29 C
Trivandrum
Sunday, April 20, 2025

ഐ.ബി. ഉദ്യോഗസ്ഥയുടെ മരണം: ആത്മഹത്യാപ്രേരണയ്ക്കു സുകാന്തിനെതിരെ തെളിവുണ്ടെന്ന് പൊലീസ്

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: ഐ.ബി. ഉദ്യോഗസ്ഥ ട്രെയിനിനു മുന്നിൽ ചാടി മരിച്ചത് ആൺസുഹൃത്തും ഐ.ബി. ഉദ്യോഗസ്ഥനുമായ സുകാന്തിൻ്റെ ലൈംഗിക ചൂഷണം മൂലമെന്നു പൊലീസ്. 1 വർഷത്തോളം പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കുകയും ഗർഭച്ഛിദ്രം നടത്തുകയും ചെയ്തതിനുശേഷം വിവാഹത്തിൽനിന്നു സുകാന്ത് പിന്മാറുകയായിരുന്നു. ആത്മഹത്യാപ്രേരണയ്ക്കു തെളിവുണ്ടെന്നും സുകാന്തിൻ്റെ മുൻകൂർ ജാമ്യ ഹർജിയെ എതിർത്ത് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും പൊലീസ് പറഞ്ഞു.

സുകാന്തിനെതിരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കൽ, പണം തട്ടിയെടുക്കൽ എന്നീ 2 വകുപ്പുകൾ കൂടി ചുമത്തിയിട്ടുണ്ട്. നേരത്തേ ബലാത്സംഗം, വഞ്ചന, ആത്മഹത്യാപ്രേരണ കുറ്റങ്ങളാണു ചുമത്തിയിരുന്നത്. ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ അക്കൗണ്ടിൽ നിന്ന് 3.5 ലക്ഷത്തോളം രൂപ സുകാന്തിൻ്റെ അക്കൗണ്ടിലേക്ക് മാറ്റിയതായും കണ്ടെത്തിയിരുന്നു. ഐ.ബി. ഉദ്യോഗസ്ഥയുടെ ആത്മഹത്യയ്ക്കു പിന്നാലെ ഒളിവിൽപോയ സുകാന്തിനായി കേരളത്തിനു പുറത്തേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇയാളുടെ കുടുംബാംഗങ്ങളും ഒളിവിലാണ്. മരിച്ച പെൺകുട്ടിയെ ഗർഭച്ഛിദ്രത്തിന് സഹായിച്ച മറ്റൊരു യുവതിയെയും പൊലീസ് തിരയുന്നുണ്ട്. ഇവർ ഐ.ബി. ഉദ്യോഗസ്ഥയുടെ സുഹൃത്തല്ലെന്നാണ് കുടുംബം പറയുന്നത്.

2023 ഡിസംബറിൽ ജോധ്പുരിലെ ട്രെയിനിങ് സമയത്താണ് യുവതിയും സുകാന്തും തമ്മിൽ പരിചയപ്പെടുന്നത്. 2024 മേയിൽ ട്രെയിനിങ് കഴിഞ്ഞശേഷം ഇരുവരും ഒന്നിച്ച് താമസിച്ചതിൻ്റെ രേഖകളും യുവതിയുടെ ബാഗിൽനിന്നു കണ്ടെത്തിയിരുന്നു. 2024 ജൂലൈയിലാണ് യുവതി തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭച്ഛിദ്രം നടത്തിയത്. ആദ്യം ആശുപത്രിയിൽ ഒന്നിച്ചെത്തിയ സുകാന്തും യുവതിയും ദമ്പതികള്‍ എന്നാണ് പരിചയപ്പെടുത്തിയത്. ആശുപത്രി അധികൃതരെ വിശ്വസിപ്പിക്കാന്‍ വിവാഹരേഖകളും വിവാഹക്ഷണക്കത്തും സുകാന്ത് വ്യാജമായി തയാറാക്കി ഹാജരാക്കുകയും ചെയ്തു.

എന്നാല്‍ പിന്നീട് 2 തവണയും ആശുപത്രിയിലേക്ക് സുകാന്ത് പോയിരുന്നില്ല. ഗർഭച്ഛിദ്രം നടത്താൻ സുകാന്തിൻ്റെ സുഹൃത്തായ മറ്റൊരു യുവതിയെയാണ് ഐ.ബി. ഉദ്യോഗസ്ഥയ്ക്കൊപ്പം ആശുപത്രിയിലേക്ക് അയച്ചത്. ഈ യുവതിക്ക് ആശുപത്രിയിൽ പലരെയും പരിചയമുണ്ടായിരുന്നു. ഈ പരിചയവും സ്വാധീനവുമാണ് നടപടികൾ വേഗത്തിലാക്കാൻ സഹായിച്ചതെന്നും പൊലീസ് കരുതുന്നു. ഈ യുവതി ആരാണെന്നതിൽ വ്യക്തത വന്നിട്ടില്ല. ഐ.ബി. ഉദ്യോഗസ്ഥയുടെ സുഹൃത്തല്ലെന്ന് കുടുംബം സ്ഥിരീകരിച്ചതോടെ ഇതാരാണെന്ന് കണ്ടെത്താനുള്ള പരിശോധനയിലാണ് അന്വേഷണ സംഘം.

Recent Articles

Related Articles

Special

Enable Notifications OK No thanks