Follow the FOURTH PILLAR LIVE channel on WhatsApp
ചെന്നൈ: തമിഴ്‌നാട്ടിലെ അണ്ണാ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയെ ബലാത്സംഗംചെയ്ത കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 90,000 രൂപ പിഴയും. സര്‍വകലാശാലയുടെ സമീപം ബിരിയാണിക്കച്ചവടം നടത്തുന്ന ജ്ഞാനശേഖരന്‍ എന്നയാളാണ് 19കാരിയായ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തത്. പ്രതി ചുരുങ്ങിയത് 30 കൊല്ലം തടവ് അനുഭവിക്കണമെന്ന് ജഡ്ജി എം.രാജലക്ഷ്മി വിധിച്ചു.
കഴിഞ്ഞ ഡിസംബര്‍ 23ന് നടന്ന സംഭവത്തിലാണ് വിധി വന്നിരിക്കുന്നത്. സര്‍വകലാശാലയുടെ കാമ്പസിനുള്ളില്‍ കടന്ന ജ്ഞാനശേഖരന്‍, പെണ്‍കുട്ടിയുടെ സുഹൃത്തിനെ ആദ്യം ആക്രമിക്കുകയും പിന്നീട് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. പെണ്‍കുട്ടിയെ ബ്ലാക്ക്‌മെയില്‍ ചെയ്യണം എന്ന ഉദ്ദേശ്യത്തോടെ ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നു. സംഭവദിവസംതന്നെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ലൈംഗികാതിക്രമം, ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരേ ചുമത്തിയത്. ഇതിലെല്ലാം ജ്ഞാനശേഖരന്‍ കുറ്റക്കാരനാണെന്ന് കേസ് പരിഗണിച്ച മഹിളാ കോടതി കഴിഞ്ഞയാഴ്ച കണ്ടെത്തിയിരുന്നു. പ്രായമായ അമ്മയെയും 8 വയസ്സുകാരിയായ മകളെയും സംരക്ഷിക്കാന്‍ ശിക്ഷയില്‍ ഇളവുനല്‍കണമെന്ന് ജ്ഞാനശേഖരന്‍ അപേക്ഷിച്ചെങ്കിലും കോടതി നൽകിയില്ല.
അറസ്റ്റിന് പിന്നാലെ പൊലീസ് നടത്തിയ ചോദ്യംചെയ്യലില്‍ ചെന്നൈയില്‍ നിരവധി വീടുകളില്‍ മോഷണം നടത്തിയതായും ജ്ഞാനശേഖരന്‍ സമ്മതിച്ചിരുന്നു. നൂറിലധികം പവന്‍ സ്വര്‍ണവും ആഡംബര എസ്.യു.വിയും ഇയാളില്‍നിന്ന് കണ്ടെടുക്കുകയും ചെയ്തു.




























