മന്ത്രിസഭാ വാർഷികം തുടങ്ങി; കേന്ദ്രത്തിന് നശീകരണവികാരമെന്ന് മുഖ്യമന്ത്രി

Follow the FOURTH PILLAR LIVE channel on WhatsApp 

കാസറഗോഡ്: സർക്കാരിൻ്റെ നാലാം വാർഷികാഘോഷത്തിൻ്റെ ഉദ്ഘാടനത്തിൽ കേന്ദ്ര സർക്കാരിനെയും പ്രതിപക്ഷത്തെയും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 2016ൽ, തകർന്നടിഞ്ഞു കിടന്ന ഒരു നാടിൻ്റെ ഭരണസാരഥ്യമാണ് ജനങ്ങൾ എൽ.ഡി.എഫിനെ ഏൽപിച്ചതെന്നും മറ്റു പ്രദേശങ്ങളിൽ നടക്കുന്ന വികസനം ഞങ്ങൾക്കും വേണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ ഏല്പിച്ച ദൗത്യം നിറവേറ്റാൻ ഒട്ടേറെ പ്രതിസന്ധികളാണ് നേരിടേണ്ടിവന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിസന്ധി ഘട്ടത്തിൽ സർക്കാരിനൊപ്പം നിന്ന് അതിജീവനത്തിന് കരുത്തുപകരേണ്ട പ്രതിപക്ഷം കേന്ദ്ര സർക്കാരിനൊപ്പമാണ് നിൽക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി. ഇടതുപക്ഷ വിരോധവും എൽ.ഡി.എഫ്. വിരോധവും വച്ചുകൊണ്ട് മാധ്യമങ്ങളും ഇത്തരത്തിൽ നിലപാടെടുക്കുകയാണെന്നും അതു വിമർശനാത്മകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രകൃതി ദുരന്തങ്ങൾ, മാരകമായ പകർച്ചവ്യാധികൾ തുടങ്ങിയ പ്രതിസന്ധികൾ നാടിനെ കൂടുതൽ തകർച്ചയിലേക്ക് നയിക്കുംവിധമുള്ളതായിരുന്നു. എന്നാൽ നമുക്ക് തകരാൻ പറ്റുമായിരുന്നില്ല. ഇതിനെയെല്ലാം അതിജീവിച്ചേ മതിയാകുമായിരുന്നുള്ളൂ. നിപയും ഓഖിയും 2018ലെ നൂറ്റാണ്ടിലെ മഹാപ്രളയവും തൊട്ടുപിന്നാലെ അതിരൂക്ഷ കാലവർഷക്കെടുതിയുടേയെല്ലാം ആഘാതത്തിൽനിന്ന് മോചിതമാകുംമുമ്പ് ലോകത്തെ ആകെ വിറങ്ങലിപ്പിച്ച കോവിഡിൻ്റെ ആക്രമണവും. ഇത്തരത്തിലുള്ള ഒട്ടേറെ പ്രതിസന്ധികൾ നേരിടേണ്ടി വന്നു.

