Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: കേണൽ സോഫിയ ഖുറേഷിക്കെതിരെ മധ്യപ്രദേശിലെ ബി.ജെ.പി. മന്ത്രി കുൻവർ വിജയ് ഷാ അധിക്ഷേപ പരാമർശം നടത്തിയതിൽ സുപ്രീം കോടതിയുടെ ഇടപെടൽ. സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കാൻ മദ്ധ്യപ്രദേശ് ഡി.ജി.പിക്ക് സുപ്രീം കോടതി നിർദേശം നൽകി.
വനിതാ ഉദ്യോഗസ്ഥ ഉൾപ്പെടെ 3 ഐ.പി.എസ് ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിലുണ്ടാവണം. ഐ.ജി. റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് സംഘത്തെ നയിക്കേണ്ടത്. മെയ് 28ന് മുമ്പ് പ്രാഥമികാന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി പറഞ്ഞു.
വിദ്വേഷപരാമർശത്തിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ വിജയ് ഷാ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. വിദ്വേഷ പരാമർശത്തിൽ ബി.ജെ.പി. മന്ത്രിയെ സൂപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. മന്ത്രിയുടെ ഖേദപ്രകടനം സ്വീകാര്യമല്ലെന്നും പൊതുപ്രവർത്തകനും പരിചയസമ്പന്നനായ രാഷ്ട്രീയക്കാരനുമായ മന്ത്രി വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും കോടതി വ്യക്തമാക്കി. അതേസമയം, കേസിൽ മന്ത്രിയുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു.
ഭീകരരുടെ സഹോദരിയെന്നാണ് സോഫിയ ഖുറേഷിയെ പൊതുപരിപാടിയിൽ വിജയ് ഷാ വിശേഷിപ്പിച്ചത്. നമ്മുടെ പെൺമക്കളെ വിധവകളാക്കിയ ഭീകരരെ പാഠം പഠിപ്പിക്കാനായി അവരുടെ സഹോദരിയെ തന്നെ അയച്ചുവെന്നാണ് മന്ത്രി പറഞ്ഞത്. ഈ പരാമർശം വിവാദമായതോടെ മന്ത്രി വിജയ് ഷാ മാപ്പ് പറയുകയും ചെയ്‌തിരുന്നു. പിന്നാലെ വിജയ് ഷായ്‌ക്കെതിരെ കേസെടുക്കാൻ മദ്ധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടു. ഇതിനെതിരെയാണ് ഷാ സുപ്രീം കോടതിയിലെത്തിയത്.






























