Follow the FOURTH PILLAR LIVE channel on WhatsApp
തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം വെടിക്കെട്ട് നടത്താൻ നിർവ്വാഹമില്ലെന്ന് കേന്ദ്ര സഹമന്ത്രിയും തൃശ്ശൂരിൻ്റെ എം.പിയുമായ സുരേഷ് ഗോപി തന്നെ പറയാതെ പറയുമ്പോൾ അതിന് മറുമരുന്നുമായി സംസ്ഥാന സർക്കാർ. പൂരം വെടിക്കെട്ട് നടത്താൻ വഴിയില്ല എന്ന് ഏതാണ്ട് എല്ലാവരും ഉറപ്പിച്ച സമയത്താണ് പുതിയ പ്രതീക്ഷയായി സർക്കാർ നടപടി വരുന്നത്.
തൃശ്ശൂർ പൂരം വെടിക്കെട്ട് നടത്താമെന്ന് അഡ്വക്കേറ്റ് ജനറൽ നല്കിയ നിയമോപദേശത്തിൻ്റെ ബലത്തിലാണ് സർക്കാർ നടപടികൾ മുന്നോട്ടു നീക്കുന്നത്. തിരുവമ്പാടി, പാറമേക്കാവ് വേല ആഘോഷങ്ങള്‍ക്ക് വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഈ അനുമതി പൂരം വെടിക്കെട്ടിന് ബാധകമാണെന്നാണ് നിയമോപദേശം.
കേന്ദ്ര ഏജന്‍സിയായ പെസോയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചാകും കളക്ടര്‍ അനുമതി നല്‍കുക. കേന്ദ്ര നിയമ പ്രകാരമുള്ള നിബന്ധനകള്‍ പാലിക്കാന്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ തേക്കിന്‍കാട് മൈതാനത്തെ വെടിപ്പുര ഒഴിച്ചിടും. സാധാരണരീതിയിൽ വെടിക്കെട്ട് നടത്തുന്നതിൽ പ്രയാസമില്ല. വെടിമരുന്ന് സൂക്ഷിക്കുന്ന അറ ശൂന്യമാക്കി വയ്ക്കണമെന്ന പൊതുനിബന്ധന പാലിച്ചുകൊണ്ടാണ് ഇപ്രാവശ്യം പൂരത്തിന് വെടിക്കെട്ട് നടത്തുക.
ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ പൂർണ്ണ സുരക്ഷ ഉറപ്പുവരുത്തി എല്ലാവർക്കും വെടിക്കെട്ട് ആസ്വദിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. വെടിക്കെട്ട് പുരയും ഫയര്‍ ലൈനും തമ്മില്‍ 200 മീറ്റര്‍ അകലം വേണമെന്നാണ് കേന്ദ്ര നിയമം. വെടിക്കെട്ട് പുര കാലിയാണെങ്കില്‍ 200 മീറ്റര്‍ അകലം പാലിക്കേണ്ടി വരില്ല. വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കുന്ന സ്ഥലം കാലിയാക്കുമെന്ന് ദേവസ്വങ്ങള്‍ സത്യവാങ്മൂലം നല്‍കിയതോടെയാണ് വേല വെടിക്കെട്ടിന് ദേവസ്വങ്ങള്‍ക്ക് അനുമതി ലഭിച്ചത്. വേലയ്ക്ക് 500 കിലോ വെടിക്കെട്ട് സാമഗ്രികള്‍ ആണ് പൊട്ടിച്ചത്.