കേന്ദ്രത്തിന്‌ തിരിച്ചടി; വഖഫിൽ തൽസ്ഥിതി തുടരണമെന്ന് സുപ്രീം കോടതി

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡൽഹി: വഖഫ്‌ സ്വത്തുക്കളിൽ തൽസ്ഥിതി തുടരണമെന്ന്‌ സുപ്രീം കോടതി. വഖഫ്‌ ബോർഡിലും കേന്ദ്ര വഖഫ്‌ കൗൺസിലിലും എക്‌സ്‌ ഒഫീഷ്യോ അംഗങ്ങൾ ഒഴികെ എല്ലാ അംഗങ്ങളും മുസ്ലിങ്ങളായിരിക്കണം എന്ന ഉത്തരവും സുപ്രീംകോടതി പുറപ്പെടുവിച്ചു. കോടതി ഉന്നയിച്ച ചോദ്യങ്ങളിൽ 7 ദിവസത്തിനുള്ളിൽ മറുപടി നൽകാനും കേന്ദ്ര സർക്കാരിനോട്‌ സുപ്രീംകോടതി ആവശ്യപ്പെട്ടു.

വഖഫ്‌ ഭേദഗതിക്കെതിരെ നൽകിയ ഹർജികൾ പരിഗണിച്ച ശേഷമാണ്‌ ചീഫ്‌ ജസ്റ്റിസ്‌ സഞ്ജീവ്‌ ഖന്ന, ജസ്റ്റിസുമാരായ സഞ്ജീവ്‌ കുമാർ, കെ.വി.വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിൻ്റെ ഇടക്കാല ഉത്തരവ്. വഖഫ്‌ ഭേദഗതി പൂർണമായും സ്‌റ്റേ ചെയ്യില്ല എന്നും സുപ്രീംകോടതി അറിയിച്ചു.

വഖഫ്‌ ഭൂമിയെക്കുറിച്ച്‌ കളക്‌ടർമാർക്ക്‌ അന്വേഷണം നടത്താൻ അധികാരം നൽകുന്ന നിയമഭേദഗതി വ്യവസ്ഥയും സുപ്രീംകോടതി മരവിപ്പിച്ചു. കളക്‌ടർമാർക്ക്‌ വഖഫ്‌ ഭൂമിയെ സംബന്ധിച്ച അന്വേഷണം നടത്താമെന്ന്‌ നിയമ ഭേദഗതിയിൽ പറയുന്നുണ്ട്‌. എന്നാൽ വഖഫ് ഭൂമി സർക്കാർ ഭൂമിയാണോ എന്ന് കളക്ടർ അന്വേഷണം നടത്തുമ്പോൾ തന്നെ അത്‌ വഖഫ് ഭൂമി അല്ലാതായി മാറുന്നുവെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

ഹർജിക്കാർ ഉന്നയിച്ച അമുസ്‌ലീങ്ങൾക്ക് നിയമനം, വഖഫ് ബൈ യൂസർ എന്നീ ആവശ്യങ്ങളിൽ അനുകൂലമായ നിലപാടാണ് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്. വഖഫ് ബൈ യൂസർ ഭൂമി അതുപോലെ തന്നെ തുടരണമെന്നും ഡിനോട്ടിഫൈ ചെയ്യരുതെന്നുമാണ് കോടതി പറഞ്ഞിരിക്കുന്നത്.

140ഓളം ഹർജികളാണ്‌ വഖഫ്‌ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയിൽ വന്നിട്ടുള്ളത്‌. ഇതിൽ 5 ഹർജികളിൽ വിശദമായ വാദം കേൾക്കുമെന്നും സുപ്രീം കോടതി അറിയിച്ചു. മെയ്‌ 5നാണ്‌ കേസ്‌ വീണ്ടും പരിഗണിക്കുക.

COMMENT

Recent Articles

Related Articles

Special