Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർമാർക്ക് സമയപരിധി നിശ്ചയിച്ചുകൊണ്ട് തമിഴ്നാട് ഗവർണർക്കെതിരെ വന്ന സുപ്രീം കോടതിയുടെ വിധി അതിരുകടന്നതെന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകർ. ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് പാർലമെൻ്റാണെന്ന് ‘ഹിന്ദുസ്ഥാൻ ടൈംസിനു’ നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ഗവർണർ ഒരു നിശ്ചിത സമയത്തിനുള്ളിൽ ബില്ലുകളിൽ തീരുമാനമെടുക്കണമെന്ന് ഭരണഘടനയിൽ സൂചിപ്പിച്ചിട്ടില്ലെന്ന് ആർലേകർ ചൂണ്ടിക്കാട്ടി. ബില്ലുകളെ സംബന്ധിച്ച് സുപ്രീം കോടതിയുടെ മുന്നിലുള്ള കേരളത്തിൻ്റെയും തമിഴ്നാടിൻ്റെയും വിഷയങ്ങൾ വ്യത്യസ്തമാണെന്നും അദ്ദേഹം വിലയിരുത്തി.
ഹർജി പരിഗണിച്ച ബെഞ്ച്, വിഷയം ഭരണഘടനാ ബെഞ്ചിന് റഫർ ചെയ്യണമായിരുന്നു. അവർ ചർച്ച ചെയ്ത വിഷയം ഒരു ഭരണഘടനാ വിഷയമായിരുന്നു. ബില്ലിന് അംഗീകാരം നൽകാൻ ഗവർണർക്ക് ഭരണഘടന ഒരു സമയപരിധിയും നിശ്ചയിച്ചിട്ടില്ല. എന്നാൽ സുപ്രീം കോടതി സമയപരിധി വേണമെന്ന് പറഞ്ഞാൽ, അത് ഒരു ഭരണഘടനാ ഭേദഗതിയായി മാറുന്നു. ഭരണഘടനാ ഭേദഗതി കോടതിയാണ് ചെയ്യുന്നതെങ്കിൽ, നിയമസഭയും പാർലമെൻ്റും പിന്നെ എന്തിനാണ്? ഭരണഘടന ഭേദഗതികൾ കൊണ്ടുവരാനുള്ള അവകാശം പാർലമെൻ്റിനാണ്. ഭേദഗതിക്ക് മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിക്കണം. അവിടെ ഇരിക്കുന്ന 2 ജഡ്ജിമാരാണോ ഭരണഘടനാ ഭേദഗതി തീരുമാനിക്കുന്നത്? എനിക്ക് ഇത് മനസ്സിലാകുന്നില്ല. ഇത് ജുഡീഷ്യറിയുടെ അതിരുകടന്ന ഇടപെടലാണ്. അവർ ഇത് ചെയ്യാൻ പാടില്ലായിരുന്നു.– ഗവർണർ പറഞ്ഞു.
ഒരു നിശ്ചിത സമയപരിധി ഉണ്ടായിരിക്കണമെന്നാണ് സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്. പക്ഷേ അതു തീരുമാനിക്കേണ്ടത് പാർലമെൻ്റ് ആണ്. തമിഴ്‌നാട് ഗവർണർക്ക് ബില്ലുകളുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങൾ ഉണ്ടാകും. അവർ അതു പരിഹരിക്കട്ടെ. വ്യത്യസ്ത കോടതികളിലായി വർഷങ്ങളായി കെട്ടിക്കിടക്കുന്ന നിരവധി ജുഡീഷ്യൽ കേസുകൾ നമ്മൾ കണ്ടിട്ടുണ്ട്. ഹൈക്കോടതികളും സുപ്രീം കോടതിയിലും ചില കേസുകൾ കെട്ടിക്കിടക്കുന്നു. അതിനുപിന്നിൽ ജഡ്ജിമാർക്കും ചില കാരണങ്ങളുണ്ടാകും. അങ്ങനെയെങ്കിൽ ബില്ലുകളിൽ തീരുമാനം എടുക്കാതിരിക്കാൻ ഗവർണർക്കും ചില കാരണങ്ങളുണ്ടാകാം. അത് അംഗീകരിക്കണം. ഒരു സമയപരിധി വേണമെന്ന് ഈ രാജ്യത്തെ ജനങ്ങൾക്ക് തോന്നുന്നുവെങ്കിൽ, പാർലമെൻ്റിലൂടെ ജനങ്ങൾ അതു തീരുമാനിക്കട്ടെ -ആർലേകർ പറഞ്ഞു.
കേരളത്തിൽ നിലവിൽ ബില്ലുകളൊന്നും തീർപ്പാക്കാതെ കിടക്കുന്നില്ലെന്ന് ഗവർണർ വ്യക്തമാക്കി. ഇവിടെ രാജ്ഭവനിലേക്ക് അയച്ച ബില്ലുകളെല്ലാം ഇതിനകം പരിഗണിച്ചിട്ടുണ്ട്. ചില ബില്ലുകൾ രാഷ്ട്രപതിയുടെ അനുമതിക്കായി അയച്ചിരുന്നു. ഭരണഘടനയിലെ വ്യവസ്ഥകൾ അനുസരിച്ച് രാഷ്ട്രപതി അനുമതി തടഞ്ഞിട്ടുണ്ട്. പ്രശ്നം അവിടെ അവസാനിക്കുന്നു. ഇന്നത്തെ കണക്കനുസരിച്ച്, രാജ്ഭവന് മുന്നിൽ ബില്ലുകളൊന്നും തീർപ്പാക്കാതെ കിടക്കുന്നില്ല.
മുഖ്യമന്ത്രി പിണറായി വിജയനുമായി തനിക്ക് ഒരു നല്ല ബന്ധമുണ്ട്. ഇതുവരെ, തങ്ങൾക്കിടയിൽ വൈരുദ്ധ്യമുള്ള കാര്യങ്ങൾ വന്നിട്ടില്ല. തങ്ങൾ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും അവ പരിഹരിക്കുകയും ചെയ്തു. മുന്നിലുള്ള പ്രശ്നങ്ങൾക്ക് എപ്പോഴും പരിഹാരമുണ്ടെന്നതാണ് തൻ്റെ വാദം. മേശയ്ക്കരികിൽ ഇരിക്കുക എന്നതാണ് ഏക ആവശ്യം. ഇരുന്ന് ചർച്ച ചെയ്താൽ പല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കഴിയും. കേരളത്തിലെ സമയം തനിക്ക് ഇത് ഒരു നല്ല പഠന പ്രക്രിയയാണ്. ആളുകൾ എങ്ങനെയാണെന്നും ഭരണം എങ്ങനെയാണെന്നും സർക്കാർ എങ്ങനെയാണെന്നും രാഷ്ട്രീയ പാർട്ടികൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും മനസ്സിലാക്കാനും പഠിക്കാനും ശ്രമിക്കുകയാണ് -ഗവർണർ പറഞ്ഞു.
ഗുരുതരമായ ആരോപണമാണ് ഭരണഘടനാ സ്ഥാനത്തിരിക്കുന്ന സംസ്ഥാന ഗവർണർ സുപ്രീം കോടതിക്കെതിരേ ഉന്നയിച്ചിരിക്കുന്നത്. ജസ്റ്റിസ് ജെ.ബി.പർദിവാല, ജസ്റ്റിസ് ആർ.മഹാദേവൻ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് തമിഴ്നാട് ഗവർണറുമായി ബന്ധപ്പെട്ട കേസിൽ വിധി പറഞ്ഞത്.