Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: ഗോകുലം ഗോപാലൻ്റെ സ്ഥാപനങ്ങളിൽ ഇ.ഡി. നടത്തിയ റെയ്ഡ് എമ്പുരാൻ സിനിമയുടെ പേരിലുള്ള പ്രതികരണം മാത്രമാണോ? അല്ല എന്നാണ് ബി.ജെ.പി. കേന്ദ്രങ്ങളിൽ നിന്നു തന്നെയുള്ള അടക്കംപറച്ചിൽ. ബി.ജെ.പി. സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖറിൻ്റെ ബുദ്ധിയിൽ വിരിഞ്ഞതാണ് ആ റെയ്ഡ് എന്നാണ് പറയപ്പെടുന്നത്. ഒരേ സമയം പല ലക്ഷ്യങ്ങളാണ് അദ്ദേഹം ഈ നീക്കത്തിലൂടെ നോട്ടമിടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് -കുംഭമേള വിഷയത്തിൽ കടുത്ത നിലപാടുള്ള പരിവാറുകാർ രാജീവ് ചന്ദ്രശേഖറിനെതിരെ ക്ഷോഭിച്ചിരിക്കുകയാണ്. എമ്പുരാൻ വിഷയത്തിൽ കൂടെയുണ്ടെന്നു വരുത്തിയാൽ കുംഭമേള വിഷയം തണുപ്പിക്കാമെന്ന് അദ്ദേഹം കണക്കുകൂട്ടുന്നു. രാജീവ് ക്യാമ്പിൻ്റെ കണക്കുകൂട്ടൽ പോലെ തന്നെ ഗോകുലത്തിനെതിരായ റെയ്ഡ് എമ്പുരാൻ്റെ പ്രതിഫലമാണെന്ന് എല്ലാവരും ചർച്ച ചെയ്യുന്നുണ്ട്. മാത്രവുമല്ല പഴയ ബി.ജെ.പി. നേതൃത്വം അല്ല ഇപ്പോഴത്തേതെന്ന് അണികളെക്കൊണ്ട് പറയിക്കാൻ ഈ നടപടി സഹായിച്ചിട്ടുണ്ട്.
വെള്ളാപ്പള്ളി നടേശൻ്റെ ആജന്മ ശത്രുവായ ഗോകുലം ഗോപാലനെ ഒതുക്കാൻ സഹായിച്ചാൽ അതു വഴി വിശ്വാസ്യതയാർജ്ജിക്കാനും എസ്.എൻ.ഡി.പി. യോഗത്തിലേക്കു കടന്നുകയറാനുമാകുമെന്ന് രാജീവ് ചന്ദ്രശേഖർ കണക്കുകൂട്ടുന്നു. തുഷാർ വെള്ളാപ്പള്ളി കേന്ദ്ര ബി.ജെ.പി. നേതൃത്വത്തിൻ്റെ ചാർച്ചക്കാരൻ ആയിട്ട് കാലമേറെയായി. ആ വഴി ഇതിനകം ഒട്ടേറെ പരിശ്രമങ്ങൾ നടത്തിയെങ്കിലും ഗോകുലത്തിൻ്റെ രോമത്തിൽ തൊടാൻ വെള്ളാപ്പള്ളിക്ക് കഴിഞ്ഞിട്ടില്ല. അത് വെള്ളാപ്പള്ളിക്ക് എക്കാലവും വലിയ ക്ഷീണം തന്നെയാണ്. വെള്ളാപ്പള്ളിയുടെ ഈ വ്യക്തിവൈരാഗ്യം കണ്ടറിഞ്ഞ് കളിച്ചു തന്നേയാണ് രാജീവ് ചന്ദ്രശേഖർ ഗോകുലത്തെ പൂട്ടിയത്. ബി.ജെ.പി. രാഷ്ട്രീയത്തിൽ എന്നും കല്ലുകടി ഉണ്ടാക്കുന്ന വെള്ളാപ്പള്ളിയെ ഇതു മൂലം വിധേയനാക്കാം എന്നത് തന്നെ ലക്ഷ്യം. വരും തിരഞ്ഞെടുപ്പുകളിൽ വെള്ളാപ്പള്ളിയുടെ ആശീർവാദത്തോടെ തന്നെ എസ്.എൻ.ഡി.പി. വോട്ടുകൾ പിടിക്കാം.
