യു.ഡി.എഫിലെ അതൃപ്തി പ്രകടമാക്കി ലീഗ് എം.എൽ.എ.: അൻവറിൻ്റെ വാതിൽ അടച്ചിട്ടില്ല, കൂടെനിർത്താൻ ലീഗ് ആഗ്രഹിച്ചു

Follow the FOURTH PILLAR LIVE channel on WhatsApp 

മലപ്പുറം: പി.വി.അന്‍വര്‍ വിഷയം കൈകാര്യംചെയ്തതില്‍ യു.ഡി.എഫിനുള്ളിലെ അതൃപ്തി പ്രകടമാക്കി മുസ്ലിം ലീഗ്. അന്‍വറിനെ കൂടെനിര്‍ത്തി മുന്നോട്ടുപോവണമെന്നാണ് ലീഗ് ആഗ്രഹിച്ചിരുന്നതെന്ന് മുതിര്‍ന്ന നേതാവും വള്ളിക്കുന്ന് എം.എൽ.എയുമായ പി.അബ്ദുല്‍ ഹമീദ് പറഞ്ഞു. കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തില്‍, സതീശന്‍ ഇക്കാര്യത്തില്‍ അനാവശ്യ വാശി കാണിച്ചെന്ന് ലീഗ് വിമര്‍ശിച്ചതിനു പിന്നാലെയാണ് എം.എല്‍.എ. കോണ്‍ഗ്രസിനെ പരസ്യമായി തള്ളിപ്പറഞ്ഞത്.

അന്‍വറിൻ്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ യു.ഡി.എഫ്. ഇടപെടണമെന്ന് അബ്ദുല്‍ ഹമീദ് പറഞ്ഞു. നിലമ്പൂരില്‍ ജയിക്കല്‍ ലീഗിൻ്റെ മാത്രം ഉത്തരവാദിത്വമല്ല. യു.ഡി.എഫിൻ്റെ രാഷ്ട്രീയം തന്നെയാണ് അന്‍വറിൻ്റെയും രാഷ്ട്രീയം. അന്‍വറിനെ കൂടെനിര്‍ത്തി മുന്നോട്ടു പോവണമെന്നാണ് ലീഗ് ആഗ്രഹിച്ചിരുന്നത്. അതിനായി ശ്രമിക്കുകയും ചെയ്തു. അന്‍വര്‍ ഇപ്പോഴും ഒരു അടഞ്ഞ അധ്യായമല്ല. നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചാലും പിന്‍വലിക്കാന്‍ സമയമുണ്ട്. യു.ഡി.എഫ്. നേതൃത്വം പുതിയ സാഹചര്യം മനസ്സിലാക്കി അതിന് മുന്‍കൈയെടുക്കുമെന്നും ഹമീദ് പറഞ്ഞു.

ലീഗിന് വര്‍ധിത സ്വാധീനമുള്ള ജില്ലയാണ് മലപ്പുറം. അന്‍വര്‍ രാജികൊടുത്ത ഉടനെതന്നെ ഉപതിരഞ്ഞെടുപ്പിന് തയ്യാറായ പാര്‍ട്ടിയാണ് ലീഗ്. അന്‍വറിനെ കൂടെക്കൂട്ടാന്‍ പാണക്കാട് സയ്യിദ് സാദിഖലി തങ്ങളും പി.കെ.കുഞ്ഞാലിക്കുട്ടിയും വലിയ സമയം ചെലവഴിച്ചിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പിന് കളമൊരുക്കിയതുതന്നെ അന്‍വറാണ്. അന്‍വര്‍ ഇപ്പോഴും പിണറായിക്കെതിരായ യുദ്ധമുഖത്തുണ്ട്. അന്‍വര്‍ ന്യായമായ എന്ത് ആവശ്യമുന്നയിച്ചാലും പരിഗണിക്കുമെന്നും ഹമീദ് അറിയിച്ചു.

പി.വി.അന്‍വറിനെ അനുനയിപ്പിക്കാന്‍ വി.ഡി.സതീശന്‍ ശ്രമിച്ചില്ലെന്നും അനാവശ്യ വാശി ഇക്കാര്യത്തില്‍ അദ്ദേഹം കാണിച്ചെന്നും ആരോപിച്ച് കഴിഞ്ഞദിവസം മുസ്ലിം ലീഗ് രംഗത്തെത്തിയിരുന്നു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ചുമതലയുള്ള മുസ്ലിം ലീഗ് നേതാക്കളുടെ യോഗത്തിലാണ് വിമര്‍ശനം. കോണ്‍ഗ്രസ് നേതൃത്വം വിഷയം വഷളാക്കി. അന്‍വര്‍ മത്സരിച്ചാലും മണ്ഡലത്തില്‍ യു.ഡി.എഫിന് വിജയസാധ്യതയുണ്ടെന്നും യോഗത്തില്‍ വിലയിരുത്തി. അതേസമയം, പോസിറ്റീവായിട്ടുള്ള അഭിപ്രായങ്ങളും ചര്‍ച്ചകളുമാണ് യോഗത്തിലുണ്ടായിട്ടുള്ളതെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

Recent Articles

Related Articles

Special