29 C
Trivandrum
Friday, April 25, 2025

മുനമ്പം ക്രൈസ്തവ-മുസ്‌ലിം സംഘർഷ വിഷയമാക്കിയ ‘മുതലെടുപ്പുകാരെ’ രൂക്ഷമായി വിമർശിച്ച് ലത്തീൻസഭ

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: മുനമ്പം വിഷയത്തിൽ മുതലെടുപ്പിനു ശ്രമിക്കുന്നവരുടെ ലക്ഷ്യം തിരിച്ചറിയണമെന്നു ലത്തീൻസഭ. സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ജീവനാദത്തിൻ്റെ പുതിയലക്കം മുഖപ്രസംഗത്തിലാണു രൂക്ഷവിമർശനം. ഇതര കത്തോലിക്ക സഭകളെയും പരോക്ഷമായി വിമർശിക്കുന്നുണ്ട്.

ജീവനാദം മുഖപ്രസംഗത്തിൽ മുതലെടുപ്പുകാരെ കുറിച്ചാണ് പറയുന്നതെങ്കിൽ ജീവനാദം ഫേസ്ബുക്ക് പേജിൽ എഡിറ്റോറിയൽ പങ്കിട്ടിടത്ത് ബി.ജെ.പിയെ പേരെടുത്തു പറഞ്ഞ് വിമർശിച്ചിട്ടുണ്ട്. ഉമ്മീദ് യഥാർത്ഥത്തിൽ ബി.ജെ.പിക്ക് ശക്തിപകരാനുള്ള പരിപാടിയാണെന്ന് പോസ്റ്റിൽ പറയുന്നു.

മുനമ്പം ഭൂപ്രശ്നം ക്രൈസ്തവ-മുസ്‌ലിം സംഘർഷവിഷയമാക്കി കത്തിച്ചുനിർത്തി വിദ്വേഷപ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്ന് വിവേകമുള്ളവരെല്ലാം പറഞ്ഞിരുന്നതാണെന്ന് മുഖപ്രസംഗം വ്യക്തമാക്കുന്നു. കേരളത്തിൻ്റെ മലയോര, കുടിയേറ്റ മേഖലകളിൽ ചലനം സൃഷ്ടിക്കാനായതുപോലെ തീരത്തും വെറുപ്പിൻ്റെ വിദ്വേഷക്കൊടി പാറിക്കാൻ മുനമ്പം കളമൊരുക്കുമെന്ന് ഊറ്റംകൊള്ളുന്നവർ പുതുമഴയിലെ ഈയാംപാറ്റകളെപ്പോലെ ഈ കടപ്പുറത്തുതന്നെ അടിഞ്ഞുകൂടുന്നതു കാണാൻ എത്രകാലം വേണമെന്നാണു പരിഹാസം.

മുനമ്പം നിവാസികൾക്കു നീതി ലഭിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് കെ.സി.ബി.സി. അധ്യക്ഷൻ മാർ ബസേലിയോസ് ക്ലീമീസും സി.ബി.സി.ഐ. അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്തും വഖഫ് ഭേദഗതി ബിൽ പുനഃപരിശോധിക്കാൻ ചുമതലപ്പെട്ട സംയുക്ത പാർലമെൻ്ററി സമിതിക്ക് (ജെ.പി.സി.) നിവേദനമയച്ചിരുന്നു. ജെ.പി.സിയുടെ ഭേദഗതികൾ അടങ്ങിയ ബിൽ ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജു ലോക്‌സഭയിൽ അവതരിപ്പിച്ചപ്പോഴും കെ.സി.ബി.സിയും സി.ബി.സി.ഐയും ഇറക്കിയ പ്രസ്താവനകൾ അനുസ്മരിച്ച് മുനമ്പത്തെ ‘ക്രൈസ്തവരുടെ പ്രശ്നം’ ഹൈലൈറ്റ് ചെയ്‌തെന്നും പരിഹാസരൂപേണ പറയുന്നുണ്ട്.

655 പേജുള്ള ജെ.പി.സി. റിപ്പോർട്ടിൽ ഒരിടത്തും മുനമ്പം പരാമർശിക്കപ്പെട്ടിരുന്നില്ല. മുൻകാല പ്രാബല്യമില്ലാത്തതാണ് വഖഫ് ഭേദഗതി നിയമമെന്ന് അമിത് ഷായും കിരൺ റിജിജുവും ലോക്‌സഭയിൽ വ്യക്തമാക്കിയിരുന്നു. മുനമ്പം പ്രശ്നത്തിനു പ്രതിവിധിയായി ബില്ലിൽ നിർദേശിക്കപ്പെടുന്ന വ്യവസ്ഥ ഏതാണെന്ന് ഹൈബി ഈഡൻ ചോദിച്ചിട്ടും മറുപടിയുണ്ടായില്ല. ന്യൂനപക്ഷകാര്യ സഹമന്ത്രിയായ ജോർജ് കുര്യനെങ്കിലും ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടിയിരുന്നുവെന്ന് മുഖപ്രസംഗം പറയുന്നു.

