29 C
Trivandrum
Saturday, April 26, 2025

കേന്ദ്രവുമായി പോരിനുറച്ച് സ്റ്റാലിൻ; തമിഴ്‌നാടിന് സ്വയംഭരണാവകാശം പ്രമേയം അവതരിപ്പിച്ചു

Follow the FOURTH PILLAR LIVE channel on WhatsApp 

ചെന്നൈ: ഭാഷയും വിദ്യാഭ്യാസവുമുള്‍പ്പെടെ തമിഴ്‌നാടിന് കൂടുതല്‍ വിഷയങ്ങളില്‍ സ്വയംഭരണാവകാശം നേടാനുള്ള നടപടികൾ വേഗത്തിലാക്കി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഇതുസംബന്ധിച്ചുള്ള പ്രമേയം അദ്ദേഹം തിങ്കളാഴ്ച നിയമസഭയില്‍ അവതരിപ്പിച്ചു. സംസ്ഥാനത്തിൻ്റെ സ്വയംഭരണാവകാശത്തിനുള്ള വ്യവസ്ഥകളും നിര്‍ദേശങ്ങളും ശുപാര്‍ശ ചെയ്യാന്‍ ഉന്നതതല സമിതിയെയും സർക്കാർ നിയോഗിച്ചിട്ടുണ്ട്.

സുപ്രീം കോടതി മുന്‍ ജഡ്ജി കുര്യന്‍ ജോസഫിൻ്റെ അധ്യക്ഷതയിലാണ് ഉന്നതതല സമിതി പ്രവർത്തിക്കുക. വിരമിച്ച ഉദ്യോഗസ്ഥരായ അശോക് ഷെട്ടി, എം.നാഗരാജൻ എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. ഗവര്‍ണര്‍ ആര്‍.എന്‍. രവിയുമായുള്ള അഭിപ്രായഭിന്നതകളും കേന്ദ്രസര്‍ക്കാരുമായുള്ള സ്വരച്ചേര്‍യില്ലായ്മയും തുടരുന്നതിനിടെയാണ് സ്റ്റാലിൻ്റെ നീക്കം. 1974ല്‍ അന്നത്തെ മുഖ്യമന്ത്രി എം.കരുണാനിധി സ്വയംഭരണാവകാശം സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചിരുന്നു. സംസ്ഥാനത്തിൻ്റെ അവകാശങ്ങള്‍ കവരുന്നതിനെതിരായ പോരാട്ടം ശക്തമാക്കുമെന്ന് സ്റ്റാലിന്‍ സഭയില്‍ പറഞ്ഞു.

സംസ്ഥാനത്തിൻ്റെ പരിധിയിലുണ്ടായിരുന്നതും പിന്നീട് കണ്‍കറൻ്റ് ലിസ്റ്റിലേക്ക് മാറ്റിയതുമായ വിഷയങ്ങള്‍ സംസ്ഥാനസര്‍ക്കാരിൻ്റെ കീഴിലേക്ക് തിരികെ കൊണ്ടുവരുന്നതുള്‍പ്പെടെ കമ്മിറ്റിയോട് പരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ സംസ്ഥാനങ്ങളുടെ അഖണ്ഡതയെ ബാധിക്കാത്ത വിധത്തില്‍ ഈ കമ്മിറ്റി നിയമങ്ങള്‍ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യും. സംസ്ഥാനങ്ങള്‍ കേന്ദ്രത്തിനുകീഴില്‍ നില്‍ക്കേണ്ടവയല്ല, പരസ്പരബഹുമാനത്തോടെ, ചില തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കേണ്ടതെന്നും സ്റ്റാലിന്‍ പറഞ്ഞു.

2026 ജനുവരിയോടെ ഇടക്കാല റിപ്പോര്‍ട്ടും 2028ല്‍ അന്തിമറിപ്പോര്‍ട്ടും കമ്മിറ്റി സമര്‍പ്പിക്കും. സംസ്ഥാനത്തിൻ്റെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കാന്‍ സമിതിയുടെ ശുപാര്‍ശ നടപ്പാക്കും. ഭാഷയും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രമേയവും സഭയില്‍ അവതരിപ്പിച്ചു. കേന്ദ്രസര്‍ക്കാരിൻ്റെ പരിധിയില്‍ വരുന്ന നീറ്റ് പരീക്ഷയില്‍നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കുന്നതിനുള്ള വ്യവസ്ഥയും കമ്മിറ്റി പരിശോധിക്കും. ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായി നടപ്പാക്കുന്ന ത്രിഭാഷ ഫോര്‍മുലയുള്‍പ്പെടെ സ്വീകരിക്കാതിരിക്കാനുള്ള വ്യവസ്ഥകളാണ് സ്റ്റാലിന്‍ തേടുന്നത്.

Recent Articles

Related Articles

Special

Enable Notifications OK No thanks