സുരേഷ് ഗോപിയുടെ പ്രസ്റ്റീജ് സിനിമയായ ഒറ്റക്കൊമ്പൻ്റെ നിർമ്മാതാവാണ് ഗോകുലം ഗോപാലൻ. സുരേഷ് ഗോപിയുടെ വില ഒന്നിടിക്കുക എന്നതും ഗോകുലം സ്ഥാപനങ്ങളിലെ ഇ.ഡി. റെയ്ഡിലൂടെ രാജീവിൻ്റെ ലക്ഷ്യമാണെന്നു പറയപ്പെടുന്നു. കേരളത്തിൽ നിന്നു രാജീവ് ചന്ദ്രശേഖറിനെ പോലെ, ഒരു പക്ഷേ, അതിനേക്കാളും സ്വാതന്ത്ര്യത്തോടെ നരേന്ദ്ര മോദിയെയും അമിത് ഷായെയും നേരിൽ കണ്ട് ഇടപഴകാൻ കഴിയുന്ന ഒരേ ഒരാൾ സുരേഷ് ഗോപി ആണ്. കേരളാ ബി.ജെ.പിയിൽ നിന്നു മോദിക്കും ഷായ്ക്കും അടുത്തേക്ക് താനല്ലാതെ മറ്റൊരാൾക്ക് നേരിട്ട് ബന്ധം ഉണ്ടാകുന്നതിൻ്റെ ഭാവിയിലെ അപകടം മുൻകൂട്ടി കണ്ട് തടയിടാനും ഗോകുലം ഗോപാലനെതിരായ നീക്കത്തിലൂടെ രാജീവ് ചന്ദ്രശേഖർ ലക്ഷ്യമിടുന്നു. സുരേഷ് ഗോപിയിൽ മോദിയടക്കമുള്ള ബി.ജെ.പി. നേതൃത്വത്തിനും പ്രവർത്തകർക്കുമുള്ള മതിപ്പ് കുറയ്ക്കാൻ ഗോകുലത്തിലെ റെയ്ഡും തുടർവാർത്തകളും ഉപകരിക്കുമെന്നാണ് വിലയിരുത്തൽ.
ഇതിനെല്ലാമുപരി രാജീവ് ചന്ദ്രശേഖറിൻ്റെ ബിസിനസ് താല്പര്യങ്ങളും ഗോകുലം ഗോപാലനെതിരായ നടപടിക്ക് വേഗം കൂട്ടാൻ ഊർജ്ജം പകർന്നിട്ടുണ്ട്. ഗോകുലത്തിന് 24 ന്യൂസിൽ പങ്കാളിത്തം ഉണ്ട്. രാജീവിൻ്റെ ലാഭകരമായ ബിസിനസ് ആണ് ഏഷ്യാനെറ്റ് ന്യൂസ്. ഗോകുലത്തിന് റിപ്പോർട്ടർ ചാനലിലും ചില റോളുകൾ ഉണ്ടെന്ന് വാർത്തകൾ വന്നിരുന്നു. ചില ഓൺലൈൻ മാധ്യമങ്ങളിൽ വന്ന വാർത്ത പ്രകാരം എറണാകുളത്ത് കണ്ണായ സ്ഥലത്ത് റിപ്പോർട്ടർ ഉടമകളായ അഗസ്റ്റിൻ സഹോദരന്മാരും ഗോകുലവും പങ്കാളികളായി 14 ഏക്കർ ഭൂമി വാങ്ങിയെടുത്തിട്ടുണ്ട്. അതിൽ റിപ്പോർട്ടർ ചാനൽ അടക്കം വിപുലപ്പെടുത്താൻ ഉള്ള പദ്ധതികളും ഉണ്ട്. ഇതെല്ലാം മുന്നോട്ടു നീങ്ങിയാൽ ഇപ്പോൾ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഏഷ്യാനെറ്റ് ന്യൂസിൻ്റെ സ്ഥിതി പരുങ്ങലിൽ ആകും. ഇതു മുന്നിൽ കണ്ട് റിപ്പോർട്ടർ, 24 ന്യൂസ് എന്നിവയുടെ വളർച്ചയെ മുളയിലേ നുള്ളാൻ കൂടി ഈ അവസരം രാജീവ് ചന്ദ്രശേഖർ ഉപയോഗിച്ചു എന്ന് മനസ്സിലാക്കാം.
ഇതിനിടയിൽ ആണ് സി.എം.ആർ.എല്ലിൽ എസ്.എഫ്.ഐ.ഒയുടെ ശക്തമായ നീക്കം. നീക്കം ശക്തമാകുമ്പോൾ രാജീവിന് അണികളിൽ സ്വീകാര്യത കൂടി കൈയടി കിട്ടും. ബദൽ നീക്കമെന്ന നിലയിൽ കൊടകര കുഴൽപ്പണ കേസിന്മേലുള്ള നടപടികൾ കേരള സർക്കാർ ശക്തമാക്കിയാൽ മുൻ പ്രസിഡൻ്റ് കെ.സുരേന്ദ്രൻ അടക്കമുള്ളവർക്ക് കുരുക്കാകും. അതുവഴി എല്ലാവരെയും പൂട്ടിക്കെട്ടാനും കാര്യമായ എതിർപ്പുകളില്ലാതെ മുന്നോട്ടും പോകാനും അവസരം കിട്ടുമെന്ന് രാജീവ് ചന്ദ്രശേഖർ ക്യാമ്പ് കണക്കുകൂട്ടുന്നു.
ഇത്തരത്തിൽ ഒരു വെടിക്ക് പല പക്ഷികളെ ലക്ഷ്യമിട്ട് രാജീവ് ചന്ദ്രശേഖർ നടത്തുന്ന കളികൾ സംസ്ഥാന ബി.ജെ.പിയിലെ കറകളഞ്ഞ രാഷ്ട്രീയക്കാരെ അമ്പരപ്പിച്ചിട്ടുണ്ട്. എത്രത്തോളം പോകുമെന്നു കാത്തിരുന്നു കാണാൻ തന്നെയാണ് അവരുടെ തീരുമാനം.