ബി.ജെ.ഡി. സഭാകക്ഷി നേതാവായ സസ്മിത് പാത്ര ബില്ലിന് അനുകൂലമായി വോട്ടുചെയ്തു. സി.ബി.സി.ഐയുടെ ആഹ്വാനം ചെവിക്കൊണ്ടാണ് താൻ ബില്ലിനെ പിന്താങ്ങിയതെന്ന് അദ്ദേഹം ഏറ്റുപറയുന്നുണ്ടെന്നും മുഖപ്രസംഗം പരിഹസിക്കുന്നു. രാജ്യത്തെ പാവപ്പെട്ട മുസ്ലിം സ്ത്രീകളുടെയും പാര്‍ശ്വവത്കരിക്കപ്പെട്ട പസ്മന്ത വിഭാഗക്കാരുടെയും താല്പര്യം സംരക്ഷിക്കാനുള്ള ബില്ല് അവതരിപ്പിക്കാന്‍ കേന്ദ്രത്തില്‍ ഒരു മുസ്ലിം മന്ത്രി പോയിട്ട്, ആ വിഭാഗത്തിലെ ഒരു എം.പി. പോലുമില്ലാത്ത ചരിത്രസംയോഗത്തിലാണ് രാജ്യമിപ്പോഴെന്നും മുഖപ്രസംഗം പറയുന്നുണ്ട്.

വഖഫ് ബോര്‍ഡുകള്‍ ആസ്തികളുടെ ലാഭകരമായ വിനിയോഗം ഉറപ്പുവരുത്തേണ്ട സ്റ്റാറ്റിയൂട്ടറി സംവിധാനമാകയാല്‍ അവയില്‍ അമുസ് ലിംകളുടെ സാന്നിധ്യമുണ്ടാകുന്നത് കൂടുതല്‍ സുതാര്യതയ്ക്കു സഹായകമാകുമെന്നാണ് മന്ത്രി റിജിജു വാദിക്കുന്നത്. ഈ വാദത്തെ ബുദ്ധമതക്കാരനായ റിജിജുവിൻ്റെ പുണ്യസ്ഥലമായ മഹാബോധി മഹാവിഹാരത്തിലെ അനുഭവം ചൂണ്ടിക്കാട്ടിയാണ് മുഖപ്രസംഗം ഖണ്ഡിക്കുന്നത്. സിദ്ധാര്‍ഥ ഗൗതമനു ബോധോദയം ഉണ്ടായ ബോധിവൃക്ഷമുള്ള ബിഹാറിലെ ബോധ്ഗയയിലെ മഹാബോധി മഹാവിഹാരം ലോകത്തിലെ ബുദ്ധമതക്കാരുടെ ഏറ്റവും വലിയ തീര്‍ഥാടനകേന്ദ്രമാണ്. അവിടെ 9 അംഗ ഭരണസമിതിയില്‍ 5 പേര്‍ ബ്രാഹ്മണരാണ്. ബുദ്ധമതവിശ്വാസത്തിനു വിരുദ്ധമായി മഹാവിഹാരത്തില്‍ ശിവലിംഗ പ്രതിഷ്ഠ നടത്തുകയും, ബുദ്ധനെ വിഷ്ണുവിൻ്റെ അവതാരമായി വ്യാഖ്യാനിച്ച് ഹൈന്ദവ പൂജ നടത്തുകയും ചെയ്യുന്നവരെ പുറത്താക്കി സമുച്ചയത്തിൻ്റെ മേല്‍നോട്ടച്ചുമതല ബുദ്ധമതക്കാര്‍ക്കു നല്‍കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ ബുദ്ധിസ്റ്റ് ഫോറം കഴിഞ്ഞ ഫെബ്രുവരിയില്‍ ആരംഭിച്ച മഹാബോധി മുക്തി ആന്ദോളന്‍ സത്യഗ്രഹ സമരം ഇപ്പോഴും തുടരുകയാണ്. ബുദ്ധമതക്കാരനായ മന്ത്രി റിജിജുവിന് സ്വന്തം ന്യൂനപക്ഷ സമുദായത്തിൻ്റെ കാര്യത്തിലല്ല വേവലാതിയെന്ന് മുഖപ്രസംഗം വിമർശിക്കുന്നു.

മുനമ്പത്ത് കുടിയിറക്കു ഭീഷണി നേരിടുന്ന അറുനൂറിലധികം കുടുംബങ്ങളിൽ നാനൂറോളവും ലത്തീൻ കത്തോലിക്ക വിഭാഗക്കാരാണ്. അതുകൊണ്ടുതന്നെ ഈ വിമർശനങ്ങൾക്കു രാഷ്ട്രീയ പ്രാധാന്യമുണ്ട്.

Recent Articles

Related Articles

Special

Enable Notifications OK No thanks