29 C
Trivandrum
Saturday, April 26, 2025

അലഹബാദ് ഹൈക്കോടതിക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമർശം: പറയുമ്പോൾ ശ്രദ്ധിക്കണം

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡല്‍ഹി: പീഡനക്കേസില്‍ ഇരയ്‌ക്കെതിരായ അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. അത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഒരിക്കലും ഉണ്ടാകരുതെന്നും കോടതി നിര്‍ദേശിച്ചു. കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട കേസിലും സുപ്രീംകോടതിയില്‍നിന്ന് അലഹബാദ് ഹൈക്കോടതിക്കെതിരെ വിമര്‍ശമുണ്ടായി.

വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റാരോപിതനായ ആള്‍ക്ക് ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി ഇരയായ സ്ത്രീ ‘സ്വയം കുഴപ്പങ്ങള്‍ ക്ഷണിച്ചുവരുത്തിയതാണെന്ന്’ പരാമര്‍ശം നടത്തിയിരുന്നു. ഇതിനെതിരെയാണ് ജസ്റ്റിസുമാരായ ബി.ആര്‍.ഗവായ്, എ.ജി.മസിഹ് എന്നിവരുടെ ബെഞ്ച് രൂക്ഷവിമര്‍ശം നടത്തിയത്. ‘ജാമ്യം അനുവദിക്കാം. പക്ഷേ, അവള്‍തന്നെ കുഴപ്പങ്ങള്‍ ക്ഷണിച്ചുവരുത്തിയതാണെന്നതാണോ ഇവിടുത്തെ ചര്‍ച്ച. അത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ ശ്രദ്ധിക്കണം, പ്രത്യേകിച്ച് ഈ വശത്തുള്ളവർ (ജഡ്ജിമാർ)’-ജസ്റ്റിസ് ബി.ആര്‍.ഗവായ് പറഞ്ഞു.

അലഹബാദ് ഹൈക്കോടതിയുടെ തന്നെ മറ്റൊരു വിവാദ പരാമര്‍ശം പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി ഇത്തരമൊരു വിമര്‍ശം നടത്തിയത്. മാറിടത്തില്‍ പിടിക്കുന്നത് ബാലത്സംഗമാകില്ലെന്ന പരാമര്‍ശത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജിയായിരുന്നു കോടതി കേട്ടിരുന്നത്. എന്ത് സന്ദേശമാണ് ഇത്തരം പരാമര്‍ശങ്ങളിലൂടെ നല്‍കുന്നതെന്നും വിവാദങ്ങളില്‍ സുപ്രീംകോടതി വാക്കാല്‍ ചോദിച്ചു. നാലാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട കേസിൽ ജസ്റ്റിസുമാരായ ജെ.ബി.പര്‍ദിവാല ആര്‍.മഹാദേവന്‍ എന്നിവരുടെ ബെഞ്ചാണ് അലഹബാദ് ഹൈക്കോടതിയെ വിമര്‍ശിച്ചത്. യു.പി. സര്‍ക്കാരിനും കോടതിയുടെ വിമര്‍ശമേല്‍ക്കേണ്ടിവന്നു. ജാമ്യാപേക്ഷകളില്‍ ഹൈക്കോടതിയുടെ നടപടികള്‍ കാരണം നിരവധി പ്രതികളെ ഒളിവില്‍ പോകാന്‍ പ്രേരിപ്പിച്ചു. ഈ പ്രതികള്‍ സമൂഹത്തിന് ഗുരുതരമായ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ജാമ്യം അനുവദിക്കുമ്പോള്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്ന ഏറ്റവും കുറഞ്ഞ കാര്യം എല്ലാ ആഴ്ചയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് വ്യവസ്ഥ ചെയ്യുക എന്നതായിരുന്നു. അതുണ്ടായില്ലെന്നും കോടതി വ്യക്തമാക്കി. യു.പി. സര്‍ക്കാര്‍ കുട്ടികളെ കടത്തുന്ന കേസുകളെ ഗൗരവമായി എടുത്തില്ലെന്നും അത് നിരാശയുണ്ടാക്കുന്ന നടപടിയാണെന്നും കോടതി വിമര്‍ശിച്ചു.

Recent Articles

Related Articles

Special

Enable Notifications OK No thanks