Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: മുണ്ടക്കൈ–ചൂരൽമല ദുരിതബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണിക്കണമെന്ന് ആവർത്തിച്ച് ഹൈക്കോടതി. ജീവനോപാധി എന്നന്നേക്കുമായി നഷ്ടമായവരാണെന്നും ഈ സാഹചര്യത്തെ കോവിഡ് കാലവുമായി താരതമ്യം ചെയ്യരുതെന്നും ഹൈക്കോടതി പറഞ്ഞു.
വയനാട് ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ ജസ്റ്റിസുമാരായ ഡോ.എ.കെ.ജയശങ്കരൻ നമ്പ്യാരും എസ്.ഈശ്വരനും അടങ്ങിയ ഹൈക്കോടതി പ്രത്യേക ബെഞ്ചാണ് പരിഗണിക്കുന്നത്. ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്ന് നേരത്തെതന്നെ ഉന്നയിക്കപ്പെട്ടിരുന്ന വിഷയമാണ്. ഇത് എഴുതിത്തള്ളണമെന്നതാണ് ഹൈക്കോടതിയുടെ നിലപാട്. ദേശീയ ദുരന്ത നിവാരണ നിയമം (എൻ.ഡി.എം.എ.) അനുസരിച്ച് വായ്പ എഴുതിത്തള്ളലിന് അടക്കം സാഹചര്യമുണ്ട്. കേരള ബാങ്ക് വായ്പ പൂർണമായും എഴുതിത്തള്ളിയിട്ടുണ്ട്. മറ്റു ബാങ്കുകൾക്കും ഇതു പരിഗണിക്കാൻ കഴിയില്ലേ എന്ന് ഹൈക്കോടതി ചോദിച്ചു.
ദുരിതബാധിതരുടെ വായ്പയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ മൊറട്ടോറിയമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കടം എഴുതിത്തള്ളണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുക്കണം. വായ്പ എഴുതിത്തള്ളാൻ കഴിയില്ലെന്നും മൊറട്ടോറിയം പ്രഖ്യാപിച്ചു വായ്പ പുനഃക്രമീകരണം നടത്താൻ മാത്രമേ സാധിക്കൂ എന്നും കേന്ദ്ര സർക്കാർ അറിയിച്ചു. മുഖ്യമന്ത്രി കൂടി പങ്കെടുത്ത എസ്.എൽ.ബി.സി. യോഗത്തിൻ്റെ തീരുമാന പ്രകാരം ആർ.ബി.ഐ. ചട്ടങ്ങൾ അനുസരിച്ചാണു തീരുമാനത്തിൽ എത്തിയതെന്നും കേന്ദ്രം വ്യക്തമാക്കി. എന്നാൽ ഇതിനെ സംസ്ഥാന സർക്കാർ എതിർത്തു.
ബാങ്ക് വായ്പ എഴുതിത്തള്ളണമെന്നാണു എസ്.എൽ.ബി.സി. യോഗം തീരുമാനമെടുത്തതെന്നു സംസ്ഥാന സർക്കാർ കോടതിയിൽ വ്യക്തമാക്കി. മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും ബാങ്ക് വായ്പ എഴുതിത്തള്ളണമെന്നാണ് ആവശ്യപ്പെട്ടത്. ഇതിൻ്റെ രേഖകളും സംസ്ഥാന സർക്കാർ കോടതിയിൽ ഹാജരാക്കി. എന്നാൽ ഇതു സംബന്ധിച്ച് ബാങ്കുകളെ നിർബന്ധിക്കാൻ കഴിയില്ലെന്നു കേന്ദ്രം വ്യക്തമാക്കി. ഈ സമയത്ത് ഇടപെട്ട കോടതി, വായ്പ എഴുതി തള്ളുന്ന കാര്യം പരിഗണിക്കണമെന്നു തങ്ങൾ നിർദേശിച്ചിരുന്നെന്ന കാര്യം ചൂണ്ടിക്കാട്ടി.
ദേശീയ ദുരന്ത നിവാരണ നിയമത്തിലെ 13ാം വകുപ്പ് അനുസരിച്ച് വായ്പ എഴുതിത്തള്ളൽ അടക്കം ചെയ്യാവുന്നതാണ്. വലിയ ദുരന്തമാണ് ഉണ്ടായതെന്നു കേന്ദ്രം വിലയിരുത്തിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ നിയമത്തിലെ വകുപ്പുകളും അവിടെയുണ്ട്. ഈ സാഹചര്യങ്ങൾ കണക്കിലെടുത്തു വായ്പ എഴുതിത്തള്ളുന്നത് പരിഗണിച്ചു കൂടേ എന്ന് കോടതി ചോദിച്ചു.
കോവിഡ് കാലത്ത് എം.എസ്.എം.ഇകള്‍ വായ്പ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍, അത് നിരാകരിച്ച കാര്യം കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചു. അപ്പോഴാണ് ഇത് കോവിഡ് കാലവുമായി ഒരുകാരണവശാലും താരതമ്യം ചെയ്യാന്‍ കഴിയുന്ന സാഹചര്യമല്ലെന്ന് കോടതി പറഞ്ഞത്. കോവിഡ് കാലത്ത് തല്‍ക്കാലത്തേക്ക് വരുമാനം നിലച്ചുവെന്നേ പറയാനാകൂ. എന്നാല്‍, വയനാട് ദുരിതബാധിതരുടെ കാര്യം അങ്ങനെയല്ല. എന്നന്നേക്കുമായി അവരുടെ ജീവനോപാധി നഷ്ടപ്പെട്ടതാണ്. അതിനാല്‍ അവരുടെ വായ്പകള്‍ എഴുതിത്തള്ളണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
കേരള ബാങ്ക് പോലെ ഒരു ബാങ്കിന് ദുരിതബാധിതരുടെ വായ്പ എഴുതി തള്ളാമെങ്കിൽ മറ്റുള്ളവർക്കും അക്കാര്യം പരിഗണിച്ചു കൂടേ എന്നു കോടതി വാക്കാൽ പരാമര്‍ശിച്ചു. ഈ സാഹചര്യത്തിൽ ദുരിത ബാധിതരുടെ വായ്പ എഴുതിത്തള്ളുന്ന കാര്യം കേന്ദ്ര സർക്കാർ വീണ്ടും പരിഗണിക്കണമെന്നു കോടതി നിർദേശിച്ചു. ഇതിനൊപ്പം, വീണ്ടും മൺസൂൺ എത്താറാകുന്ന സാഹചര്യത്തിൽ മുന്നറിയിപ്പു സംവിധാനമടക്കം എല്ലാം നേരത്തേ തന്നെ സജ്ജമാക്കാൻ ദുരന്ത നിവാരണ അതോറിറ്റിക്കും ഹൈക്കോടതി നിർദേശം നൽകി. 12 ബാങ്കുകളില്‍നിന്നായി 320 കോടിയോളം രൂപയുടെ വായ്പയാണുള്ളത്.