Follow the FOURTH PILLAR LIVE channel on WhatsApp
മലപ്പുറം: തിരുവനന്തപുരം വിമാനത്താവള ഐ.ബി. ഉദ്യോഗസ്ഥയുടെ മരണം സംബന്ധിച്ച കേസിലെ പ്രതി സുകാന്തിൻ്റെ മലപ്പുറം എടപ്പാളിലെ വീട്ടിൽ പൊലീസ് റെയ്ഡ്. ഞായറാഴ്ച രാത്രി തിരുവനന്തപുരം പേട്ട പൊലീസ് നടത്തിയ റെയ്ഡിൽ വീട്ടിൽനിന്ന് തെളിവുകൾ കണ്ടെടുത്തതായാണ് വിവരം. അതേസമയം, സുകാന്ത് എവിടെ എന്ന് ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല.
കേസുമായി ബന്ധപ്പെട്ട് ആദ്യമായിട്ടാണ് പൊലീസ് സുകാന്തിൻ്റെ വീട്ടിൽ പരിശോധന നടത്തിയത്. വീട്ടിൽനിന്ന് സുകാന്തിൻ്റെ ലാപ്ടോപ്പ്, മൊബൈൽ ഫോൺ, ഡയറികൾ, യാത്രാരേഖകൾ തുടങ്ങിയവ ലഭിച്ചു. സുകാന്തിനെ കണ്ടെത്താൻ സംഘങ്ങളായി തിരിഞ്ഞ് വ്യാപകമായി തിരച്ചിൽ നടത്തുകയാണ്.
ഐ.ബി. ഉദ്യോഗസ്ഥയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി എന്ന് തെളിയിക്കുന്ന യാത്രാരേഖകളാണ് ലഭിച്ചത്. മൊബൈൽ ഫോണിൽനിന്ന് ചാറ്റുകളും ലാപ്ടോപിൽനിന്ന് കേസുമായി ബന്ധിപ്പെട്ട തെളിവുകളും ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ മേല്‍പ്പാലത്തിന് സമീപം ഐ.ബി. ഉദ്യോഗസ്ഥയെ തീവണ്ടി തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ് പൊലീസ് ആദ്യം കേസെടുത്തിരുന്നത്. എന്നാല്‍, യുവതിയുടെ മരണത്തിന് പിന്നാലെ സഹപ്രവര്‍ത്തകനായ സുകാന്തിനെതിരെ കുടുംബം പരാതി നല്‍കിയിരുന്നു.
യുവതിയെ സുകാന്ത് സാമ്പത്തികമായി ചൂഷണംചെയ്‌തെന്നായിരുന്നു കുടുംബം ആദ്യം ഉന്നയിച്ച പരാതി. പിന്നാലെ, യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിൻ്റെയും തെളിവുകള്‍ കൈമാറി. ഇതിനുപിന്നാലെയാണ് പൊലീസ് ബലാത്സംഗക്കുറ്റം ഉള്‍പ്പെടെ ചുമത്തി സുകാന്തിനെതിരേ കേസെടുത്തത്.
മലപ്പുറം സ്വദേശിയായ സുകാന്ത് യുവതിയുമായി സൗഹൃദം സ്ഥാപിച്ച് പലതവണകളായി പണം കൈക്കലാക്കിയെന്നാണ് കണ്ടെത്തല്‍. ചെന്നൈയിലും കൊച്ചിയിലും കൊണ്ടുപോയി യുവതിയെ ചൂഷണം ചെയ്തതായും പരിക്കേല്പിച്ചതായും പൊലീസ് കണ്ടെത്തിയിരുന്നു.