29 C
Trivandrum
Sunday, April 20, 2025

ജസ്റ്റീസ് ബി.ആർ.ഗവായ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആകും

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡൽഹി: ജസ്റ്റിസ് ബി.ആർ.ഗവായ് സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആകും. നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ്‌ ഖന്ന കേന്ദ്ര സർക്കാരിന് ഇതു സംബന്ധിച്ച ശുപാർശ കൈമാറി.

മെയ് 13ന് സഞ്ജീവ് ഖന്ന വിരമിക്കുന്ന സാഹചര്യത്തിലാണ് ശുപാര്‍ശ. പിന്‍ഗാമിയെ ശുപാര്‍ശ ചെയ്യണമെന്ന് സഞ്ജീവ് ഖന്നയോട് നിയമ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. മെയ് 14ന് പുതിയ ചീഫ് ജസ്റ്റിസിൻ്റെ സത്യപ്രതിജ്ഞ നടക്കും. ഇതോടെ ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന് ശേഷം സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് പദവിയിലേക്കെത്തുന്ന ദളിത് വ്യക്തി എന്ന നേട്ടവും ഗവായ് സ്വന്തമാക്കും.

6 മാസത്തേക്കായിരിക്കും നിയമനം. ഈ വര്‍ഷം നവംബറിൽ അദ്ദേഹം വിരമിക്കും. മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിയായ ഗവായ് 2016ലെ നോട്ടുനിരോധനം ശരിവച്ചതും ഇലക്ടറല്‍ ബോണ്ട് ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചതടക്കമുള്ള ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു.

ബോംബെ ഹൈക്കോടതിയിലെ മുൻ ജഡ്ജിയായ ഗവായ് നാഗ്പുരിലെ മഹാരാഷ്ട്ര നാഷണൽ ലോ യൂണിവേഴ്സിറ്റി ചാൻസലറാണ്‌. നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ എക്സ് ഒഫീഷ്യോ എക്സിക്യൂട്ടീവ് ചെയർമാനുമാണ്.

നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷൻ, അമരാവതി മുനിസിപ്പൽ കോർപ്പറേഷൻ, അമരാവതി സർവകലാശാല എന്നിവയുടെ സ്റ്റാൻഡിങ് കൗൺസിലായിരുന്നു അദ്ദേഹം. 1992 ഓഗസ്റ്റ് മുതൽ 1993 ജൂലൈ വരെ ബോംബെ ഹൈക്കോടതിയിലെ നാഗ്പൂർ ബെഞ്ചിൽ അസിസ്റ്റൻ്റ് ഗവൺമെൻ്റ് പ്ലീഡറായും അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായും സേവനമനുഷ്‌ഠിച്ചു. പിന്നീട്, 2000 ജനുവരി 17 ന് നാഗ്പൂർ ബെഞ്ചിൽ ഗവൺമെൻ്റ് പ്ലീഡറായും പബ്ലിക് പ്രോസിക്യൂട്ടറായും നിയമിതനായി.

2003 നവംബർ 14ന് ഗവായി ബോംബെ ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിയായി. 2019ലാണ്‌ ഗവായിയെ സുപ്രീംകോടതി ജഡ്‌ജിയായി നിയമിക്കുന്നത്‌. കീഴ്വഴക്കമനുസരിച്ച് സിറ്റിങ് ചീഫ് ജസ്റ്റിസ് ഏറ്റവും മുതിർന്ന ജഡ്ജിയെയാണ് പിൻഗാമിയായി ശുപാർശ ചെയ്യുന്നത്.

Recent Articles

Related Articles

Special

Enable Notifications OK No thanks