Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും കുരുക്ക് മുറുക്കിയതിനു പിന്നാലെ പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രയെ തേടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). ഹരിയാണയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് വദ്രയെ ഇ.ഡി. ചോദ്യം ചെയ്യുന്നത്.
ഏപ്രിൽ 8ന് ഇ.ഡി. ആദ്യ സമൻസ് അയച്ചിരുന്നെങ്കിലും വദ്ര ഹാജരായിരുന്നില്ല. തുടർന്ന് രണ്ടാമതും നോട്ടിസ് നൽകുകയായിരുന്നു.
വദ്രയുടെ കമ്പനിയായ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ഹരിയാനയിലെ ശിഖാപുരിൽ വാങ്ങിയ ഭൂമി വൻ വിലയ്ക്ക് മറിച്ചുവിറ്റെന്നും ഇതുവഴി കള്ളപ്പണം വെളുപ്പിക്കൽ നടന്നെന്നുമാണ് കേസ്. 2008ലാണ് 3.5 ഏക്കർ ഭൂമി വദ്രയുടെ കമ്പനി 7.5 കോടി രൂപയ്ക്ക് സ്വന്തമാക്കുന്നത്. പിന്നീട് റിയൽ എസ്റ്റേറ്റ് മേഖലയിലെ ഭീമന്മാരായ ഡി.എൽ.എഫിന് 58 കോടി രൂപയ്ക്ക് ഇതേ ഭൂമി വിൽക്കുകയായിരുന്നു.
ഇതിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം. കേസ് രാഷ്ട്രീയ പകപോക്കൽ മാത്രമാണെന്ന് റോബർട്ട് വദ്ര പ്രതികരിച്ചിരുന്നു.