29 C
Trivandrum
Friday, April 25, 2025

40ഓളം സ്ത്രീകളെ പീഡിപ്പിച്ചതിന് പിഴശിക്ഷ, 14000 കോടി!

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂയോർക്ക്: 35 വര്‍ഷത്തിനിടെ 40ഓളം സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചതിന് അമേരിക്കയിൽ ശിക്ഷ കോടിക്കണക്കിന് ഡോളർ പിഴ ശിക്ഷ! ലൈംഗികാതിക്രമക്കേസില്‍ ഹോളിവുഡ് സംവിധായകനും തിരക്കഥാകൃത്തും നടനുമായ ജെയിംസ് ടൊബാക്കിനാണ് 168 കോടി ഡോളർ (14000 കോടി രൂപ) പിഴ ശിക്ഷിച്ചത്. പരാതിക്കാരായ സ്ത്രീകൾക്ക് ഈ തുക വീതിച്ചു നല്കാൻ ന്യൂയോർക്ക് ജൂറി വിധിച്ചു. 1991ല്‍ ഓസ്‌കര്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട തിരക്കഥാകൃത്താണ് ടൊബാക്.

2022ല്‍ മാന്‍ഹട്ടനില്‍ ഫയല്‍ ചെയ്ത ആദ്യ കേസിൻ്റെ തുടര്‍ച്ചയായാണ് നടപടി. ലൈംഗികാതിക്രമത്തിന് പുറമേ, അന്യായമായി തടവില്‍വെക്കല്‍, മാനസിക പീഡനം എന്നീ വകുപ്പുകളും ടൊബാക്കിനെതിരെ ചുമത്തിയിരുന്നു. ഇയാൾക്കിപ്പോൾ 80 വയസ്സുണ്ട്.

സിനിമാ മേഖലയിലെ സ്വാധീനം ഉപയോഗിച്ച് യുവതികളെ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ച് വിളിച്ചുവരുത്തി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചുവെന്നായിരുന്നു കേസ്. തൻ്റെ മുന്നില്‍വെച്ച് വസ്ത്രമുരിയാനും സ്വയംഭോഗംചെയ്യാനും നിര്‍ബന്ധിക്കുന്ന ടൊബാക്, ഇത് ജോലിയുടെ ഭാഗമാണെന്ന് ഇരകളോട് പറയുമായിരുന്നു. ടൊബാകിൻ്റെ ആവശ്യം നിരസിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സ്ത്രീകളെ തടഞ്ഞ് ലൈംഗികവൈകൃതം പ്രകടിപ്പിക്കും. എതിര്‍പ്പ് മറികടന്ന് യുവതികളുടെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും പരാതിപ്പെട്ടാല്‍ കരിയര്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

വളരെ സജീവമായ സിനിമാജീവിതത്തിനുടമയാണ് ടൊബാക്. ഫിംഗേഴ്സ്, ലവ് ആൻഡ് മണി, എക്സ്പോസ്ഡ്, ദ പിക്-അപ് ആർട്ടിസ്റ്റ്, ടു ഗേൾസ് ആൻഡ് എ ഗയ്, ബ്ലാക്ക് ആൻഡ് വൈറ്റ്, ഹാർവാഡ് മാൻ, വെൻ വിൽ ഐ ബി ലവ്ഡ്, ദ പ്രൈവറ്റ് ലൈഫ് ഓഫ് എ മോഡേൺ വുമൺ എന്നിവയാണ് ടൊബാക്ക് സംവിധാനം ചെയ്ത പ്രധാന ചിത്രങ്ങൾ. ദ ഗാംബ്ലർ, ബഗ്സി തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. 7 സിനിമകളിൽ അഭിനയിച്ചു. ഇതിൽ ചിലതെല്ലാം ടൊബാക് തന്നെ സംവിധാനം ചെയ്തവയാണ്.

തനിക്കെതിരായ ആരോപണങ്ങള്‍ ടൊബാക് നിഷേധിച്ചിരുന്നു. പരാതിക്കാരെ തനിക്ക് പരിചയമില്ലെന്ന് പറഞ്ഞാണ് ടൊബാക് ആരോപണം നിഷേധിച്ചത്. ആരോഗ്യകാരണങ്ങളാല്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ‘ജൈവികമായി അസാധ്യമാണെ’ന്നുമായിരുന്നു ടൊബാക്കിൻ്റെ വിശദീകരണം.

ന്യൂയോര്‍ക്കിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ പിഴശിക്ഷയാണ് ടൊബാക്കിൻ്റെ കേസിലേതെന്ന് പരാതിക്കാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ അവകാശപ്പെട്ടു. ലൈംഗികാതിക്രമം നടത്തുന്നവര്‍ക്കും അവരെ സഹായിക്കുന്നവര്‍ക്കും എതിരായ വിധിയാണ് കേസിലുണ്ടായിരിക്കുന്നതെന്നും പരാതിക്കാരില്‍ ഒരാള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ബ്രാഡ് ബെക്‌വേത്ത് പറഞ്ഞു.

Recent Articles

Related Articles

Special

Enable Notifications OK No thanks