Follow the FOURTH PILLAR LIVE channel on WhatsApp
വാഷിങ്ടൺ: യു.എസ്. ഉത്പന്നങ്ങൾക്ക് അന്യായ ഇറക്കുമതിതീരുവ ഈടാക്കുന്നുവെന്ന് ആരോപിച്ച് ചുമത്തിയ പകരച്ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ച് യു.എസ്. കഴിഞ്ഞ ദിവസം യു.എസ്. പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ പകരച്ചുങ്കമാണ് താൽകാലികമായി മരവിപ്പിച്ചത്. 90 ദിവസത്തേക്ക് അടിസ്ഥാന പകരച്ചുങ്കം 10 ശതമാനം മാത്രമായിരിക്കും. അധികമായി കഴിഞ്ഞ ദിവസം ചുമത്തിയ തീരുവയാണ് 3 മാസത്തേക്ക് മരവിപ്പിച്ചത്.
എന്നാൽ ചൈനയ്ക്ക് ഇളവ് നൽകാൻ തയാറാകാതിരുന്ന യു.എസ്., ചൈനയ്ക്കുള്ള ഇറക്കുമതിത്തീരുവ 125 ശതമാനമായി ഉയര്‍ത്തുകയും ചെയ്തു. ചൈനയ്‌ക്കു മേൽ മൂന്നാം തവണയാണ് യു.എസ്. പകരച്ചുങ്കം ചുമത്തുന്നത്.
പകരച്ചുങ്കം നടപ്പാക്കാനുള്ള യു.എസ്. തീരുമാനം ആഗോളതലത്തിൽ ഓഹരി വിപണികളിൽ പ്രതിഫലിച്ചതിനു പിന്നാലെയാണ് നടപടി മരവിപ്പിക്കാനുള്ള ട്രംപിൻ്റെ തീരുമാനമെന്നു വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഓഹരി വിപണികളിൽ സമീപകാലത്തെ ഏറ്റവും വലിയ തകർച്ച നേരിട്ട യു.എസ്., പകരച്ചുങ്കം പ്രാബല്യത്തിൽ വരുന്നതോടെ കൂടുതൽ തകർച്ച അഭിമുഖീകരിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. കയറ്റുമതിയിൽ ഇടിവ്, വിദേശ ബന്ധങ്ങളിൽ തകർച്ച എന്നിവയ്‌ക്കൊപ്പം വിലക്കയറ്റവും ആസന്നമാണെന്നും വിലയിരുത്തലുണ്ട്.
പുതുക്കിയ തീരുവ പ്രാബല്യത്തിൽ വരാനിരിക്കെ അപ്രതീക്ഷിത പ്രഖ്യാപനത്തിലൂടെ പകരച്ചുങ്കം മരവിപ്പിച്ച ട്രംപ് ലക്ഷ്യമിടുന്നത് എന്താണെന്ന് വ്യക്തമല്ല. എന്നാൽ ഈ കാലയളവിനുള്ളിൽ ലോകരാജ്യങ്ങളെ യുഎസുമായി ധാരണയിലെത്താൻ പ്രേരിപ്പിക്കുകയാണ് ലക്ഷ്യമെന്നാണ് നിഗമനം. പകരച്ചുങ്കം മരവിപ്പിച്ച നടപടിക്കു പിന്നാലെ യു.എസ്. പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്, യു.എസ്. ട്രഷറി സെക്രട്ടറി സ്കോട്ട് ബെസൻ്റ്, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റ് എന്നിവരുടെ പ്രസ്താവന ഇതിലേക്കാണ് വിരൽചൂണ്ടുന്നതെന്നാണ് സൂചന.
‘കരാർ ഉണ്ടാക്കാൻ തയാറാണെന്ന് അവർ എന്നെ വിളിച്ചു കെഞ്ചുകയാണ്’ – ട്രംപ് വ്യക്തമാക്കി. യു.എസുമായി ധാരണയിലെത്താൻ 75 ലേറെ രാജ്യങ്ങളെ നിർബന്ധിതരാക്കിയ വിജയകരമായ തന്ത്രമാണ് പകരച്ചുങ്കമെന്നാണ് സ്കോട്ട് ബെസൻ്റ് പറഞ്ഞത്. ട്രംപിൻ്റെ ധൈര്യത്തെ സ്കോട്ട് ബെസൻ്റ് അഭിനന്ദിക്കുകയും ചെയ്തു. ‘പ്രസിഡൻ്റ് ട്രംപ് ഇവിടെ എന്താണ് ചെയ്യുന്നതെന്ന് മനസിലാക്കുന്നതിൽ നിങ്ങൾ പരാജയപ്പെട്ടു. ലോക രാജ്യങ്ങൾ ചൈനയോട് കൂടുതൽ അടുക്കുമെന്നാണ് നിങ്ങൾ പറയാൻ ശ്രമിച്ചത്. എന്നാൽ യഥാർഥത്തിൽ മറിച്ചാണ് സംഭവിക്കുന്നത്. ലോകരാജ്യങ്ങൾ ചൈനയെയല്ല, യു.എസിനെ സമീപിക്കുകയാണ്, കാരണം അവർക്ക് ഞങ്ങളുടെ വിപണി ആവശ്യമാണ്.’ – വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് കാരലിൻ ലീവിറ്റ് പറഞ്ഞു.
യു.എസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് ഉയർന്ന തീരുവ ഈടാക്കി ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ദ്രോഹിക്കുകയാണ് എന്നാരോപിച്ചാണ് ട്രംപ് പകരം തീരുവയ്ക്കുള്ള നടപടികൾ തുടങ്ങിയത്. ഏപ്രിൽ 2നകം ഇറക്കുമതി തീരുവ പിൻവലിച്ചില്ലെങ്കിൽ പകരച്ചുങ്കം പ്രാബല്യത്തിൽ വരുമെന്നാണ് പറഞ്ഞിരുന്നത്. അമേരിക്കൻ പണം കൊണ്ട് മറ്റു രാജ്യങ്ങൾ സമ്പന്നരായെന്നും പുതിയ നടപടിയിലൂടെ രാജ്യത്ത് കൂടുതൽ വ്യവസായങ്ങൾ വരുമെന്നും ദേശീയ കടവും നികുതി നിരക്കുകളും കുറയ്ക്കാൻ കഴിയുമെന്നും ട്രംപ് പറഞ്ഞിരുന്നു.