Follow the FOURTH PILLAR LIVE channel on WhatsApp
കല്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ബാധിതരുടെ പുനരധിവാസത്തിന് മാതൃകാ നിർമിക്കാൻ 17 കോടി രൂപകൂടി കെട്ടിവെച്ച് എൽസ്റ്റൺ ടീ എസ്റ്റേറ്റിലെ 78.73 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ ഹൈക്കോടതി വിധിക്ക് പിന്നാലെ മണിക്കൂറുകൾക്കകം രാത്രിയിൽ തന്നെ ജില്ലാ ഭരണകൂടം ഭൂമിയേറ്റെടുത്തു. വെള്ളിയാഴ്ച രാത്രി 10.30ഓടെ ട്രഷറിയിൽ 17.7 കോടി രൂപ അധികമായി കെട്ടിവെച്ചതിന് ശേഷമാണ് നടപടികൾ പൂർത്തിയാക്കി ഭൂമിയേറ്റെടുത്തതായി പ്രഖ്യാപിച്ചത്.
ജില്ലാ കലക്ടർ ഡി.ആർ.മേഘശ്രീ, ഭൂമി ഏറ്റെടുക്കുന്നതിനും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷല്‍ ഓഫിസര്‍ ജെ.ഒ.അരുൺ, എ.ഡി.എം. കെ.ദേവകി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രാത്രി തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബോർഡ് സ്ഥാപിച്ചത്. തുടർന്ന് അർധരാത്രിയോടെ നിർമാണ പ്രവർത്തികൾ ആരംഭിക്കാനുള്ള അനുമതി ഊരാളുങ്കലിന് നൽകുകയായിരുന്നു.
ഇതോടെ ശനിയാഴ്ച തന്നെ എൽസ്റ്റണിൽ ടൗൺഷിപ്പിൻ്റെ നിർമ്മാണപ്രവൃത്തി തുടങ്ങും. 64.47 ഹെക്ടർ ഭൂമിയാണ് ജില്ലാ ദുരന്തനിവാരണ ഉത്തരവ് 2005 സെക്ഷൻ 34(ജി) പ്രകാരം ഏറ്റെടുത്തത്. നേരത്തെ 26 കോടി രൂപ നൽകിയിരുന്നു. അതുകൂടാതെയാണ് കോടതി ഉത്തരവുപ്രകാരം അധികത്തുക അടച്ചത്. ഗുണഭോക്തൃപ്പട്ടികയിൽ ഉൾപ്പെട്ടതിൽ 290 വീടുകളാണ് ടൗൺഷിപ്പിൽ വീടിനായി സമ്മതപത്രം നൽകിയിരിക്കുന്നത്.