അത്തരം പ്രതിസന്ധികൾ ഒരു നാടിനുണ്ടായാൽ, ഒരു സംസ്ഥാനത്തിനുണ്ടായാൽ, ആ സംസ്ഥാനത്തിൻ്റെ കൂടെ ചേർന്ന് നിന്നുകൊണ്ട് അതിൽനിന്ന് അതിജീവനം നേടാൻ സഹായിക്കാൻ ബാധ്യതയുള്ള സർക്കാരാണ് കേന്ദ്രസർക്കാർ. നിർഭാഗ്യകരമെന്ന് പറയട്ടെ, ഒരു ഘട്ടത്തിലും ആവശ്യമായ സഹായങ്ങൾ ലഭിച്ചില്ല. പ്രതിസന്ധി ഘട്ടത്തിൽ കേന്ദ്രം തീർത്തും നിഷേധാത്മക നിലപാട് സ്വീകരിച്ചു. ലഭിക്കുന്ന സഹായം തന്നെ തടയുന്ന നിലയുണ്ടായി. മറ്റുള്ളവർ നൽകുന്നത് പോലും തങ്ങളുടെ അധികാരം ഉപയോഗിച്ച് തടയുന്ന സ്ഥിതി. തകരട്ടെ, കൂടുതൽ തകരട്ടെ… ഈ ഒരു നശീകരണ വികാരമായിരുന്നു കേന്ദ്ര സർക്കാരിനെ നയിച്ചത്. ഏറ്റവും ഒടുവിൽ മുണ്ടക്കൈ- ചൂരൽ മല ദുരന്തത്തിൻ്റെ കാര്യമടക്കം ഇത്തരത്തിലായിരുന്നു. സഹായം നിഷേധിച്ചിട്ടും, നമുക്ക് നമ്മുടെ നാട് പ്രിയപ്പെട്ടതായതു കൊണ്ടു തന്നെ ജനങ്ങളാകെ സർക്കാരിനൊപ്പം നിൽക്കുന്ന നിലപാടെടുത്തു. ലോകമാകെ ആശ്ചര്യപ്പെടുന്ന കാഴ്ചയാണ് പിന്നീടുണ്ടായത് -മുഖ്യമന്ത്രി പറഞ്ഞു.

എൽ.ഡി.എഫ്. സർക്കാരിൻ്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. കേരളത്തിൽ നടക്കില്ലെന്ന് കരുതിയ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു. കേരളത്തിൽ പണ്ടു കണ്ട റോഡുകളല്ല ഇന്നുള്ളത്. 2016ൽ എൽ.ഡി.എഫ്. അധികാരത്തിൽ വരികയും 2021ൽ അതിനു തുടർച്ച ഉണ്ടാവുകയും ചെയ്തില്ലായിരുന്നെങ്കിൽ ഇത് ഉണ്ടാവുമായിരുന്നോ? ഞങ്ങൾ അധികാരത്തിലെത്തുമ്പോൾ ക്ഷേമപെൻഷൻ 18 മാസം കുടിശികയായിരുന്നു. ഇപ്പോൾ 1600 രൂപ വീതം 60 ലക്ഷം പേർക്ക് കൊടുക്കുന്നില്ലേ, എല്ലാ മേഖലയും മാറിയില്ലേ? കിടപ്പാടം സ്വപ്നം കണ്ട ആളുകൾക്ക് ലൈഫ് മിഷനിലൂടെ നാലര ലക്ഷം വീടുകൾ കൊടുത്തുകഴിഞ്ഞു. ഗെയിൽ പൈപ്പ് ലൈൻ, ഇടമൺ കൊച്ചി ഹൈവേ, മലയോര ഹൈവേ, തീരദേശ ഹൈവേ അങ്ങനെ എന്തെല്ലാം പദ്ധതികൾ യാഥാർഥ്യമായി? -മുഖ്യമന്ത്രി ചോദിച്ചു.

മന്ത്രിമാരായ കെ.രാജൻ, കെ.എൻ.ബാലഗോപാൽ, കെ.കൃഷ്ണൻകുട്ടി, എ.കെ.ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, വി.അബ്ദുറഹിമാൻ, എം.എൽ.എ.മാരായ ഇ.ചന്ദ്രശേഖരൻ , സി.എച്ച്.കുഞ്ഞമ്പു, എം.രാജഗോപാലൻ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ തുടങ്ങിയവർ ച‌‌ടങ്ങിൽ പങ്കെടുത്തു. ഒരുമാസം നീണ്ടുനിൽക്കുന്ന വാർഷികാഘോഷ പരിപാടികൾക്കാണ് കാസറഗോഡ് തുടക്കമായത്. എല്ലാ ജില്ലകളിലും പരിപാടികൾ സംഘടിപ്പിക്കും. തിരുവനന്തപുരത്താണ് സമാപനം.

COMMENT

Recent Articles

Related Articles

Special