29 C
Trivandrum
Friday, April 25, 2025

മുനമ്പത്ത് ബി.ജെ.പി. പ്രചാരണം പാളിയെന്ന് മുഖ്യമന്ത്രി; കേന്ദ്ര മന്ത്രിയുടെ നാവില്‍നിന്ന് സത്യം വീണുപോയി

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: വഖഫ് ഭേദഗതി ബില്‍ മുനമ്പം വിഷയത്തിനുള്ള ഒറ്റമൂലിയാണെന്ന ബി.ജെ.പിയുടെ പ്രചാരണം പൊളിഞ്ഞുവെന്നും കേന്ദ്രമന്ത്രിയുടെ നാവില്‍നിന്ന് സത്യം വീണുപോയതോടെ അവരുടെ രാഷ്ട്രീയലക്ഷ്യം പാളിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാറിൻ്റെ വെറുപ്പിൻ്റെയും വിഭജനത്തിൻ്റെയും രാഷ്ട്രീയമാണ് വഖഫ് ബില്‍ എന്നും മുനമ്പത്തുകാരെ പറഞ്ഞു പറ്റിക്കാനാണ് ബി.ജെ.പി. ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുനമ്പത്തെ ജനങ്ങളെ എങ്ങനെ സംരക്ഷിക്കാനാകും എന്നതിനാണ് സംസ്ഥാന സർക്കാർ പ്രാമുഖ്യം നൽകിയത്. അതിന് വേണ്ടിയാണ് സി.എം.ആർ. കമ്മീഷനെ നിയോഗിച്ചത്. എന്നാൽ അതിൽ തർക്കമുണ്ടായി. സമരം അവസാനിപ്പിച്ച് കമ്മീഷൻ റിപ്പോർട്ട് വരെ കാക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. അവർ സ്വീകരിച്ചില്ല. അവർക്ക് മറ്റു ചില പ്രതീക്ഷകൾ ഉണ്ടായിരുന്നു. അത് ചിലർ പോയി പറഞ്ഞപ്പോൾ ഉണ്ടായതാണ്. ആശയക്കുഴപ്പം ഉണ്ടാക്കി കുളം കലക്കി മീന്‍ പിടിക്കാനാണ് ചിലര്‍ ശ്രമിച്ചത്. യഥാർത്ഥത്തിൽ അതിൽ ഏറ്റവും മുൻപന്തിയിൽ നിന്നത് ബി.ജെ.പിയാണ്. സംഘപരിവാറിൻ്റെ അജണ്ട എന്ന രീതിയിലാണ് ആ കാര്യങ്ങൾ വന്നത്.

വഖഫ് ഭേദഗതി ബില്‍ മുനമ്പം വിഷയത്തിൻ്റെ ശാശ്വത പരിഹാരമാണെന്ന പ്രചാരമാണ് ചിലര്‍ അഴിച്ചുവിട്ടത്. അതു പൂര്‍ണ തട്ടിപ്പാണെന്നാണ് ഇപ്പോള്‍ വ്യക്തമായത്. പുതിയ നിയമം ഭരണഘടനയുടെ 26-ാം അനുഛേദത്തിൻ്റെ ലംഘനമാണ്. മുസ്‌ലിം അപരവല്‍ക്കരണത്തിൻ്റെയും അതുവഴിയുള്ള രാഷ്ട്രീയ നേട്ടത്തിൻ്റെ അവസരമായാണ് സംഘപരിവാര്‍ ഇതിനെ കണ്ടത്. ഇപ്പോള്‍ മുസ്‌ലിമിനെതിരെ എന്നു പറയുമ്പോള്‍ ഭാവിയില്‍ അത് അങ്ങനെ മാത്രമല്ലെന്നാണ് ഓര്‍ഗനൈസര്‍ ലേഖനം വ്യക്തമാക്കുന്നത്. ക്രൈസ്തവ സഭയ്ക്കാണ് സ്വത്തുക്കള്‍ കൂടുതലെന്ന പരാമര്‍ശം ഉണ്ടായിരുന്നു. രാജ്യത്തിൻ്റെ ആഭ്യന്തര ശത്രുക്കളായാണ് സംഘപരിവാര്‍ ന്യൂനപക്ഷത്തെ കാണുന്നത്. അതിൻ്റെ ഭാഗമായുള്ള സമീപനമാണ് അവര്‍ സ്വീകരിക്കുന്നത്. വെറുപ്പിൻ്റെയും വിഭജനത്തിൻ്റെയും രാഷ്ട്രീയമാണ് ബില്ലിൻ്റെ ഭാഗമായി വന്നത്. ന്യൂനപക്ഷ വിരുദ്ധവും ഭൂരിപക്ഷ വര്‍ഗീതയെ സംതൃപ്തിപ്പെടുത്തുന്നതുമായ നടപടിയാണ് നിര്‍ഭാഗ്യവശാല്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. അതുകൊണ്ടാണ് കേരള നിയമസഭ അതിനെതിരെ പ്രമേയം അംഗീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുനമ്പത്തുള്ളവരെ പറഞ്ഞു പറ്റിക്കാനാണ് ബി.ജെ.പി. ശ്രമിച്ചത്. മുനമ്പത്തെ ജനങ്ങളുടെ വിഷയങ്ങൾ ന്യായമാണ്. അതിൻ്റെ പരിഹാരത്തിനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. അതിൽ ആർക്കും സംശയം വേണ്ട. ആ ജനതയെ സംരക്ഷിക്കാനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളുമെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്. അതിനൊരു നിയമപരമായ പരിരക്ഷവേണം. അത് പരിശോധിച്ചുകൊണ്ടിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വഖഫ് വിഷയത്തിൽ കോൺഗ്രസിനേയും മുസ്ലിം ലീഗിനേയും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ബി.ജെ.പിക്ക് പിന്തുണ നൽകുന്ന നിലപാടാണ് പ്രതിപക്ഷ നേതാവിൻ്റെ ഭാഗത്ത് നിന്നുണ്ടായത്. തളിപ്പറമ്പ് സർ സെയ്ദ് കോളേജുമായി ബന്ധപ്പെട്ട വിഷയത്തിൽ മുസ്ലിം ലീഗിൻ്റെ ഇരട്ടത്താപ്പ് വ്യക്തമെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ട് വഖഫ് ഭൂമിയുടെ കാര്യത്തിൽ ലീഗിന് പരസ്പരവിരുദ്ധ നിലപാട് ഉണ്ടാകുന്നുവെന്നും അദ്ദേഹം ചോദിച്ചു.

Recent Articles

Related Articles

Special

Enable Notifications OK No thanks