Follow the FOURTH PILLAR LIVE channel on WhatsApp
സാൻ്റോ ഡൊമിങോ: കരീബിയൻ ദ്വീപ് രാഷ്ട്രമായ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ ക്ലബ്ബിൻ്റെ മേൽക്കൂര തകർന്നു വീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 113 ആയി. ബുധനാഴ്ച പുലർച്ചെയോടെയുണ്ടായ അപകടത്തിൽ ഇപ്പോഴും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
തലസ്ഥാന നഗരമായ സാൻ്റോ ഡൊമിങോയിലെ ഐതിഹാസികമായ നിശാ ക്ലബായ ജെറ്റ് സെറ്റ് ക്ലബ്ബിലാണ് അപകടം സംഭവിച്ചത്. സംഗീതനിശ ആസ്വദിക്കാൻ എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. ആളുകൾ നൃത്തം ചെയ്തുകൊണ്ടിരിക്കുന്നതിനിടെ കോൺക്രീറ്റ് സ്ലാബുകൾ ഇടിഞ്ഞുവീഴുകയായിരുന്നു.
അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടത്തിൽ 255 ലധികം പേർക്കു പരുക്കേറ്റതായി അധികൃതർ അറിയിച്ചു.
ഡൊമിനിക്കൻ റിപ്പബ്ലിക്കിൻ്റെ ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ ദുരന്തമാണ് ജെറ്റ് സെറ്റ് ക്ലബിൽ നടന്നതെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കണ്ടെത്തിയവയിൽ 32 മൃതദേഹങ്ങൾ മാത്രമേ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടുള്ളൂ.