Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡല്‍ഹി: ഉത്തർപ്രദേശ് പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. ഉത്തര്‍പ്രദേശില്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തുന്ന സിവില്‍ കേസുകള്‍ ക്രിമിനല്‍ കേസുകളാക്കി മാറ്റപ്പെടുന്ന സാഹചര്യം ശ്രദ്ധയില്‍പെട്ടതോടെയായിരുന്നു കോടതിയുടെ വിമര്‍ശനം. യു.പിയില്‍ നിയമവാഴ്ച പൂര്‍ണമായി തകര്‍ന്നുവെന്നും സിവില്‍ കേസ് ക്രിമിനല്‍ കേസാക്കി മാറ്റുന്ന പ്രവണത അംഗീകരിക്കാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
തിങ്കളാഴ്ച സുപ്രീംകോടതിയില്‍ എത്തിയ ഒരു ക്രിമിനല്‍ കേസില്‍ വാദം കേള്‍ക്കവെയാണ് ഈ പ്രശ്‌നം ചീഫ് ജസ്റ്റിസിൻ്റെ ശ്രദ്ധയില്‍പെട്ടത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ.വി.വിശ്വനാഥന്‍ എന്നിവരടങ്ങുന്ന ബെഞ്ചായിരുന്നു കേസില്‍ വാദം കേട്ടിരുന്നത്. കേസിൻ്റെ വാദം നടക്കുന്നതിനിടെ പ്രതിഭാഗത്തിൻ്റെ അഭിഭാഷകന്‍ എഴുന്നേറ്റ് ഇതൊരു ക്രിമിനല്‍ കേസല്ല, സിവില്‍ കേസാണെന്ന് കോടതിയെ അറിയിക്കുകയായിരുന്നു.
സിവില്‍ കേസില്‍ തീര്‍പ്പുണ്ടാകാന്‍ കാലതാമസം എടുക്കും എന്ന സാഹചര്യം കണക്കിലെടുത്ത് എഫ്.ഐ.ആറില്‍ ഇതൊരു ക്രിമിനല്‍ കേസാക്കി എഴുതുകയായിരുന്നു എന്നായിരുന്ന അഭിഭാഷകന്‍ പറഞ്ഞത്. പിന്നാലെയായിരുന്നു ചീഫ് ജസ്റ്റിസിൻ്റെ വിമര്‍ശനം. ‘ഇതൊക്കെ തെറ്റാണ്. യു.പിയില്‍ എന്തൊക്കെയാണീ നടക്കുന്നത്. ദിവസേനയെന്നോണം സിവില്‍ തര്‍ക്കങ്ങളെ ക്രിമിനല്‍ കേസുകളാക്കി മാറ്റുന്നു. കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല എന്നതൊക്കെ എങ്ങനെയാണ് ക്രിമിനല്‍ കേസാക്കുന്നത്?’ -ചീഫ് ജസ്റ്റിസ് ചോദിച്ചു.
‘സിവില്‍ കേസുകളില്‍ കാലതാമസം നേരിടും എന്നുപറഞ്ഞ് നിങ്ങള്‍ തന്നെ അത് ക്രിമിനല്‍ കേസാക്കി മാറ്റുകയാണോ? എന്താണിതിൻ്റെയൊക്കെ അടിസ്ഥാനം? ഈ കേസിൻ്റെ അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ ഹാജരാകണം. സാക്ഷിക്കൂട്ടില്‍ കയറി അദ്ദേഹം പറയണം എന്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ കേസ് ക്രിമിനല്‍ കേസാക്കി എഫ്.ഐ.ആര്‍. എഴുതിയതെന്ന്. ഇങ്ങനെയല്ല ഒരു കേസിൻ്റെ ചാര്‍ജ് ഷീറ്റ് എഴുതേണ്ടത്, ആ പാഠം പഠിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് ഇത് ഒരവസരമാവട്ടെ’ -കോടതി പറഞ്ഞു.
ഉത്തര്‍പ്രദേശ് ഡി.ജി.പിയോടും കേസ് രജിസ്റ്റര്‍ ചെയ്ത ഗൗതം ബുദ്ധ നഗര്‍ പൊലീസ് സ്‌റ്റേഷനിലെ എസ്.എച്ച്.ഒയോടും ഇതുസംബന്ധിച്ച് സത്യവാങ്മൂലം നല്‍കാനും കോടതി ആവശ്യപ്പെട്ടു. ദെബു സിങ്, ദീപക് സിങ് എന്നിവരാണ് കേസുമായി സുപ്രീം കോടതിയെ സമീപിച്ചത്. വ്യവസായിയായ ദീപക് ബെഹലിൻ്റെ കൈയില്‍നിന്നും പണം കടം വാങ്ങിയതുമായി ബന്ധപ്പെട്ടതാണ് കേസ്. കേസ് അലഹബാദ് കോടതിയില്‍ എത്തിയപ്പോള്‍ ഇത് ക്രിമിനല്‍ കേസല്ല, സിവില്‍ കേസാണെന്ന് പ്രതിസ്ഥാനത്തുള്ളവര്‍ കോടതിയെ അറിയിച്ചു.
ക്രിമിനല്‍ നടപടി ഒഴിവാക്കിത്തരണമെന്ന് ദെബുവും ദീപകും അറിയിച്ചെങ്കിലും കോടതി ഇത് മുഖവിലയ്‌ക്കെടുത്തില്ല. പിന്നാലെയാണ് ഇരുവരും സുപ്രീംകോടതിയെ സമീപിച്ചത്. അഭിഭാഷകനായ ചാന്ദ് ഖുറേഷിയാണ് സുപ്രീംകോടതിയില്‍ ഇവരുടെ കേസിൻ്റെ വാദം ഏറ്റെടുത്തത്. പ്രതികളുടെ മേല്‍ ചുമത്തിയിട്ടുള്ള ക്രിമിനല്‍ സെക്ഷനുകള്‍ മാറ്റിത്തരണം എന്നായിരുന്നു ചാന്ദ് ഖുറേഷിയുടെ അഭ്യര്‍ഥന. ഇത് അംഗീകരിച്ച സുപ്രീംകോടതി, ക്രിമിനല്‍ കേസുകള്‍ ഒഴിവാക്കുമെന്നും ചെക്ക് ബൗണ്‍സ് കേസ് മാത്രമേ നിലനില്‍ക്കുള്ളുവെന്നും അറിയിച്ചു.