Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: പൂർണമായും മെഡിക്കൽ ഫാമിലി ജോണറിൽ നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന ആസാദി എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. മെയ് 9ന് മലയാളത്തിലും തമിഴിലുമായി ചിത്രം പ്രദർശനത്തിനെത്തും. റിലീസിനു മുന്നോടിയായി ആസാദി ഒഫീഷ്യൽ പോസ്റ്റർ പുറത്തുവിട്ടു. ഒരു രാത്രി, ഒരു ജനനം, ഒരു ദൗത്യം എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റർ. ചിത്രത്തിൻ്റെ ത്രില്ലർ സ്വഭാവം വെളിവാക്കുന്നതാണ് ഈ പോസ്റ്റർ.
ആശുപതിയുടെ പശ്ചാത്തലത്തിൽ നിലനിൽപ്പിൻ്റെ പോരാട്ടമാണ് സംഘർഷ ഭരിതമായി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മികച്ച ആക്ഷൻ രംഗങ്ങളും ഇമോഷൻ രംഗങ്ങളും ഏറെ റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്നു. ശ്രീനാഥ് ഭാസി, ലാൽ, സൈജു കുറുപ്പ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ രവീണാ രവിയാണ് നായിക. മാമന്നൻ എന്ന സൂപ്പർ ഹിറ്റ് തമിഴ് ചിത്രത്തിലെ നായികയായി തിളങ്ങിയ നടിയാണ് മലയാളി കൂടിയായ രവീണ.
10 വർഷത്തെ ഇടവേളക്കുശേഷം വാണി വിശ്വനാഥ് ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ടി.ജി.രവി, വിജയകുമാർ, ഷാബു പ്രൗദിൻ, രാജേഷ് ശർമ്മ, ബോബൻ സാമുവൽ, മാലാ പാർവതി, ഫൈസൽ, ആമി അഭിരാം, ജിലു ജോസഫ്, ഷോബി തിലകൻ, അബിൻ ബിനോ, ആൻ്റണി ഏലൂർ, ആശാ മഠത്തിൽ, അഷ്ക്കർ അമീർ, തുഷാര ഹേമ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ലിറ്റിൽ ക്രൂ ഫിലിംസിൻ്റെ ബാനറിൽ ഫൈസൽ രാജായാണ് ചിത്രം നിർമ്മിക്കുന്നത്. റമീസ് രാജാ, രശ്മി ഫൈസൽ എന്നിവർ കോ-പ്രൊഡ്യൂസർമാരും അബ്ദുൽ നൗഷാദ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്. റെയ്സ് സുമയ്യ റഹ്മാനാണ് ക്രിയേറ്റീവ് പ്രൊഡ്യൂസർ.
സംവിധായകൻ സാഗറിൻ്റേതാണു തിരക്കഥ. ഗാനങ്ങൾ ഹരി നാരായണൻ, സംഗീതം വരുൺ ഉണ്ണി, പശ്ചാത്തല സംഗീതം ഥസൽ എ.ബക്കർ. സനീഷ് സ്റ്റാൻലിയാണു ഛായാഗ്രാഹകൻ. എഡിറ്റിങ് -നൗഫൽ അബ്ദുല്ല, കലാസംവിധാനം -സഹസ് ബാല, മേക്കപ്പ് -പ്രദീപ് ഗോപാലകൃഷ്ണൻ. കോസ്റ്റ്യും ഡിസൈൻ -വിപിൻദാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ -സജിത്ത് ബാലകൃഷ്ണൻ, ശരത് സത്യ, പ്രൊജക്ട് ഡിസൈനർ -സ്റ്റീഫൻ വലിയറ, ഫിനാൻസ് കൺട്രോളർ -അനൂപ് കക്കയങ്ങാട്, പ്രൊഡക്ഷൻ എക്സിക്യൂട്ടിവുമാർ -പ്രതാപൻ കല്ലിയൂർ, സുജിത് അയണിക്കൽ, പ്രൊഡക്ഷൻ കൺട്രോളർ -ആൻ്റണി ഏലൂർ, പി.ആർ.ഒ.- വാഴൂർ ജോസ്.
സെൻട്രൽ പിക്ച്ചേഴ്സ് ആണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.