിലായിരുന്നു അവർ.
എൽ.ഡി.എഫ്. സർക്കാർ വരുമാനം വർധിപ്പിച്ചും പദ്ധതികൾ പുനക്രമീകരിച്ചും സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കാനും, ക്ഷേമപെൻഷൻ കുടിശ്ശിക സഹിതം എല്ലാമാസവും കൃത്യമായി വിതരണം ചെയ്യാനുമാണ് ശ്രമിച്ചത്. സാമ്പത്തിക പ്രതിസന്ധിയായതിനാൽ മുണ്ട് മുറുക്കിയുടുക്കണമെന്ന മുൻ മുഖ്യമന്ത്രി എ.കെ.ആൻ്റണിയുടെ പ്രസ്താവന ജനം മറന്നിട്ടില്ല. 600 രൂപ മാത്രം പെഷനുണ്ടായിരുന്ന യു.ഡി.എഫ്. ഭരണകാലത്ത് 1 രൂപ പോലും വർധിപ്പിച്ചില്ലെന്നു മാത്രമല്ല, 18 മാസം കുടിശികയാക്കുകയാണ് ചെയ്തത്. യു.ഡി.എഫ്. ഭരണകാലത്തെ ദുരിതം തന്നെയാണ് കേരളത്തിൽ വേണ്ടതെന്നാണോ വേണുഗോപാൽ പറയുന്നതെന്ന് സി.പി.എം. സെക്രട്ടേറിയറ്റ് ചോദിച്ചു.
ക്ഷേമവും വികസനവും എൽ.ഡി.എഫ്. പ്രഖ്യാപിച്ച രീതിയിൽ നടക്കുന്നുവെന്നതാണ് കോൺഗ്രസ് നേതാക്കളെ ബുദ്ധിമുട്ടിക്കുന്നത് എന്ന് വ്യക്തം. പെൻഷൻ കൃത്യമായി കിട്ടുന്നതിൻ്റേയും കൺമുന്നിൽ കാണുന്ന വിവിധ വികസന പ്രവർത്തനങ്ങളുടേയും പ്രതികരണങ്ങൾ സ്വാഭാവികമായും നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലും ഉണ്ടാകുമെന്ന് യു.ഡി.എഫ്. ഭയപ്പെടുന്നുവെന്നാണ് വേണുഗോപാലിൻ്റെ പ്രസ്താവന തെളിയിക്കുന്നത്. തോൽവിയും ജയവും മറ്റും തിരഞ്ഞെടുപ്പുകളിൽ സ്വഭാവികമാണ്. അതിൻ്റെ പേരിൽ പാവങ്ങൾക്ക് കിട്ടുന്ന ആനുകൂല്യങ്ങളെ കൈക്കൂലിയെന്ന് വിളിച്ച് അപഹസിക്കുന്നത് ഏത് രാഷ്‌ട്രീയ പ്രസ്ഥാനത്തിൻ്റെ നേതാവായാലും അംഗീകരിക്കാനാകില്ല. അത് ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കുന്നതാണ്. തക്കതായ മറുപടി ജനം നൽകുമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.























