29 C
Trivandrum
Sunday, April 20, 2025

മുനമ്പം വിഷയത്തിൽ നിലപാട് മാറ്റി സഭ: ചില രാഷ്ട്രീയപാർട്ടികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു

Follow the FOURTH PILLAR LIVE channel on WhatsApp 

കൊച്ചി: മുനമ്പം വിഷയത്തില്‍ നിലപാട് മാറ്റി സീറോ മലബാര്‍ സഭ. ചില രാഷ്ട്രീയപാര്‍ട്ടികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും അത് ആളുകള്‍ക്കിടയില്‍ വൈകാരിക പ്രതികരണങ്ങള്‍ക്ക് വഴിവെച്ചുവെന്നും സഭയുടെ വക്താവ് ഫാദര്‍ ആൻ്റണി വടക്കേക്കര മാധ്യമങ്ങളോട് പറഞ്ഞു. നിയമഭേദഗതി കൊണ്ടുമാത്രം മുനമ്പത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ലെന്നും സഭ വ്യക്തമാക്കി.

നിയമഭേദഗതിയില്‍ മുന്‍കാല പ്രാബല്യം കൊണ്ടുവരിക എന്ന സഭയുടെ ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല എന്ന് വ്യക്തമാക്കിയ സഭ വിഷയത്തിലെ നിരാശയും പങ്കുവെച്ചു. കേന്ദ്ര മന്ത്രി കിരൺ റിജിജുവിൻ്റെ സന്ദർശനത്തിനു ശേഷമാണ് സീറോ മലബാർ സഭയുടെ പ്രതികരണം.

വഖഫ് ഭേദഗതി നിയമം വന്നപ്പോൾ വലിയ പ്രതീക്ഷയായിരുന്നു, എന്നാൽ ശാശ്വത പരിഹാരമുണ്ടാകാൻ നിയമപോരാട്ടം തന്നെ വേണ്ടി വരും. മുനമ്പത്ത് 186 ദിവസമായി സമരം ചെയ്യുന്നവർക്ക് അവരുടെ ഭൂമിയുടെ റവന്യൂ അവകാശമടക്കം തിരിച്ചു കിട്ടുന്നതിന് ഇനിയും പരിഹാരമായിട്ടില്ല എന്നത് നിരാശയും ആശങ്കയും ബുദ്ധിമുട്ടുമുണ്ടാക്കുന്ന കാര്യമാണ്. നിയമപരമായ പോരാട്ടമടക്കം മുന്നിലുണ്ട്.

രാഷ്ട്രീയ പാർട്ടികൾ വിഷയത്തിൽ ഇടപെടുമ്പോൾ അവർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടാകാം. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് അനുകൂലമായോ പ്രതികൂലമായോ സഭ നിലപാടെടുത്തിട്ടില്ല. മറിച്ച് ശാശ്വതമായ പ്രശ്നപരിഹാരത്തിന് സർക്കാരുകൾ നിയമം ഭേദഗതി ചെയ്യണമെന്നാണ് പറഞ്ഞത്. ‌രാഷ്ട്രീയ പാർട്ടി നേതാക്കള്‍ ജനങ്ങളെ ഒട്ടേറെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. ആ തെറ്റിദ്ധാരണകളുടെ പുറത്തായിരിക്കാം ചില രാഷ്ട്രീയ പാർട്ടികൾക്ക് അനുകൂലമായി ചില വൈകാരിക പ്രതികരണങ്ങൾ ഉണ്ടായത്.

സമരസമിതി ഭാരവാഹികളുമായും കോട്ടപ്പുറം രൂപതാ ബിഷപ്പുമായും സംസാരിച്ചിരുന്നു. നിയമപോരാട്ടം തുടരേണ്ടി വരുമെന്നാണ് സമരസമിതി പറഞ്ഞത്. നിയമപോരാട്ടത്തിന് ആവശ്യമായ നിയമ, ഭരണ പിന്തുണ കേന്ദ്രമന്ത്രി റിജിജു അറിയിച്ചിട്ടുണ്ട്. മുന്ന്–നാല് ആഴ്ചകൾ കൂടി വേണമെന്നാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് കാത്തിരിക്കാൻ തങ്ങൾ തയ്യാറാണ് -ഫാ.ആൻ്റണി വടക്കേക്കര പറഞ്ഞു.

Recent Articles

Related Articles

Special

Enable Notifications OK No thanks