Follow the FOURTH PILLAR LIVE channel on WhatsApp
ആലപ്പുഴ: അറിവ് നേടുക എന്നതിനപ്പുറം വിവേകത്തോടെയും വിവേചന ബുദ്ധിയോടെയും ജീവിതം കെട്ടിപ്പടുക്കുക എന്നതാവണം വിദ്യാഭ്യസത്തിൻ്റ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരസ്പര സ്നേഹവും ബഹുമാനവും എല്ലാവർക്കുമുണ്ടാകണം. വിമർശനാത്മക ബുദ്ധിയോടെ എല്ലാത്തിനെയും സമീപിക്കണം. മതനിരപേക്ഷ ചിന്തയും ജനാധിപത്യബോധവും വിദ്യാർഥികളിൽ വളർത്തണം. അതായിരിക്കണം വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാർഥികളുടെ ആശങ്കകളകറ്റി കൗതുകത്തിൻ്റെയും ജിഞ്ജാസയുടേയും അന്തരീക്ഷം രൂപപ്പെടുത്താൻ എല്ലാ സ്കൂളുകളിലും കൂട്ടായ ശ്രമം നടത്തണം. പുതിയ അധ്യയനവർഷത്തിന് ഇന്ന് തുടക്കമാകുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയായിരുന്നു. എന്നാൽ ഇന്ന് കുഞ്ഞുങ്ങളെ നല്ല കാലാവസ്ഥയിലാണ് പ്രകൃതി സ്വാഗതം ചെയ്തത്. ഇത്തവണയും ഉത്സവച്ഛായയിലാണ് നമ്മൾ തുടക്കം കുറിക്കുന്നത്.
എല്ലാ കുഞ്ഞുങ്ങളുടേയും കൈയിൽ അടുത്ത അധ്യയന വർഷത്തിലേക്കുള്ള പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും കഴിഞ്ഞ അധ്യയന വർഷം അവസാനിക്കുന്നതിന് മുമ്പ് തന്നെ എത്തി. ക്ലാസ് മുറികളും മികവിലേക്കുയർന്നു. കുട്ടികൾക്കും അധ്യാപകർക്കും ഇതെല്ലാം ഉത്സവസമാനമായ സന്തോഷം നൽകുന്നുണ്ട്. ഇതിനെല്ലാമപ്പുറം പരസ്പരം സ്നേഹവും കരുതലുമുണ്ടാകണം, അത് വളർത്തിയെടുക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ലോകത്തിൻ്റെ പുരോഗതിക്ക് അടിസ്ഥാനം അറിവാണ്. പുതിയ കാര്യങ്ങൾ അറിയുകയും മനസിലാക്കുകയും ചെയ്യുമ്പോൾ ലഭിക്കുന്ന സന്തോഷം അളവറ്റതാണ്. അറിവ് ആർജിച്ച് ആത്മ വിശ്വാസത്തോടെ മുന്നേറുന്നതിൻ്റെ ആനന്ദമാണ് ആധുനിക കാലത്ത് വിദ്യാഭ്യാസത്തിലൂടെ ലഭിക്കേണ്ടത്. അതിലേക്കാണ് നമ്മുടെ കുരുന്നുകൾ ചുവടുവെയ്ക്കുന്നത്. വിദ്യാലയ ജീവിതം അറിവ് ലഭിക്കുന്നതിലേക്ക് മാത്രം ചുരുങ്ങിയാൽ പോര. അറിവിനപ്പുറം തിരിച്ചറിവുമുണ്ടാകണം. അറിവ് അവനവനിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടതല്ല. നമ്മുടെ സമൂഹത്തിന് ഉതകുന്ന വിധത്തിൽ ആ അറിവിനെ വിനിയോഗിക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


























