29 C
Trivandrum
Sunday, April 20, 2025

കെ.എസ്.ആർ.ടി.സി. ബ്രെത്ത് അനലൈസർ വിവാദം; ജയപ്രകാശ് മദ്യപിച്ചിട്ടിലെന്ന് മെഡിക്കൽ ഓഫീസർ

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. പാലോട് ഡിപ്പോയിലെ ബ്രെത്ത് അനലൈസര്‍ വിവാദത്തില്‍ ഡ്രൈവര്‍ ജയപ്രകാശ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തി. കെ.എസ്.ആർ.ടി.സി. മെഡിക്കല്‍ ഓഫീസറുടെ പരിശോധനയിലാണ് ജയപ്രകാശ് മദ്യപിച്ചിട്ടില്ല എന്ന് കണ്ടെത്തിയത്. ബ്രെത്ത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച രാവിലെ ജോലിക്കെത്തിയ ജയപ്രകാശിനെ (52) ഡ്യൂട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്തിയത്.

എന്നാല്‍ താന്‍ ജീവിതത്തില്‍ ഇതുവരെയും മദ്യപിച്ചിട്ടില്ല എന്നായിരുന്നു ജയപ്രകാശിൻ്റെ വാദം. പാലോട്-പേരയം റൂട്ടിലെ ഡ്രൈവറാണ് പച്ചമല സ്വദേശിയായ ജയപ്രകാശ്. രാവിലെ ബസ് ഓടിക്കാന്‍ വന്നപ്പോഴാണ് ബ്രെത്ത് അനലൈസര്‍ ഉപയോഗിച്ച് ഊതിച്ചത്. മെഷീനില്‍ സിഗ്നല്‍ 16 കാണിച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്തി. പിന്നാലെ, താന്‍ ജീവിതത്തില്‍ ഇതുവരെയും മദ്യപിച്ചിട്ടില്ലെന്നും കഴിഞ്ഞ രണ്ടാഴ്ചയായി ഈ മെഷീന്‍ തകരാറിലാണ് എന്നും ജയപ്രകാശ് അധികൃതരെ അറിയിച്ചു.

വീണ്ടും ഊതാന്‍ അവസരം തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും സ്റ്റേഷന്‍ മാസ്റ്റര്‍ അനുവദിക്കാഞ്ഞതോടെ ജയപ്രകാശ് കുടുംബവുമായി കെ.എസ്.ആർ.ടി.സി. സ്റ്റാന്‍ഡിലെത്തി ഉപവാസം തുടങ്ങി. മെഷീന്‍ തകരാറിലാണെന്നും തനിക്ക് മെഡിക്കല്‍ ടെസ്റ്റ് നടത്താനുള്ള അനുമതി നല്‍കണമെന്നുമായിരുന്നു ജയപ്രകാശിൻ്റെ വാദം. സംഭവത്തില്‍ പാലോട് പൊലീസ് സ്‌റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു. പിന്നാലെയാണ് കെ.എസ്.ആർ.ടി.സി. മെഡിക്കല്‍ ഓഫീസര്‍ ജയപ്രകാശിനെ പരിശോധിച്ചത്.

പരിശോധനയില്‍ ജയപ്രകാശ് മദ്യപിച്ചിട്ടില്ല എന്ന് കണ്ടെത്തി. ഇദ്ദേഹം കഴിക്കുന്ന മരുന്നുകളുടെയടക്കം വിവരങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കിയിരുന്നു. ഈ മരുന്നുകളുടെ കൂടി പരിശോധനാ ഫലങ്ങള്‍ പരിഗണനയില്‍ എടുത്തുകൊണ്ടാണ് ജയപ്രകാശ് മദ്യപിച്ചിട്ടില്ല എന്ന നിഗമനത്തില്‍ കെ.എസ്.ആർ.ടി.സി. എത്തിയത്. ശനിയാഴ്ച മുതല്‍ ജയപ്രകാശിന് ജോലിയില്‍ പ്രവേശിക്കാം.

ആഴ്ചകള്‍ക്കു മുമ്പ് കോഴിക്കോട് കെ.എസ്.ആർ.ടി.സി. ഡിപ്പോയിലും സമാന സാഹചര്യമുണ്ടായിരുന്നു. മദ്യപിക്കാത്ത ഡ്രൈവര്‍ ഷിബീഷിനെയായിരുന്നു മദ്യപിച്ചതായി ബ്രെത്ത് അനലൈസര്‍ പരിശോധനയില്‍ കണ്ടെത്തിയത്. എന്നാല്‍, ഹോമിയോ മരുന്ന് കഴിച്ചതാണെന്ന് അറിയിച്ചതോടെ ഷിബീഷിനെ തിരുവനന്തപുരത്തേയ്ക്ക് വിളിപ്പിച്ച് വിശദമായ പരിശോധന നടത്തി.

മെഡിക്കല്‍ ബോര്‍ഡിനും എക്സിക്യൂട്ടീവ് ഡയറക്ടർ -വിജിലന്‍സിനും മുന്നില്‍ ഹാജരായ ഷിബീഷിനെ ഹോമിയോ മരുന്ന് കഴിക്കാതെ ആദ്യം പരിശോധിച്ചു. മദ്യപിച്ചിട്ടില്ലെന്ന് റിസള്‍ട്ട് വന്നു. പിന്നീട് ഹോമിയോ മരുന്ന് കഴിച്ച 5 മിനിട്ടിന് ശേഷം പരിശോധിച്ചപ്പോള്‍ ബ്രെത്ത് അനലൈസറില്‍ 5 ശതമാനം ആല്‍ക്കഹോള്‍ അംശം ഉള്ളതായി റിസള്‍ട്ട് നല്‍കി. ഇതോടെ മദ്യപിച്ചിട്ടില്ലെന്ന ഷിബീഷിൻ്റെ വാദം ശരിയാണെന്ന വിലയിരുത്തലില്‍ കെ.എസ്.ആർ.ടി.സി. എത്തുകയായിരുന്നു. ഷിബീഷിനെതിരെ നടപടി വേണ്ടെന്നും കെ.എസ്.ആർ.ടി.സി. തീരുമാനിച്ചു.

Recent Articles

Related Articles

Special

Enable Notifications OK No thanks