9 വർഷത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് സർക്കാരിൻ്റെ ലഘുലേഖ

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച് വികസന ലഘുലേഖ പുറത്തിറക്കി. കഴിഞ്ഞ 9 വർഷത്തെ പിണറായി സർക്കാരിൻ്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടാണ‌ു ലഘുലേഖ തയാറാക്കിയിരിക്കുന്നത്. രാജ്യത്ത് ഏറ്റവുമധികം പി.എസ്‌.സി. നിയമനങ്ങൾ നടന്നത് കേരളത്തിലാണെന്നതു ഉൾപ്പെടെയുള്ള മാതൃകാപരമായ നേട്ടങ്ങൾ കൈവരിക്കാനായതിൻ്റെ വിശദാംശങ്ങൾ ലഘുലേഖയിലുണ്ട്.

രാജ്യത്തെ ആകെ പി.എസ്.സി. നിയമനങ്ങളുടെ 66 ശതമാനവും നടക്കുന്നത് കേരളത്തിലാണെന്നാണ് ലഘുലേഖയിലെ ആദ്യ നേട്ടമായി സർക്കാർ ഉയർത്തിക്കാട്ടുന്നത്. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് 2016 മെയ് മുതൽ 1,61,361 ശുപാർശകളും രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്ത് 1,14,701 ശുപാർശകളും നൽകി. 2025ൽ മാത്രം ഇതുവരെ 8,297 നിയമന ശുപാർശകൾ നൽകിയിട്ടുണ്ടെന്നും ലഘുലേഖയിൽ പറയുന്നു.

നോർക്ക വഴി നാലായിരത്തോളം റിക്രൂട്ട്മെൻ്റുകൾ നടത്തി. 2,378 യുവ പ്രഫഷണലുകൾക്ക് വിദേശ ജോലിക്കുള്ള വഴിതുറന്നു. ഐ.എസ്.ആർ.ഒയുടെ സഹകരണത്തോടെ ശാസ്ത്രസാങ്കേതിക രംഗത്തു കൂടുതൽ വികസന പ്രവർത്തനങ്ങൾ, സർക്കാരുമായി ബന്ധപ്പെട്ട ഇ സേവനങ്ങൾ എല്ലാവരിലേക്കും എത്തിച്ചു, സമഗ്ര ഭൂവിവരം ഡിജിറ്റൽ സംവിധാനത്തിൽ ലഭ്യമാകുന്ന ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റി, വ്യവസായ സൗഹൃദ കേരളം, സംരഭക രംഗത്ത് കുതിച്ചുചാട്ടം, ദാരിദ്ര്യ രഹിത കേരളം, 8 വർഷത്തിനിടയിൽ 3,57,898 പട്ടയങ്ങൾ വിതരണം ചെയ്തു, ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനം, മാലിന്യമുക്ത കേരളം തുടങ്ങി നേട്ടങ്ങളുടെ വലിയ നിര തന്നെ ലഘുലേഖയിലൂടെ ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്.

എല്ലാ വിവരങ്ങളും ചുരുങ്ങിയ രൂപത്തിൽ 2 പേജുകളിലായും സമഗ്ര വിവരങ്ങൾ ഉൾപ്പെടുത്തിയ പുസ്തക രൂപത്തിലും സർക്കാർ നേട്ടങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. പുസ്തകം ഇംഗ്ലീഷിലും മലയാളത്തിലുമുണ്ട്.


Recent Articles

Related Articles

Special