Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: കേരളത്തിൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന മലയാളസിനിമയെന്ന ഖ്യാതി ഇനി എമ്പുരാന് സ്വന്തം. കഴിഞ്ഞവർഷം മഞ്ഞുമ്മൽ ബോയ്സ് കരസ്ഥമാക്കിയ നേട്ടമാണ് എമ്പുരാൻ പഴങ്കഥയാക്കിയത്. മഞ്ഞുമ്മൽ ബോയ്സ് 72 ദിവസംകൊണ്ട് നേടിയ കളക്ഷൻ വെറും 10 ദിവസംകൊണ്ട് എമ്പുരാൻ തിരുത്തിയെഴുതി. ചിത്രത്തിൻ്റെ ആഗോള ബോക്സോഫീസ് കളക്ഷൻ 250 കോടി പിന്നിട്ടു.
‘മലയാളത്തിൽ ഏറ്റവുംകൂടുതൽ കളക്ഷൻ ലഭിച്ച ചിത്രമായി എമ്പുരാൻ ആധിപത്യം ഉറപ്പിച്ചിരിക്കുന്നു. മലയാളസിനിമാ വ്യവസായത്തിലെ പുതിയ അടയാളപ്പെടുത്തലായിരിക്കുന്നു ഇത്. ഈ നിമിഷം ഞങ്ങളുടേത് മാത്രമല്ല, നിങ്ങളുടേതുംകൂടിയാണ്. തിയേറ്ററുകളിൽ പ്രതിധ്വനിച്ച നിങ്ങളുടെ ഓരോ ഹൃദയമിടിപ്പിനും ആഹ്ലാദനിമിഷങ്ങൾക്കും കണ്ണീരിനുംകൂടിയാണ്’ -ആശിർവാദ് സിനിമാസിൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.
ചിത്രത്തിൻ്റെ നിർമ്മാതാവിനു കിട്ടുന്ന ഷെയർ തുക 100 കോടി പിന്നിട്ടുവെന്ന് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു സിനിമയ്ക്കു 100 കോടി ഷെയർ ലഭിക്കുന്നത്. സിനിമയുടെ ആഗോള ഷെയർ കളക്ഷനാണിത്.
ശ്രീ ഗോകുലം മൂവീസ്, ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഗോകുലം ഗോപാലൻ, ആൻ്റണി പെരുമ്പാവൂർ, സുഭാസ്‌കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.