Follow the FOURTH PILLAR LIVE channel on WhatsApp
ഇസ്ലാമാബാദ്: പടിഞ്ഞാറന്‍ പാകിസ്താനിലെ ബലൂചിസ്ഥാനില്‍ സൈനികവാഹനം പൊട്ടിത്തെറിച്ച് 10 പാക് സൈനികര്‍ കൊല്ലപ്പെട്ടു. ബലൂചിസ്ഥാനിലെ ക്വറ്റയില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള മാര്‍ഗത് ചൗക്കിയില്‍ വെള്ളിയാഴ്ചയാണ് സ്‌ഫോടനം നടന്നത്. റിമോട്ട് കൺട്രോൾ ഐ.ഇ.ഡി. ഉപയോഗിച്ചുള്ള ആക്രമണമാണ് സ്ഫോടനത്തിൽ കലാശിച്ചത്.
ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ബലൂച് ലിബറേഷന്‍ ആര്‍മി(ബി.എൽ.എ.) ഏറ്റെടുത്തു. സ്ഫോടനത്തിന്‍റെ ദൃശ്യങ്ങള്‍ ബി.എൽ.എ. അവരുടെ വെബ്സൈറ്റിലൂടെ പുറത്തുവിടുകയും ചെയ്തു. പാകിസ്താൻ സൈന്യത്തിനെതിരായ തങ്ങളുടെ പ്രവർത്തനങ്ങൾ തീവ്രമായി തുടരുമെന്ന് ബി.എൽ.എ. പറഞ്ഞു. സുബേദാർ ഷെഹ്‌സാദ് അമീൻ, നായിബ് സുബേദാർ അബ്ബാസ് തുടങ്ങിയവർ കൊല്ലപ്പെട്ട സൈനികരിൽ ഉൾപ്പെട്ടിട്ടുണ്ട്.
ക്വറ്റയുടെ പ്രാന്തപ്രദേശമായ മാർഗറ്റിൽ റിമോട്ട് കൺട്രോൾ ഐ.ഇ.ഡി. ആക്രമണത്തിലൂടെ ബലൂച് ലിബറേഷൻ ആർമി സ്വാതന്ത്ര്യ സമര സേനാനികൾ പാകിസ്താൻ സൈന്യത്തിൻ്റെ ഒരു വാഹനവ്യൂഹത്തെ ലക്ഷ്യം വച്ചു. ഈ ഓപറേഷനിൽ, ഒരു ശത്രു വാഹനം പൂർണമായും നശിപ്പിക്കപ്പെടുകയും വാഹനത്തിലുണ്ടായിരുന്ന 10 സൈനികരെ ഇല്ലാതാക്കുകയും ചെയ്തു. ഈ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ബലൂച് ലിബറേഷൻ ആർമി ഏറ്റെടുക്കുകയും അധിനിവേശ ശത്രു സൈന്യത്തിനെതിരായ ഞങ്ങളുടെ പ്രവർത്തനങ്ങൾ തീവ്രമായി തുടരുമെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു – ബി.എൽ.എ. പ്രസ്താവനയിൽ പറഞ്ഞു.