തനതുവരുമാനം വർധിപ്പിച്ചതിൽ ജീവനക്കാർക്ക് പങ്ക്; ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം കൃത്യസമയത്തുണ്ടാവുമെന്ന് മുഖ്യമന്ത്രി

Follow the FOURTH PILLAR LIVE channel on WhatsApp 

ആലപ്പുഴ: സംസ്ഥാനത്തിൻ്റെ തനതുവരുമാനം വർധിച്ചതിൽ ജീവനക്കാർക്കും സ്‌തുത്യർഹമായ പങ്കുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. എൻജിഒ യൂണിയൻ 62ാം സംസ്ഥാന സമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ആഭ്യന്തര ഉൽപ്പാദനവും നല്ല രീതിയിൽ കൂടി. എന്നാൽ ഇതിന്‌ ഒപ്പം ചേരേണ്ട വിഭവങ്ങൾ ചേർന്നില്ല. അതുംകൂടിയായാൽ കേരളത്തിൽ ഒരു സാമ്പത്തിക പ്രശ്‌നവുമില്ല. എന്നാൽ, കേന്ദ്രസർക്കാർ ഇതിന്‌ തടസം സൃഷ്‌ടിക്കുകയാണ്‌.

കേന്ദ്രം സ്വീകരിക്കുന്ന ഭരണഘടനാവിരുദ്ധ നടപടികൾക്കെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ചു. കേരളത്തിൻ്റെ പരാതിയിൽ കഴമ്പുണ്ടെന്നും അത്‌ ഭരണഘടനാ ബെഞ്ച്‌ പരിഗണിക്കണമെന്നും നിർദേശിച്ചിരിക്കുകയാണ്‌. ക്ഷേമപെൻഷൻ കൊടുക്കാൻ പണമില്ലാതെ കുറച്ച്‌ മാസങ്ങളിൽ കുടിശ്ശികയായി. ഇത്‌ പരിഹരിച്ചുവരുന്നു. തുടർന്ന്‌ മാസംതോറും കൃത്യമായി കൊടുക്കും.

എന്നാൽ, സാമ്പത്തിക പ്രതിസന്ധിയിലും ജീവനക്കാരുടെ ശമ്പളം മുടക്കിയിട്ടില്ല. ജീവനക്കാരുടെ ശമ്പളപരിഷ്‌കരണത്തിൽ കൃത്യസമയത്ത്‌ പ്രഖ്യാപനമുണ്ടാകും. ഒരു അങ്കലാപ്പും വേണ്ട. ക്ഷാമബത്ത രണ്ടുഗഡു കൃത്യമായി നൽകി. മറ്റു ഗഡുക്കൾ കൊടുക്കാൻ നടപടി സ്വീകരിച്ചുവരികയാണ്.

ജീവനക്കാരുടെ കാര്യത്തിൽ എൽ.ഡി.എഫ്‌. സർക്കാരിന്‌ എല്ലാക്കാലത്തും കൃത്യമായ സമീപനമാണ്‌. ശത്രുനിരയിൽ ജീവനക്കാരെ കണ്ട കാലം ഇവിടെ ഉണ്ടായിരുന്നു. ആ കെട്ടകാലത്തിൻ്റെ ഉത്തരവാദി എൽ.ഡി.എഫോ എൽ.ഡി.എഫ്‌. സർക്കാരോ അല്ല. സംസ്ഥാന സർക്കാരിൻ്റെ നയപരിപാടികൾ നടപ്പാക്കാൻ ജീവനക്കാർ നന്നായി സഹകരിച്ചു. അതിൽ നിർണായക പങ്ക്‌ വഹിച്ചെന്ന്‌ അഭിമാനിക്കാൻ എൻ.ജി.ഒ. യൂണിയന്‌ കഴിയും.

2016ൽ എൽ.ഡി.എഫ്‌ .സർക്കാർ അധികാരമേറ്റശേഷം സർക്കാർ ഓഫീസുകളിൽ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ട്‌ ഒഴിവാക്കാൻ ഫയലുകൾ തീർപ്പാക്കാൽയജ്ഞം നടത്തി. ജനങ്ങളുടെ സൗകര്യത്തിന്‌ ഓൺലൈൻ സേവനം ലഭ്യമാക്കി. ഇപ്പോൾ തൊള്ളായിരത്തോളം കാര്യങ്ങൾ ഓഫീസുകളിൽ പോകാതെ നിർവഹിക്കാനാകുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

നാം നവകേരളം സൃഷ്‌ടിക്കുകയാണ്‌. വികസിത രാഷ്‌ട്രങ്ങളിലേതിന്‌ തുല്യമായി ജീവിതനിലവാരം ഉയർത്തുകയാണ്‌ ലക്ഷ്യമിടുന്നത്‌. ഇതിന്‌ ജീവനക്കാർ അടക്കമുള്ള എല്ലാവരും ഒപ്പമുണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

COMMENT

Recent Articles

Related Articles

Special