Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ.) കസ്റ്റഡിയിലുള്ള മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയുടെ 2008ലെ യാത്രകളെ പിന്തുടർന്നുള്ള അന്വേഷണം കേരളത്തിലേക്കും. കൊച്ചിയിലെത്തിയ റാണയെ സഹായിച്ച ഒരാളെ എൻ.ഐ.എ. കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അന്വേഷണത്തിൻ്റെ ഭാഗമായി റാണയെ കൊച്ചിയിലെത്തിച്ച് തെളിവെടുക്കും. കൊച്ചിയിലെത്തിയത് ഭീകരരെ റിക്രൂട്ട്‌ചെയ്യാനാണെന്ന് റാണ മൊഴിനൽകിയതായാണ് സൂചന. കസ്റ്റഡിയിലുള്ളയാളെയും റാണയെയും ഒന്നിച്ചിരുത്തി ചോദ്യംചെയ്യാനാണ് അന്വേഷണ ഏജൻസിയുടെ നീക്കം.
മുംബൈ ഭീകരാക്രമണത്തിൻ്റെ മുഖ്യസൂത്രധാരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലി അമേരിക്കൻ അന്വേഷണ ഏജൻസികൾക്കുനൽകിയ മൊഴികളും റാണയുടെ മൊഴികളും പരിശോധിച്ചാണ് എൻ.ഐ.എ. സംഘത്തിൻ്റെ ചോദ്യങ്ങൾ.
2008 നവംബർ 26ലെ മുംബൈ ഭീകരാക്രമണത്തിനുമുൻപാണ് റാണ കൊച്ചി സന്ദർശിച്ചത്. നവംബർ 11 മുതൽ 21 വരെ രാജ്യത്തിൻ്റെ വിവിധഭാഗങ്ങളിൽ യാത്രചെയ്തിരുന്നു. ഭീകരാക്രമണത്തിനുവേണ്ട തയ്യാറെടുപ്പുകൾക്കായിരുന്നു ഇതെന്നാണ് സംശയം.
2008 നവംബർ 16, 17 തീയതികളിൽ ഭാര്യ സമ്രാസ് അക്തറിനൊപ്പമാണ് റാണ കൊച്ചിയിൽ താമസിച്ചത്. അന്ന് റാണ 13 പേരെ നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടിരുന്നെന്ന് എൻ.ഐ.എ. കണ്ടെത്തി. കൊച്ചിയിൽ റാണയ്ക്ക് ആരുടെ സഹായം ലഭിച്ചുവെന്നതുൾപ്പെടെ വിവരമാണ് അന്വേഷണസംഘം തേടുന്നത്. കേരളത്തിൽ മറ്റെവിടെങ്കിലും റാണ താമസിച്ചിരുന്നോ എന്നും കണ്ടെത്താനുണ്ട്.