Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: വിജയ് സേതുപതി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം എയ്സ് മെയ് 23ന് പ്രദർശനത്തിനെത്തും. ചിത്രത്തിൻ്റെ കേരളത്തിലെ വിതരണാവകാശം എസ്.എം.കെ. റിലീസ് നേടി. അറുമുഗകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോൾഡ് കണ്ണൻ എന്ന കഥാപാത്രമയാണ് വിജയ് സേതുപതി എത്തുന്നത്.
പൂർണ്ണമായും മലേഷ്യയിൽ ചിത്രീകരിച്ച എയ്‌സിൽ വിജയ് സേതുപതി അവതരിപ്പിക്കുന്ന ബോൾഡ് കണ്ണൻ എന്ന കഥാപാത്രത്തിൻ്റെ ആഴത്തെ കുറിച്ചും സാധ്യതകളെ കുറിച്ചും ആരാധകരിൽ ആവേശം സൃഷ്ടിക്കുന്ന ഒരു ഗ്ലിംമ്പ്സ് വീഡിയോ താരത്തിൻ്റെ ജന്മദിനത്തിൽ പുറത്ത് വന്നിരുന്നു.
വലിയ ബജറ്റിൽ ഒരുക്കിയ ചിത്രം പൂർണ്ണമായും ഒരു മാസ് കൊമേഴ്സ്യൽ എൻ്റർടൈനർ ആയാണ് എത്തുന്നത്. വിജയ് സേതുപതി ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ചിത്രം വലിയ ആക്ഷനും കഥപറച്ചിലുമായി ഒരു ദൃശ്യ വിരുന്നായിരിക്കും.
രുക്മിണി വസന്ത്, യോഗി ബാബു, ബി.എസ്.അവിനാശ്, ദിവ്യ പിള്ള, ബബ്ലു, രാജ്കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 7സിഎസ് എൻ്റര്‍ടെയ്ന്‍മെൻ്റിൻ്റെ ബാനറില്‍ അറുമുഗകുമാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം: കരണ്‍ ഭഗത് റൗട്, സംഗീതം: ജസ്റ്റിന്‍ പ്രഭാകരന്‍, എഡിറ്റര്‍: ഫെന്നി ഒലിവര്‍, കലാസംവിധാനം: എ കെ മുത്തു. പി.ആർ.ഒ.:അരുൺ പൂക്കാടൻ.
വിശ്വരൂപം, ആരംഭം, ഒ.കെ. കണ്മണി, മാവീരൻ, ഉത്തമവില്ലൻ, തൂങ്കാവനം, പ്രിൻസ്, സിങ്കം 2, വീരം തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ കേരളത്തിലെത്തിച്ചത് എസ്.എം.കെ റിലീസാണ്.