29 C
Trivandrum
Tuesday, May 13, 2025

ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു

Follow the FOURTH PILLAR LIVE channel on WhatsApp 

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ (88) കാലംചെയ്തു. ഫെബ്രുവരി 14 മുതല്‍ അദ്ദേഹം വത്തിക്കാനിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മാർപ്പാപ്പയുടെ 2 ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചതായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ 2 വര്‍ഷത്തോളമായി പോപ്പ് ഫ്രാന്‍സിസിൻ്റെ ആരോഗ്യനില മോശമായിരുന്നു. ചെറുപ്രായത്തില്‍ തന്നെ അദ്ദേഹത്തിന് പ്ലുറസി (ശ്വാസകോശത്തിൻ്റെ ആവരണത്തെ ബാധിക്കുന്ന അസുഖം) ബാധിച്ചതിനെ തുടര്‍ന്ന് ശ്വാസകോശത്തിൻ്റെ ഒരു ഭാഗം നീക്കം ചെയ്തിട്ടുണ്ട്. പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 7.35നാണ് (ഇന്ത്യൻ സമയം രാവിലെ 11.05) അന്ത്യം സംഭവിച്ചതെന്ന് വത്തിക്കാൻ അറിയിച്ചു.

ബെനഡിക്ട് 16ാമൻ മാർപാപ്പയുടെ അപ്രതീക്ഷിത രാജിപ്രഖ്യാപനത്തെത്തുടർന്നാണ്, അർജൻ്റീനയിലെ ബ്യൂണസ് ഐറിസ് ആർച്ച് ബിഷപ്പായിരുന്ന കർദിനാൾ ജോർജ് മാരിയോ ബർഗോളിയോ 2013 മാർച്ച് 13ന് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. ആഡംബരങ്ങളും സമ്പത്തുമെല്ലാം ഉപേക്ഷിച്ച് വിശപ്പിലും ദാരിദ്ര്യത്തിലും ജീവിതപ്രകാശം കണ്ടെത്തിയ അസീസ്സിയിലെ ഫ്രാൻസിസിൻ്റെ പേരാണ് അദ്ദേഹം സ്വീകരിച്ചത്. കത്തോലിക്കാ സഭയുടെ 266ാമത്തെ മാർപാപ്പയും ഫ്രാൻസിസ് എന്ന പേരു സ്വീകരിച്ച ആദ്യ മാർപാപ്പയുമാണ് അദ്ദേഹം. ഈശോസഭയിൽ (ജെസ്യൂട്ട്) നിന്നും ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നുമുള്ള ആദ്യത്തെ മാർപാപ്പയുമായിരുന്നു. 731–741 കാലഘട്ടത്തിലെ, സിറിയയിൽ നിന്നുള്ള ഗ്രിഗറി മൂന്നാമനു ശേഷം യൂറോപ്പിനു പുറത്തുനിന്നുളള മാർപാപ്പയും അദ്ദേഹമാണ്.

1936 ഡിസംബർ 17ൽ അർജൻ്റീനയിൽ ബ്യൂണസ് ഐറിസിൽ ജനിച്ച ജോർജ് മാരിയോ ബർഗോളിയോയുടെ പിതാവ് ഇറ്റലിക്കാരനായിരുന്നു. മുസോളിനിയുടെ ഭരണകൂടത്തെ ഭയന്ന് അർജൻ്റീനയിലേക്കു കുടിയേറിയതായിരുന്നു അദ്ദേഹം. അവിടെ റെയിൽവെ ജീവനക്കാരനായി. അദ്ദേഹത്തിൻ്റെ 5 മക്കളിൽ ഒരാളാണ് ജോർജ് മാരിയോ. രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ജോർജ് മാരിയോ ബർഗോളിയോ 1969 ഡിസംബർ 13ന് ജെസ്യൂട്ട് വൈദികനായി. 1973 മുതൽ 1979 വരെ അർജൻ്റീനൻ സഭയുടെ പ്രൊവീൻഷ്യാളായിരുന്നു. 1980ൽ സാൻ മിഗ്വൽ സെമിനാരി റെക്‌ടറായി. 1992ൽ ബ്യൂണസ് ഐറിസിൻ്റെ സഹായമെത്രാനായി. 1998ൽ ബ്യൂണസ് ഐറിസ് ആർച്ച് ബിഷപ്പായി. ബിഷപ്പായിരിക്കെ ആഡംബരപൂർണമായ വസതി ഉപേക്ഷിച്ച് ചെറിയ വീട്ടിലായിരുന്നു താമസം, സ്വന്തമായി ഭക്ഷണം പാകം ചെയ്‌തു. ഔദ്യോഗിക വാഹനം ഉപയോഗിക്കാതെ പൊതുഗതാഗത സംവിധാനത്തിലായിരുന്നു യാത്ര.

