Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ (74കിലോമീറ്റര്‍) അകലെ അറബിക്കടലില്‍ ചെരിഞ്ഞ ചരക്കുകപ്പല്‍ എം.എസ്.സി എൽസ-3 മുങ്ങുന്നു. കൂടുതല്‍ ചെരിയാതെ കപ്പല്‍ നിവര്‍ത്താനുള്ള ശ്രമം ആരംഭിക്കുന്നതിന് മുന്നെ കപ്പല്‍ കൂടുതല്‍ ചെരിഞ്ഞ് മുങ്ങുകയാണ്. ഞായറാഴ്ച രാവിലെയോടെ കൂടുതല്‍ കണ്ടെയ്‌നറുകള്‍ കടലില്‍ പതിച്ചു. ഇതോടെ കടുത്ത ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
അപകടകരമായ രാസവസ്തുക്കളുണ്ടെങ്കില്‍ കപ്പല്‍ മുങ്ങിയാല്‍ അത് ഒരുപക്ഷേ വലിയ പരിസ്ഥിതി നാശത്തിനും വഴിവെച്ചേക്കാം. സംഭവത്തില്‍ കൂടുതല്‍ പരിസ്ഥിതി നാശം ഒഴിവാക്കുന്നതിനായുള്ള വഴികള്‍ ഇന്ത്യന്‍ നാവികസേനയും ആരംഭിച്ചിരുന്നു. കപ്പലിനെ കെട്ടിവലിക്കാന്‍ സാധിക്കുമോ എന്ന് ഉറപ്പുവരുത്തുന്നതിനായുള്ള വിദഗ്ദ്ധ വിലയിരുത്തലുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കെയാണ് കപ്പല്‍ മുങ്ങാന്‍ തുടങ്ങിയത്.
ഗുരുതര സാഹചര്യം കണക്കിലെടുത്ത് കമ്പനിയുടെ നിര്‍ദ്ദേശപ്രകാരം കപ്പലില്‍ തുടര്‍ന്ന 3 ജീവനക്കാരെയും നാവികസേനയുടെ ഐ.എൻ.എസ്. സുജാത രക്ഷപ്പെടുത്തി. കപ്പലിന് വളരെ അടുത്തായി ഐ.എൻ.എസ്. സുജാത ഇപ്പോഴും നിലയുറപ്പിച്ചിട്ടുണ്ട്. കോസ്റ്റ് ഗാര്‍ഡ് കപ്പലുകളും നാവികസേനാ കപ്പലുകളും പ്രദേശത്ത് നിലയുറപ്പിച്ച് സാഹചര്യം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. മാതൃ കമ്പനിയുടെ മറ്റൊരു കപ്പലും പ്രദേശത്ത് എത്തിയിട്ടുണ്ട്.
ഇന്ധനം ചോര്‍ന്നാല്‍ അത് കടലിലെ ജീവികളെ ബാധിക്കും. കണ്ടെയ്‌നറുകളിൽ രാസവസ്തുക്കളുണ്ടെങ്കിൽ അത് നീക്കുന്നതിനും വിദഗ്ധസംവിധാനങ്ങളുണ്ട്. കപ്പലിൽ നിലവിൽ ഉള്ളതും കടലിൽ ഒഴുകി നടക്കുന്നതുമായ കണ്ടെയ്‌നറുകളിലെ കാർഗോ എന്താണെന്ന് കപ്പൽ കമ്പനിക്കുമാത്രമേ അറിയാനാകൂ. കണ്ടെയ്‌നറുകളിൽ ഓയിൽ കൊണ്ടുപോകുന്നത് അപൂർവമാണ്. ഏത് ഓയിലാണെങ്കിലും കടലിൻ്റെ ആവാസ വ്യവസ്ഥയ്ക്ക് അപകടകരമാണ്. മത്സ്യസമ്പത്തിനടക്കം ഭീഷണിയാണ്.
ആദ്യമായല്ല കേരള തീരത്ത് കപ്പൽ മുങ്ങുന്നത്. കേരളതീരത്ത് ഞാറയ്ക്കലിൽ 2015ൽ കപ്പൽ മുങ്ങിയിട്ടുണ്ട്. അൽബേനിയയുടെ എംവി മറിയ എന്ന കപ്പലായിരുന്നു അന്ന് മുങ്ങിയത്. കപ്പലിൽ ദ്വാരം വീണതിനാൽ വെള്ളം കയറുന്ന അവസ്ഥയിലായിരുന്നു. ഇരുമ്പു കമ്പിയുമായി എത്തിയ കപ്പലായിരുന്നു. എന്നാൽ, കൊച്ചി തുറമുഖത്തേക്ക് അടുപ്പിക്കാൻ അനുമതി നൽകിയില്ല. അറ്റകുറ്റപ്പണി നടത്താൻ കഴിയാതെ കപ്പൽ ചെരിഞ്ഞ് മുങ്ങുകയായിരുന്നു. ചെളിയിൽ പൂണ്ട കപ്പൽ പിന്നീട് ഉയർത്താനും കഴിഞ്ഞില്ല.
Discover more from Fourth Pillar
Subscribe to get the latest posts sent to your email.























