29 C
Trivandrum
Friday, February 13, 2026

ഇന്ത്യാ സഖ്യം ഉപേക്ഷിച്ച് എ.എ.പി.; ബി.ജെ.പിയും കോൺഗ്രസും യഥാർഥ സഖ്യമെന്ന് ആരോപണം

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡൽഹി: ഒറ്റയ്ക്കു മുന്നോട്ടുപോകാനുള്ള തീരുമാനവുമായി ആം ആദ്മി പാർട്ടി ഇന്ത്യാ സഖ്യം ഉപേക്ഷിച്ചു. എ.എ.പിയുടെ രാഷ്ട്രീയകാര്യ സമിതിയിലാണ് തീരുമാനം. യഥാർഥ സഖ്യം കോൺഗ്രസും ബി.ജെ.പിയും തമ്മിലാണെന്ന് ആരോപിച്ചാണ് എ.എ.പി. ഇന്ത്യാ സഖ്യം വിടുന്നത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു വേണ്ടി മാത്രമാണ് പ്രതിപക്ഷ ഗ്രൂപ്പ് രൂപീകരിച്ചതെന്നും പാർട്ടി പുറത്തിറക്കിയ പ്രസ്താവനയിൽ‌ പറയുന്നു.

പഹല്‍ഗാം വിഷയവും ഓപ്പറേഷന്‍ സിന്ദൂറും ചര്‍ച്ചചെയ്യാന്‍ പ്രത്യേക പാര്‍ലമെൻ്റ് സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും മറ്റു 15 പ്രതിപക്ഷ പാര്‍ട്ടികളും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയതിനു പിന്നാലെയാണ് എ.എ.പിയുടെ പ്രസ്താവന. എ.എ.പി ഇതേ ആവശ്യം ഉന്നയിച്ച് പ്രത്യേകമായി കത്തയച്ചു.

‘യഥാർഥ സഖ്യം ബി.ജെ.പിയും കോൺഗ്രസും തമ്മിലാണ്. മോദിക്ക് രാഷ്ട്രീയമായി പ്രയോജനം ചെയ്യുന്ന കാര്യങ്ങൾ മാത്രമാണ് രാഹുൽ ഗാന്ധി പറയുന്നത്. പകരമായി, ഗാന്ധി കുടുംബത്തെ ജയിലിലേക്ക് പോകുന്നതിൽ നിന്ന് മോദി രക്ഷിക്കുന്നു. നാട്ടുകാർക്ക് സ്‌കൂളുകൾ, ആശുപത്രികൾ, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതിൽ ഇരുവർക്കും താൽപര്യമില്ല’ – എ.എ.പി. ദേശീയ മാധ്യമ ചുമതലയുള്ള നേതാവ് അനുരാഗ് ധണ്ട എക്‌സിൽ കുറിച്ചു. പ്രതിപക്ഷ പാർട്ടികൾക്ക് 240 സീറ്റുകൾ ഉറപ്പാക്കുന്നതിൽ ആം ആദ്മി പാർട്ടി തങ്ങളുടെ പങ്ക് വഹിച്ചിട്ടുണ്ടെന്നും ധണ്ട പറഞ്ഞു.

ഇന്ത്യന്‍ രാഷ്ട്രീയം ശുദ്ധീകരിക്കാന്‍, ഈ പിന്നണി ഗൂഢാലോചന അവസാനിപ്പിക്കണമെന്ന് എ.എ.പി. പ്രസ്താവനയില്‍ പറഞ്ഞു. രാഹുലും മോദിയും വേദിയില്‍ എതിരാളികളായി പ്രത്യക്ഷപ്പെട്ടേക്കാം. പക്ഷേ, ഇരുവര്‍ക്കും അവരവരുടെ രാഷ്ട്രീയ നിലനില്‍പ്പാണ് പ്രധാനം എന്നതാണ് സത്യം. കോണ്‍ഗ്രസിൻ്റെ ദുര്‍ബലമായ രാഷ്ട്രീയം ബി.ജെ.പിയെ ശക്തിപ്പെടുത്തുന്നു. ബി.ജെ.പി. ഭരണം കോണ്‍ഗ്രസിൻ്റെ അഴിമതികളെ മറച്ചുവെയ്ക്കുന്നുവെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

എല്ലാ സംസ്ഥാന തിരഞ്ഞെടുപ്പുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ധണ്ട പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു. ഈ വർഷം അവസാനം നടക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും തങ്ങൾ മത്സരിക്കും.പാര്‍ലമെൻ്റില്‍ രാജ്യത്തിന് ഏറ്റവും നല്ലത് ഏതാണെന്നതിൻ്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നിലപാടിനെ തങ്ങളുടെ എം.പിമാര്‍ പിന്തുണയ്ക്കുമെന്നും ഇരുസഭകളിലേക്കും അതനുസരിച്ച് വോട്ടുചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Recent Articles

Related Articles

Special

Enable Notifications OK No thanks