Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻറെ കമ്മീഷനിങ് മെയ് 2ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി വിഴിഞ്ഞം തുറമുഖം നാടിന് സമർപ്പിക്കും. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് തുറമുഖം അധികൃതർക്ക് ലഭിച്ചു.
തുറമുഖത്തിൻ്റെ ആദ്യഘട്ട നിര്‍മാണം നേരത്തെ തന്നെ പൂര്‍ത്തിയായതാണ്. ഔപചാരികമായ ഉദ്ഘാടനം മാത്രമാണ് അവശേഷിച്ചിരുന്നത്.
കഴിഞ്ഞ വർഷം ജൂലൈ മുതൽ മദർഷിപ്പുകളടക്കം നിരവധി കൂറ്റൻ ചരക്കുകപ്പലുകൾ വിഴിഞ്ഞം തുറമുഖത്ത് എത്തിയിരുന്നു. കഴിഞ്ഞ ഡിസംബറിൽ തുറമുഖത്ത് ചരക്കു നീക്കം ആരംഭിക്കുകയും ചെയ്തു.
ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലായ എം.എസ്.സി. തുര്‍ക്കിയെ കഴിഞ്ഞയാഴ്ചയാണ് വിഴിഞ്ഞത്ത് എത്തിയത്. പൂര്‍ണമായും ട്രാന്‍സ്ഷിപ്മെൻ്റ് തുറമുഖമായി രൂപകല്പനചെയ്ത രാജ്യത്തെ ആദ്യത്തെ തുറമുഖമാണ് വിഴിഞ്ഞം.
ഗവർണർ രാജേന്ദ്ര ആർലേകർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ഷിപ്പിങ്- തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ, സംസ്ഥാന തുറമുഖ മന്ത്രി വി.എൻ.വാസവൻ, വ്യവസായ മന്ത്രി പി .രാജീവ്, ഡോ. ശശി തരൂർ എം.പി., വ്യവസായി ഗൗതം അദാനി തുടങ്ങിയ പ്രമുഖർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും.

























