ഹൈക്കമാൻഡുമായി ചർച്ച: പുതിയ നേതൃത്വത്തെ ഡൽഹിക്ക് വിളിപ്പിച്ചു

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: പുതുതായി നിയമിതരായ കോണ്‍ഗ്രസ് സംസ്ഥാനനേതൃത്വത്തെ ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുമായി പുതിയ ടീം ചര്‍ച്ചനടത്തും. കെ.പി.സി.സി. പ്രസിഡൻ്റ് സണ്ണി ജോസഫ്, വര്‍ക്കിങ് പ്രസിഡൻ്റുമാരായ പി.സി.വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, എ.പി.അനില്‍കുമാര്‍, യു.ഡി.എഫ്. കണ്‍വീനര്‍ അടൂര്‍ പ്രകാശ്, കെ.പി.സി.സി. മുന്‍ പ്രസിഡൻ്റുമാര്‍, കേരളത്തില്‍നിന്നുള്ള വര്‍ക്കിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്കാണ് ക്ഷണം.

വ്യക്തികേന്ദ്രീകൃത നേതൃത്വം എന്നതിനെക്കാളുപരി ഒരു ടീം എന്നനിലയിലാണ് ഹൈക്കമാന്‍ഡ് പുതിയ നേതൃസംവിധാനം വിഭാവനംചെയ്തിരിക്കുന്നത്. ഇതിൻ്റെ തുടര്‍ച്ചയായി കെ.പി.സി.സി. വൈസ് പ്രസിഡൻ്റ്, ജനറല്‍ സെക്രട്ടറി തലങ്ങളിലും മാറ്റംവരും. മുഴുവന്‍ ഭാരവാഹികളെയും മാറ്റുമോ അതോ കുറച്ചുപേരെ മാത്രം മാറ്റി ഭാഗികപുനഃസംഘടനയാണോയെന്ന കാര്യത്തില്‍ വ്യക്തതവന്നിട്ടില്ല. വര്‍ക്കിങ് പ്രസിഡൻ്റായി ഒരു വര്‍ഷം തികയുംമുന്‍പ് ടി.എന്‍.പ്രതാപനെ മാറ്റിയ സ്ഥിതിക്ക് സമ്പൂര്‍ണ പുനഃസംഘടനയാകും ഉദ്ദേശിക്കുകയെന്ന് കരുതുന്നു.

നിലവില്‍ 32 ജനറല്‍ സെക്രട്ടറിമാരും 4 വൈസ് പ്രസിഡൻ്റുമാരും കെ.പി.സി.സിക്കുണ്ട്. തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട് കൂടുതല്‍ ഭാരവാഹികളെ നിയമിക്കാനും സാധ്യതയുണ്ട്. ട്രഷറർ സ്ഥാനവും ഒഴിഞ്ഞുകിടക്കുകയാണ്. പുനഃസംഘടനയ്ക്കുള്ള ഒരു പ്രാഥമിക പദ്ധതി സംസ്ഥാനനേതൃത്വത്തിൻ്റെ മനസ്സിലുണ്ട്. അതിന് എ.ഐ.സി.സിയുടെ അംഗീകാരംവാങ്ങി മുന്നോട്ടുനീങ്ങാനാണ് സാധ്യത. ഡി.സി.സി. പ്രസിഡൻ്റുമാരിലും ഉടനടി മാറ്റത്തിനാണ് സാധ്യത. ഇവരുടെ പ്രവര്‍ത്തനം സംബന്ധിച്ച റിപ്പോര്‍ട്ട് എ.ഐ.സി.സിയുടെ മേശപ്പുറത്തുണ്ട്.

COMMENT

Recent Articles

Related Articles

Special