Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: നിയമസഭകൾ പാസ്സാക്കുന്ന ബില്ലുകൾ ഗവർണർമാർ അയച്ചാൽ രാഷ്ട്രപതി 3 മാസത്തിനുള്ളിൽ അതിന്മേൽ തീരുമാനം എടുക്കണമെന്ന് സുപ്രീം കോടതി. തീരുമാനം വൈകിയാൽ അതിനുള്ള കാരണം സംസ്ഥാന സർക്കാരിനെ രേഖാമൂലം അറിയിക്കണമെന്ന് ജസ്റ്റിസ്മാരായ ജെ.ബി.പർദിവാല, ആർ.മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
രാഷ്ട്രപതിയുടെ തീരുമാനം വൈകിയാൽ അത് കോടതിയിൽ ചോദ്യം ചെയ്യാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് ഉണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. രാഷ്ട്രപതി അനുമതി നിഷേധിച്ചാല്‍ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യാം. ഓര്‍ഡിനന്‍സുകളില്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു.
നിയമസഭ പാസ്സാക്കിയ ബില്ലുകളിൽ തീരുമാനം എടുക്കാതെ പിടിച്ചുവെയ്ക്കുകയും പിന്നിട്ട് രാഷ്ട്രപതിക്ക് അയയ്ക്കുകയും ചെയ്ത തമിഴ്നാട് ഗവർണർ ആർ.എൻ.രവിയുടെ നടപടി ഭരണഘടന വിരുദ്ധം ആണെന്ന് വിധിച്ച് കൊണ്ടുള്ള വിധിയിലാണ് സുപ്രീം കോടതി രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചത്. ഏപ്രിൽ 8ന് തുറന്ന കോടതിയിൽ പുറപ്പെടുവിച്ച വിധിയുടെ പൂർണ്ണ രൂപം വെള്ളിയാഴ്ച അർദ്ധരാത്രിയാണ് സുപ്രീം കോടതി വെബ് സൈറ്റിൽ അപ്ലോഡ് ചെയ്തത്. വിധിയുടെ പകർപ്പ് എല്ലാ ഗവർണർമാരുടെ പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും ഹൈകോടതികൾക്കും അയച്ച് കൊടുക്കാൻ സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്.
നിയമസഭകൾ പാസ്സാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ രാഷ്ട്രപതിക്ക് സുപ്രീം കോടതി സമയ പരിധി നിശ്ചയിക്കുന്നത് ആദ്യമായാണ്. ഗവർണർമാർ അയക്കുന്ന ബില്ലുകളിൽ രാഷ്ട്രപതി സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച് ഭരണഘടനയുടെ 201ാം അനുച്ഛേദത്തിൽ വിശദീകരിച്ചിട്ടുണ്ട്. എന്നാൽ ഈ അനുച്ഛേദത്തിൽ സമയ പരിധി നിശ്ചയിച്ചിരുന്നില്ല. ബില്ലുകളിൽ രാഷ്ട്രപതിയുടെ തീരുമാനം വൈകരുത് എന്ന് സർക്കാരിയ, പൂഞ്ചി കമ്മീഷനുകളുടെ ശുപാർശകളിലും കേന്ദ്ര സർക്കാർ ഇറക്കിയിട്ടുള്ള മാനദണ്ഡത്തിലും വിശദീകരിച്ചിട്ടുണ്ട് എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതിനാൽ യുക്തമായ സമയത്തിനുള്ളിൽ ഒരു ഭരണഘടന അതോറിറ്റി തീരുമാനം എടുത്തില്ലെങ്കിൽ അത് കോടതിയിൽ ചോദ്യം ചെയ്യാം എന്നും കോടതി പറഞ്ഞു.
ബില്ലുകളിൽ തീരുമാനം എടുക്കുന്നതിന് ഗവർണർമാർക്കുള്ള സമയപരിധി സംബന്ധിച്ചും വിധിയിൽ വിശദീകരിച്ചിട്ടുണ്ട്. സംസ്ഥാന മന്ത്രിസഭയുടെ ഉപദേശ പ്രകാരം ബില്ല് തിരിച്ച് അയക്കുകയോ, രാഷ്ട്രപതിക്ക് അയക്കുകയോ ചെയ്യുന്നെങ്കിൽ അത് 1 മാസത്തിനകം വേണം. മന്ത്രിസഭയുടെ ഉപദേശമില്ലാതെ ബില്ല് തിരിച്ചയക്കുകയാണെങ്കില്‍ അത് 3 മാസത്തിനുള്ളിൽ വേണം. തിരിച്ച് അയച്ച ബില്ലുകൾ നിയമസഭ വീണ്ടും പാസ്സാക്കി അയച്ചാൽ അതിൽ ഗവർണർ 1 മാസത്തിനുള്ളിൽ അംഗീകാരം നൽകണം. തിരിച്ചയയ്ക്കുന്ന ബില്ലുകൾ നിയമസഭ വീണ്ടും പാസ്സാക്കി അയച്ചാൽ ഗവർണർ അതിന് അംഗീകാരം നൽകിയേ മതിയാകൂ.
നിയമസഭ പാസാക്കിയ 10 ബില്ലുകളാണ് തമിഴ്നാട് ഗവര്‍ണര്‍ തടഞ്ഞുവച്ചത്. വീണ്ടും സഭ പാസാക്കിയതോടെ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയച്ചു. രണ്ടാമതും നിയമസഭ പാസാക്കിയ ബില്ലുകള്‍ തടഞ്ഞുവെയ്ക്കുന്നത് അന്യായവും തെറ്റായ കീഴ്‌വഴക്കവുമാണെന്നു കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ രാഷ്ട്രപതി ബില്ലിന്‍മേല്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ നിയമപരമായി അസാധുവായിരിക്കുമെന്നും കോടതി വ്യക്തമാക്കി.