Follow the FOURTH PILLAR LIVE channel on WhatsApp
ഭോപാല്‍: കേണല്‍ സോഫിയ ഖുറേഷിക്കെതിരേ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ ബി.ജെ.പി. മന്ത്രി കുൻവർ വിജയ് ഷാക്കെതിരേ കേസെടുക്കാന്‍ ഉത്തരവിട്ട് മധ്യപ്രദേശ് ഹൈക്കോടതി. മന്ത്രി വിജയ് ഷാക്കെതിരേ കേസെടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവിയോടാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.
കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശിലെ മന്ത്രി വിജയ് ഷാ കേണല്‍ ഖുറേഷിക്കെതിരേ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയത്. സോഫിയ ഖുറേഷിയെ ഭീകരരുടെ സഹോദരിയെന്ന വിധത്തിൽ പരാമര്‍ശിച്ചാണ് മന്ത്രി പൊതുപരിപാടിക്കിടെ അധിക്ഷേപിച്ചത്. നമ്മുടെ പെണ്മക്കളെ വിധവകളാക്കിയവരെ പാഠം പഠിപ്പിക്കാനായി അവരുടെ തന്നെ സഹോദരിയെ നമ്മള്‍ അയച്ചു എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. ഈ പരാമര്‍ശം വിവാദമായതോടെ മന്ത്രി വിജയ് ഷാ മാപ്പ് പറയുകയുംചെയ്തിരുന്നു.
ഓപ്പറേഷന്‍ സിന്ദൂറിൻ്റെ ഭാഗമായി പ്രതിരോധ-വിദേശകാര്യ മന്ത്രാലയം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലൂടെയാണ് കേണല്‍ ഖുറേഷി ശ്രദ്ധിക്കപ്പെടുന്നത്. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാനായി വനിതാ ഉദ്യോഗസ്ഥരായ കേണല്‍ ഖുറേഷിയെയും വിങ് കമാന്‍ഡര്‍ വ്യോമികാ സിങ്ങിനെയുമാണ് ചുമതലപ്പെടുത്തിയിരുന്നത്.



























