Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: തൊടുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും പീഡനമോ പീഡന ശ്രമമമോ അല്ലെന്ന വിവാദ ഉത്തരവിട്ട അലഹാബാദ് ഹൈക്കോടതിയിൽ നിന്ന് ആഴ്ചകൾക്കിപ്പുറം മറ്റൊരു വിവാദ വിധി കൂടി. യുവതി പീഡനത്തിനിരയായ വിഷയത്തിൽ, അക്രമം അവൾ വിളിച്ചുവരുത്തുകയായിരുന്നുവെന്നും പെണ്ണാണ് ഉത്തരവാദിയെന്നും പറഞ്ഞ ജഡ്ജി പ്രതിയുടെ ജാമ്യപേക്ഷ അംഗീകരിക്കുകയും ചെയ്തു. ജസ്റ്റിസ് സഞ്ജയ് കുമാർ സിങ്ങാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
2024 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. ഡൽഹിയിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയായ യുവതി പേയിങ് ഗസ്റ്റായായിരുന്നു താമസിച്ചുവന്നിരുന്നത്. പെൺകുട്ടിയും അവളുടെ പെൺസുഹൃത്തുക്കളും 2024 സെപ്റ്റംബർ 21ന് ഹൗസ് ഘാസ് എന്ന റെസ്റ്റാറൻ്റിലെത്തി. അവിടെവെച്ച് പ്രതിയുൾപ്പെടെ മുൻപരിചയമുള്ള ചില പുരുഷന്മാരെ കണ്ടുമുട്ടി. പുലർച്ചെ 3 മണിവരെ യുവതിയും കൂട്ടുകാരും അവിടെ ചെലവഴിച്ചു.
മദ്യപിച്ച അവസ്ഥയിലായിരുന്ന തന്നെ പ്രതി വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് നിർബന്ധിച്ചുവെന്ന് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അയാളുടെ നിരന്തരമായ അഭ്യർത്ഥനകൾ കാരണം ഒടുവിൽ “വിശ്രമിക്കാൻ” അയാളുടെ വീട്ടിലേക്ക് പോകാൻ അവൾ സമ്മതിച്ചു. യാത്രയ്ക്കിടെ പ്രതി തന്നെ അനുചിതമായി സ്പർശിച്ചുവെന്നും നോയിഡയിലെ വസതിയിലേക്ക് കൊണ്ടുപോകുന്നതിനുപകരം ഗുഡ്ഗാവിലെ ഒരു ബന്ധുവിൻ്റെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നും യുവതി ആരോപിച്ചു.
2 തവണ പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. എന്നാൽ, ഇതിൽ വസ്തുത ഇല്ലെന്നും സ്വന്തം താല്പര്യപ്രകാരം പോയി സമ്മതത്തോടെ ലൈംഗികബന്ധത്തിൽ ഏർപ്പെടുകയായിരുന്നുവെന്നാണ് പ്രതിഭാഗം വാദിച്ചത്. ഇതു സംബന്ധിച്ച് വാദി ഭാഗത്തിന് യാതൊരു തർക്കവുമുണ്ടായിരുന്നില്ലെന്നു കോടതി നിരീക്ഷിച്ചു. യുവതി പറയുന്ന ആരോപണം അംഗീകരിച്ചാൽ പോലും പെൺകുട്ടി അപകടം വിളിച്ചുവരുത്തുകയായിരുന്നുവെന്നും ജഡ്ജി പറഞ്ഞു. കന്യാചർമത്തിൽ ക്ഷതമേറ്റിട്ടുണ്ടെങ്കിലും പീഡനമാണെന്ന് ഡോക്ടർ ഉറപ്പിച്ചു പറഞ്ഞിട്ടില്ല -ഉത്തരവിൽ പറയുന്നു. അന്വേഷണത്തോട് സഹകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിയെ ജാമ്യത്തിലും വിട്ടു.
സ്ത്രീകളുടെ മാറിടം സ്പർശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാൻ ശ്രമിക്കുന്നതും വലിച്ചിഴയ്ക്കുന്നതും ബലാത്സംഗശ്രമത്തിനുള്ള തെളിവായി കാണാനാകില്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ മറ്റൊരു വിവാദ ഉത്തരവ് മാർച്ച് 26ന് സുപ്രീം കോടതി സ്റ്റേ ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് ഇപ്പോഴത്തെ പരാമർശം വരുന്നത്. ബലാത്സംഗശ്രമവും ബലാത്സംഗത്തിനുള്ള തയ്യാറെടുപ്പും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ചാണ് നേരത്തേ വിവാദമുണ്ടാക്കിയ ജസ്റ്റിസ് രാം മനോഹർ നാരായൺ മിശ്രയുടെ പരാമർശം. ഈ വിധി വിവാദമാകുകയും രാജ്യമാകെ വലിയ പ്രതിഷേധത്തിനിടയാക്കുകയുമുണ്ടായി. ഇതിന് പിന്നാലെയാണ് വീണ്ടും പീഡനാരോപണ കേസിൽ സ്ത്രീയാണ് ഉത്തരവാദി എന്ന രീതിയിൽ പ്രതിയുടെ ജാമ്യാപേക്ഷയിൽ ഉത്തരവിട്ടിരിക്കുന്നത്.
പവൻ, ആകാശ് എന്നിവരുടെ പേരിൽ പ്രാദേശിക കോടതി ചുമത്തിയ ബലാത്സംഗ കുറ്റത്തിനെതിരേ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് രാം മനോഹർ നാരായൺ മിശ്രയുടെ നിരീക്ഷണമുണ്ടായത്. 2021ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വാഹനത്തിൽ കയറ്റി ബലാത്സംഗത്തിന് ശ്രമിച്ചെന്ന കേസിൽ ഇവരുടെപേരിൽ പോക്‌സോ കേസ് ചുമത്തിയിരുന്നു. കേസിൽ സമൻസ് അയച്ച പ്രാദേശിക കോടതിയുടെ നടപടിയെ ചോദ്യംചെയ്താണ് ഹർജി നൽകിയത്. ബലാത്സംഗം തെളിയിക്കാൻ വ്യക്തമായ തെളിവുകൾ വേണമെന്നും ബലാത്സംഗ ശ്രമവും തയ്യാറെടുപ്പും തമ്മിൽ വലിയ അന്തരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ വിവാദം കത്തിനില്ക്കുമ്പോൾ തന്നെയാണ് കോടതിയിൽ നിന്നു വീണ്ടും സ്ത്രീവിരുദ്ധ ഉത്തരവുകളും പരാമർശങ്ങളും ഉയരുന്നത്.