Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡല്‍ഹി: സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ.) കൊച്ചിയിലെ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ തുടര്‍നടപടി നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സി.എം.ആർ.എൽ. ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. എസ്.എഫ്.ഐ.ഒ. അന്വേഷണം ചോദ്യംചെയ്യുന്ന സി.എം.ആർ.എല്ലിൻ്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ജൂലൈയില്‍ പരിഗണിക്കാനായി മാറ്റിയിരുന്നു. അതുവരെ കുറ്റപത്രത്തില്‍ തുടര്‍നടപടികള്‍ നിര്‍ത്തിവെക്കണമെന്നാണ് ആവശ്യം.
റിപ്പോര്‍ട്ട് പുറത്തുവിട്ടവര്‍ക്കെതിരേ നടപടിവേണമെന്നും അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ചോയെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ഹര്‍ജി തിങ്കളാഴ്ച പരിഗണിച്ചേക്കും.
എസ്.എഫ്.ഐ.ഒ. അന്വേഷണത്തിനെതിരേ കരിമണല്‍ കമ്പനിയായസി.എം.ആർ.എല്‍. നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് ചന്ദ്ര ധാരി സിങ്ങിൻ്റെ ബെഞ്ച് വിശദമായി വാദംകേട്ട് ഡിസംബറില്‍ വിധിപറയാനായി മാറ്റിയിരുന്നു. എന്നാല്‍ ഈ ജഡ്ജിയെ കഴിഞ്ഞദിവസം അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയതോടെ വിഷയം പുതിയ ബെഞ്ച് തുടക്കംമുതല്‍ കേള്‍ക്കേണ്ട അവസ്ഥയായി. പുതിയ ബെഞ്ച് വിഷയം പരിഗണിക്കാനിരിക്കെയാണ് എസ്.എഫ്.ഐ.ഒ. കൊച്ചിയിലെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകള്‍ വീണയുടെ കമ്പനിയായ എക്‌സാലോജിക്കിന് കരിമണല്‍കമ്പനിയായസി.എം.ആർ.എല്‍. പണം നല്‍കിയത് അഴിമതിയാണെന്നാണ് എസ്.എഫ്.ഐ.ഒ. വാദം. ഈ ആരോപണം ആദായനികുതി ഇൻ്ററിം സെറ്റില്‍മെൻ്റ് ബോര്‍ഡ് തീര്‍പ്പാക്കിയതാണെന്നും അതിനാല്‍ മറ്റ് അന്വേഷണം ആവശ്യമില്ലെന്നുമാണ്സി.എം.ആർ.എല്‍. ഡല്‍ഹി ഹൈക്കോടതിയില്‍ വാദിച്ചത്.