Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡല്‍ഹി: സംസ്ഥാനത്ത് ദേശീയ പാത തകര്‍ന്ന സംഭവങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തി കരാറുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കിയതായി ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. കനത്ത മഴയ്ക്ക് പിന്നാലെ മലപ്പുറം കൂരിയാട് പാത തകരുകയും മറ്റു പലയിടങ്ങളിലും വിള്ളല്‍വീഴുകയുമുണ്ടായിരുന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇ.ടി.മുഹമ്മദ് ബഷീര്‍ ഗഡ്കരിയെ സന്ദര്‍ശിച്ചത്.
‘ദേശീയപാത 66 ല്‍ കൂരിയാട് ഭാഗത്ത് ഉണ്ടായ തകര്‍ച്ച സംബന്ധിച്ച് ഇന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയെ നേരില്‍ കണ്ട് അപകടത്തിൻ്റെ ഗൗരവം ചൂണ്ടിക്കാട്ടി കത്ത് നല്‍കി. നിര്‍മ്മാണം നടക്കുന്ന ഈ ഭാഗത്ത് ഉണ്ടായ അപകടത്തില്‍ നിന്ന് യാത്രക്കാര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. നിര്‍മ്മാണത്തിലെ ഗൗരവമായ പിഴവുകള്‍ കൊണ്ടാണ് റോഡ് തകര്‍ന്നതെന്നാണ് മനസ്സിലാക്കുന്നതെന്ന് മന്ത്രിയോട് പറഞ്ഞു’ -ഗഡ്കരിയെ കണ്ടതിന് പിന്നാലെ ഇ.ടി. ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
‘ഇത്തരത്തില്‍ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ദേശീയപാത അതോറിറ്റി അതിനെ ഗൗരവത്തോടെ കാണുന്നില്ല.ദേശീയ പാത 66ൻ്റെ നിര്‍മ്മാണത്തെ കുറിച്ച് ക്രമക്കേടും അപാകതയും ഉണ്ടായെന്ന പരാതിയെക്കുറിച്ചും അന്വേഷിക്കാന്‍ വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടു. കാസറഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള പാതയില്‍ ഇത്തരത്തിലുള്ള അപകടങ്ങള്‍ പതിവായിരിക്കുകയാണെന്നും ഇത് സംസ്ഥാനമാകെയുള്ള പ്രശ്‌നമാണെന്നും വ്യക്തമാക്കി.കേരളത്തിൻ്റെ ഭൂപ്രകൃതിയും കാലാവസ്ഥയും പരിഗണിച്ചുള്ള നിര്‍മ്മാണം ആവശ്യമാണെന്നും, മണ്‍സൂണ്‍ കാലത്ത് വിള്ളലുകളും തകരാറുകളും പതിവാകുന്നതായും ചൂണ്ടിക്കാട്ടി.അന്വേഷണം നടത്തി കരാറുകാര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നല്‍കി’ ഇ.ടി.മുഹമ്മദ് ബഷീര്‍ കൂട്ടിച്ചേര്‍ത്തു.























