Follow the FOURTH PILLAR LIVE channel on WhatsApp
ചെന്നൈ : തമിഴ്നാട് സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപ്പറേഷനെതിരായ (ടാസ്മാക്) എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷണം തടഞ്ഞ് സുപ്രീംകോടതി. വിഷയത്തിൽ ഇ.ഡിയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. ഇ.ഡി. എല്ലാ പരിധികളും ലംഘിച്ചുവെന്നു പറഞ്ഞ കോടതി, ഇ.ഡി. ഭരണഘടന വ്യവസ്ഥകളെ ലംഘിക്കുകയാണെന്നും നിരീക്ഷിച്ചു.
വൈൻ ഷോപ്പ് ലൈസൻസുകൾ നൽകിയതിൽ അഴിമതി നടന്നുവെന്നും കള്ളപ്പണം വെളുപ്പിച്ചുവെന്നും ആരോപിച്ചാണ് ടാസ്മാക്കിനെതിരെ ഇ.ഡി. അന്വേഷണം ആരംഭിച്ചത്. വ്യക്തികൾക്കെതിരെ മാത്രമല്ല, കോർപറേഷനുകൾക്കെതിരെയും കേസെടുക്കുകയാണോ ഇ.ഡി. എന്നും സുപ്രീംകോടതി ചോദിച്ചു. വിഷയത്തിൽ ഇ.ഡിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
തമിഴ്നാട് സർക്കാർ ഫയൽ ചെയ്ത ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. വിഷയത്തിൽ സംസ്ഥാന സർക്കാരും പൊലീസും അന്വേഷണം നടത്തുന്നതിന് പിന്നാലെ എന്തിനാണ് ഇ.ഡി. കോർപറേഷനെതിരെ കേസെടുത്ത് മുന്നോട്ട് വന്നതെന്നും കോർപറേഷനുകൾക്കെതിരെ ഇ.ഡിക്ക് എങ്ങനെ കേസെടുക്കാൻ സാധിക്കുമെന്നും ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. ഭരണഘടനയെയടക്കം ലംഘിച്ച് നടത്തുന്ന ഈ പ്രവർത്തനങ്ങളിൽ ഇ.ഡി. മറുപടി പറയണമെന്നും സുപ്രീംകോടതി പറഞ്ഞു. ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ് ഇ.ഡിയുടേതെന്നും കോടതി നിരീക്ഷിച്ചു.
2014 മുതൽ മദ്യശാലകളുടെ ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട കേസുകളിൽ സംസ്ഥാനം തന്നെ 40ലധികം എഫ്.ഐ.ആറുകൾ ഫയൽ ചെയ്തിട്ടുണ്ടെന്നും ഇപ്പോൾ ഇ.ഡി. ആവശ്യമില്ലാതെ ടാസ്മാക്കിൽ റെയ്ഡ് നടത്തുകയാണെന്നും മുതിർന്ന അഭിഭാഷകരായ കപിൽ സിബലും അമിത് നന്ദ് തിവാരിയും വാദിച്ചു. കോർപറേഷനെതിരെ കേസെടുത്തത് കുറ്റകരമാണെന്നും കോടതി വ്യക്തമാക്കി.



























