Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: ആശമാര്‍ക്ക് ഏറ്റവും കൂടുതല്‍ തുക നല്‍കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സര്‍ക്കാരിനെതിരെയാണോ ഇന്‍സെൻ്റീവ് ഉയര്‍ത്താത്ത കേന്ദ്ര സര്‍ക്കാരിനെതിരെയാണോ സമരം ചെയ്യേണ്ടതെന്ന് സമരക്കാര്‍ ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 5 തവണ സര്‍ക്കാര്‍ ചര്‍ച്ച നടത്തിയെന്നും അവര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ നടപ്പാക്കാന്‍ പറ്റുന്ന കാര്യങ്ങൾ പലതും സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ആശാ സമരം അവസാനിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും എന്നാല്‍ സമരം നടത്തുന്നവര്‍ക്ക് അങ്ങനെയൊരു താത്പര്യം ഉണ്ടായാല്‍ മാത്രമേ സമരം അവസാനിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ആശ’ എന്നത് കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ്. ഇവരെ കേന്ദ്രസര്‍ക്കാര്‍ ഒരു തൊഴിലാളി വിഭാഗമായി അംഗീകരിച്ചിട്ടില്ല. 2005ലാണ് ഈ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. ആ ഘട്ടത്തില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ പദ്ധതി നടപ്പാക്കിയില്ല. 2006ല്‍ എൽ.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് പദ്ധതി കേരളത്തില്‍ നടപ്പാക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഇത് പ്രഖ്യാപിക്കുമ്പോഴുണ്ടായ ഇന്‍സെൻ്റീവ് തന്നെയാണ് ഇപ്പോഴും നല്‍കിവരുന്നത്.
രാജ്യത്ത് ആശമാര്‍ക്ക് മികച്ച ഓണറേറിയം നല്‍കുന്ന സംസ്ഥാനമാണ് കേരളം. 2016ല്‍ എൽ.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 1000 രൂപ മാത്രമാണ് ഓണറേറിയമായി നിശ്ചയിച്ചിരുന്നത്. 2016 മുതല്‍ ഇതുവരെ എൽ.ഡി.എഫ്. സര്‍ക്കാര്‍ 6000 രൂപയുടെ വര്‍ധനയാണ് ഓണറേറിയത്തില്‍ ആശമാര്‍ക്ക് നല്‍കിയത്. ആശമാര്‍ക്ക് ഏറ്റവും കൂടുതല്‍ തുക നല്‍കുന്ന സര്‍ക്കാരാണ് കേരളത്തിലേത്. ആ സര്‍ക്കാരിനെതിരേയാണോ ഇന്‍സെൻ്റീവ് ഉയര്‍ത്താത്ത കേന്ദ്രസര്‍ക്കാരിനെതിരേയാണോ സമരം ചെയ്യേണ്ടത്? ഇത് സമരം ചെയ്യുന്നവര്‍ ആലോചിക്കേണ്ടകാര്യമാണല്ലോ. – മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ സംസ്ഥാനത്താകെ 26,125 ആശാവര്‍ക്കര്‍മാരാണുള്ളത്. 99 ശതമാനം ആശാവര്‍ക്കര്‍മാരും സമരത്തിനില്ല. ബഹുഭൂരിപക്ഷവും ഇപ്പോഴും സേവനത്തിലാണ്. അതുകൊണ്ട് ആരോഗ്യമേഖലയെ ഒരുതരത്തിലും ബാധിക്കുന്ന ഒരുസമരമായി ഇതു മാറുന്നില്ല. പക്ഷേ ചെറിയ വിഭാഗമായതുകൊണ്ട് അവഗണിക്കാനല്ല സര്‍ക്കാര്‍ തയ്യാറായത്. അവരുമായി ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ കഴിയുമോയെന്ന ശ്രമമാണ് സര്‍ക്കാര്‍ നടത്തിയത്. 5 തവണ അവരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയെന്നും അവര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ നടപ്പാക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ പലതും സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.