Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: ക്ലാസ് മുറിയുടെ ചുമരിൽ ചാണകം മെഴുകിയ കോളേജ് പ്രിൻസിപ്പലിൻ്റെ മുറിയിൽ ചാണകം തേച്ച് വിദ്യാർഥി പ്രതിഷേധം. ഡൽഹി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ലക്ഷ്മിബായ് കോളേജ് പ്രിൻസിപ്പലായ പ്രത്യുഷ് വത്സല കഴിഞ്ഞ ദിവസമാണ് ക്ലാസ് മുറി മുഴുവൻ ചാണകം മെഴുകിയത്. പുതിയ ഗവേഷണത്തിൻ്റെ ഭാഗമായാണ് ഇതെന്നും ചൂടിനെ പ്രതിരോധിക്കാനാണെന്നുമാണ് പ്രഥമാധ്യാപികയുടെ വാദം. ഇതിൽ പ്രതിഷേധിച്ചാണ് വിദ്യാർഥികൾ പ്രിൻസിപ്പൽ ഓഫീസിൻ്റെ ചുമരിൽ ചാണകം പുരട്ടിയത്.
ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡൻ്റ്സ് യൂണിയൻ പ്രസിഡൻ്റ് റോണക് ഖത്രിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്. എ.സി. നീക്കം ചെയ്ത് പ്രിൻസിപ്പലിൻ്റെ മുറിയിൽ ഇനി മുതൽ ചാണകം തേച്ചാൽ മതി. ഗവേഷണം നടത്തണമെങ്കിൽ സ്വന്തം വീട്ടിൽ ചെയ്യണമെന്നും അല്ലാതെ ക്ലാസ് മുറിയിൽ അല്ലെന്നും വിദ്യാർഥികൾ പറഞ്ഞു.
ക്ലാസ് മുറയിയൽ ചാണകം തേക്കുന്ന വീഡിയോ അധ്യാപിക തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. കസേരയിൽ കയറി നിന്നുകൊണ്ട് ഭിത്തി മുഴുവൻ ചാണകം തേക്കുന്ന അധ്യാപികയേയും സഹായിക്കുന്ന സ്റ്റാഫുകളെയും ചിത്രത്തിൽ കാണാം. പരമ്പരാഗത ഇന്ത്യൻ രീതികളിലൂടെ ചൂടിനെ പ്രതിരോധിക്കാനുള്ള ഗവേഷണത്തിൻ്റെ ഭാഗമാണ് നടപടിയെന്ന് പ്രിൻസിപ്പൽ പറഞ്ഞത്.