29 C
Trivandrum
Friday, February 13, 2026

ശബരി പാതയിൽ മുഖ്യമന്ത്രിയുടെ നയതന്ത്രവിജയം; കേരളത്തിൻ്റെ ഒരു സ്വപനം കൂടി യാഥാർഥ്യമാകുന്നു

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡൽഹി: കാൽ നൂറ്റാണ്ടിലേറെയായി ഇഴഞ്ഞുനീങ്ങുന്നതും ഇടയ്ക്കുവെച്ച് മരവിപ്പിക്കപ്പെട്ടതുമായ അങ്കമാലി-ശബരി റെയിൽപ്പാതയ്ക്ക് വീണ്ടും ജീവൻവെക്കുന്നു. മരവിപ്പിച്ച പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള കേരളത്തിൻ്റെ ആവശ്യത്തിന് റെയിൽവേ ബോർഡിൻ്റെ അനുകൂല തീരുമാനം ഉണ്ടായതിനുപിന്നാലെ പദ്ധതിക്കുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾ ജൂലൈയിൽ പുനരാരംഭിക്കാൻ തീരുമാനിച്ചു. ഇതിൻ്റെ ഭാഗമായി ഈ മാസം റെയിൽവേ മന്ത്രാലയത്തിൻ്റെ വിദഗ്ധസമിതി സ്ഥലം സന്ദർശിക്കും.

മുഖ്യമന്ത്രി പിണറായി വിജയനും റെയിൽവേയുടെ ചുമതലയുള്ള മന്ത്രി വി.അബ്ദുറഹിമാനും കേരളത്തിൻ്റെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി.തോമസും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ചൊവ്വാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണ. ഇതോടെ അങ്കമാലി-ശബരി പാതയ്ക്ക് പകരമായി മുന്നോട്ടുവെച്ച ചെങ്ങന്നൂർ-പമ്പ പദ്ധതിനിർദേശം മരവിപ്പിക്കും.

1997-98ലെ ബജറ്റിലാണ് അങ്കമാലി-ശബരി പാതയ്ക്ക് ആദ്യമായി കേന്ദ്രം അനുമതി നൽകിയത്. 111 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയിൽ കാലടി മുതൽ രാമപുരം വരെയുള്ള 70 കിലോമീറ്റർ വരെ സ്ഥലമേറ്റെടുപ്പിനുള്ള സർവേ നടപടികൾ പൂർത്തിയാക്കിയിരുന്നു. ഇവിടെ സ്ഥലമെടുപ്പിന് തടസ്സങ്ങളില്ലെന്ന് കേരളം വ്യക്തമാക്കി. കഴിഞ്ഞ വർഷം പുതുക്കിയ അടങ്കൽ പ്രകാരം 3810 കോടി രൂപയാണ് പദ്ധതിക്ക് ചെലവ്. പദ്ധതിയുടെ പകുതി ചെലവ് വഹിക്കാമെന്ന് കേരളം സമ്മതിച്ചിരുന്നു. കിഫ്ബിവഴി വായ്പയെടുത്ത് കേരളത്തിൻ്റെ വിഹിതം വഹിക്കാമെന്നും ഇത്തരത്തിൽ കിഫ്ബിയിൽനിന്ന് ചെലവഴിക്കുന്ന തുകയെ സംസ്ഥാനത്തിൻ്റെ വായ്പാപരിധിയിൽനിന്ന്‌ ഒഴിവാക്കണമെന്നും കേരളം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ വ്യക്തമായ ഉറപ്പ് കേന്ദ്രത്തിൽനിന്ന്‌ ഉണ്ടായതായി സൂചനയില്ല.

അങ്കമാലി-ശബരി പാതയ്ക്ക് പകരമായി നിർദേശിക്കപ്പെട്ട ചെങ്ങന്നൂർ-പമ്പ പാതയ്ക്ക് ദൈർഘ്യം കുറവാണെങ്കിലും സാമ്പത്തികമായി പ്രായോഗികമാവില്ലെന്നാണ് കേരള നിലപാട്. ചെങ്ങന്നൂർ-പമ്പ പാത നടപ്പാക്കുന്നതിൽ കേരളത്തിന് എതിർപ്പില്ലെങ്കിലും പദ്ധതിച്ചെലവിൽ പങ്കുവഹിക്കാനാവില്ലെന്ന് നിലപാടെടുത്തു. കഴിഞ്ഞ വർഷത്തെ പുതുക്കിയ കണക്കനുസരിച്ച് ചെങ്ങന്നൂർ-പമ്പ പാതയ്ക്ക് കണക്കാക്കുന്നത് 9000 കോടിയാണ്.

Recent Articles

Related Articles

Special

Enable Notifications OK No thanks