Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് താമസിയാതെ പ്രഖ്യാപിക്കുമെന്ന വാർത്തകൾ വരുന്നതിനിടെ നിലമ്പൂർ ബൈപാസ് റോഡ് നിർമ്മാണത്തിന് ധനാനുമതിയായി. ബൈപാസ് റോഡ് നിർമ്മാണത്തിന് 227.18 കോടി രൂപയുടെ പദ്ധതിക്ക് ധനാനുമതി നൽകിയതായി ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.
ജ്യോതിപ്പടി മുതൽ മുക്കട്ട വരെയും, മുക്കട്ട മുതൽ വെളിയംതോട് വരെയും 2 ഘട്ടമായാണ് ബൈപാസ് റോഡ് നിർമ്മിക്കുക. പദ്ധതിക്കായി നിലമ്പൂർ താലൂക്കിലെ 10.66 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.
1998ൽ വിജ്ഞാപനം ഇറങ്ങിയ ഈ പദ്ധതി ദിർഘകാലമായി നടപ്പാകാതെ കിടക്കുകയായിരുന്നു. 2023 ഓഗസ്റ്റിലാണ് ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ചും മറ്റുമുള്ള ആഘാതപഠന റിപ്പോർട്ട് വന്നത്.
നിലമ്പൂർ പട്ടണത്തിലെ തിരക്കുകൾ കുറയ്ക്കാനും സംസ്ഥാനപാത 28ലെ ട്രാഫിക് ബ്ലോക്കുകൾ ഒഴിവാക്കാനും നിലമ്പൂർ ബൈപാസ് സഹായിക്കും. കേരളത്തിലെ പ്രധാനപ്പെട്ട സംസ്ഥാന പാതകളിൽ ഒന്നാണിത്.
തമിഴ്നാട്ടിലേക്കുള്ള ടൂറിസ്റ്റുകളുടെ യാത്രയ്ക്കും മറ്റും ഈ പാത കാര്യമായി ഉപയോഗിക്കപ്പെടുന്നു. ഊട്ടി, ഗൂഡല്ലൂർ യാത്രകൾക്കിടയിൽ നിലമ്പൂരിൽ കുടുങ്ങുന്ന ടൂറിസ്റ്റ്, വാണിജ്യ വാഹനങ്ങളുടെ നീണ്ട നിര ഇല്ലാതാക്കാൻ നിർദ്ദിഷ്ട ബൈപാസിന് കഴിയും.