2001ൽ കർദിനാളായി. വത്തിക്കാൻ ഭരണകൂടമായ റോമൻ കൂരിയായയുടെ വിവിധ ഭരണ പദവികളിൽ സേവനമനുഷ്‌ഠിച്ചു. 2005ൽ അർജൻ്റീനയിലെ എപ്പിസ്‌കോപ്പൽ കോൺഫറൻസിൻ്റെ അധ്യക്ഷനായി. 3 വർഷത്തിനു ശേഷം ഇതേ പദവിയിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിൻ്റെ നേതൃപാടവത്തിനുള്ള അംഗീകാരമായിരുന്നു അത്. 2013ൽ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. അപ്പോഴും ലളിതജീവിതം പിന്തുടർന്ന അദ്ദേഹം വത്തിക്കാൻ പാലസ് ഉപേക്ഷിച്ച് അതിഥിമന്ദിരത്തിലായിരുന്നു താമസം.

സഭയ്ക്കുള്ളിലും പുറത്തും നവീകരണത്തിൻ്റെ വക്താവായിരുന്നു ഫ്രാൻസിസ് മാർപാപ്പ. ഭീകരതയും അഭയാർഥി പ്രശ്നവും മുതൽ ആഗോളതാപനം വരെയുള്ള കാര്യങ്ങളിൽ അദ്ദേഹത്തിൻ്റെ നിലപാടുകൾക്ക് ലോകം കാതോർത്തിരുന്നു. ലോകരാഷ്ട്രീയത്തിൽ അദ്ദേഹം നിർണായകമായ ഇടപെടലുകൾ നടത്തി. ക്യൂബയും അമേരിക്കയും തമ്മിലുള്ള ശീതയുദ്ധത്തിന് അയവുവരുത്തുന്നതിൽ പങ്കുവഹിച്ചു. അഭയാർഥികളോടു മുഖം തിരിക്കാനുള്ള യൂറോപ്പിൻ്റെ പ്രവണതയെ രൂക്ഷമായി വിമർശിച്ചു. ബാലപീഡനത്തിനെതിരെ അതിശക്തമായ നിലപാടെടുത്തു. ബാലപീഡനം, ലൈംഗിക കുറ്റകൃത്യങ്ങൾ എന്നിവയിൽ ഉൾപ്പെട്ട വൈദികർക്കും മെത്രാന്മാർക്കുമെതിരെ അച്ചടക്ക നടപടിയെടുത്തു. സഭാഭരണത്തിൽ വനിതകൾക്കു പ്രാതിനിധ്യം നൽകുന്നതിലും ഭിന്നലൈംഗികവിഭാഗങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കുന്നതിനും മുൻകൈയെടുത്തു. വധശിക്ഷ ഒഴിവാക്കണമെന്ന് ആഹ്വാനം ചെയ്തു.

ഫ്രാന്‍സിസ് മാര്‍പാപ്പ മരണത്തിലും ലാളിത്യം ആഗ്രഹിച്ചിരുന്നു. സൈപ്രസ്, ഓക്ക്, വാക മരത്തടികള്‍ കൊണ്ടു നിര്‍മ്മിച്ച 3 പെട്ടികള്‍ക്കുള്ളിലായി മാര്‍പാപ്പമാരെ അടക്കം ചെയ്യുന്ന ആചാരത്തിനു പകരം തനിക്ക് സാധാരണ തടിപ്പെട്ടി മതിയെന്ന് അദ്ദേഹം നേരത്തെ തന്നെ നിര്‍ദ്ദേശിച്ചിരുന്നു. ദീര്‍ഘമായ പൊതുദര്‍ശനം, നീണ്ട അന്ത്യോപചാര ചടങ്ങുകള്‍ ഇവയൊന്നും വേണ്ടെന്നും നിര്‍ദ്ദേശത്തിലുണ്ട്. മുന്‍ മാര്‍പാപ്പമാരെ അടക്കം ചെയ്യുന്ന സെൻ്റ് പീറ്റേഴ്സ് ബസലിക്കയ്ക്കു പകരം റോമിലെ സെൻ്റ് മേരി മേജര്‍ പള്ളിയില്‍ അടക്കിയാല്‍ മതിയെന്നും അദ്ദേഹം നേരത്തെ നിർദ്ദേശിച്ചിട്ടുണ്ട്.

Recent Articles

Related Articles

Special

Enable Notifications OK No thanks