29 C
Trivandrum
Friday, April 25, 2025

വഖഫിന് ശേഷം കത്തോലിക്കാ സഭയിലേക്കു തിരിഞ്ഞ് ആർ.എസ്.എസ്.

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡൽഹി: ‘ആരാണ് ഇന്ത്യയില്‍ കൂടുതല്‍ ഭൂമി കൈവശം വച്ചിരിക്കുന്നത്’ എന്ന തലക്കെട്ടിലുള്ള ലേഖനവുമായി അടുത്ത വെടിപൊട്ടിച്ച് ആർ.എസ്.എസ്. മുഖപത്രമായ ഓർഗനൈസർ. മുസ്ലിങ്ങൾ കഴിഞ്ഞാൽ ആർ.എസ്.എസിൻ്റെ അടുത്ത ലക്ഷ്യം ക്രൈസ്തവരാണെന്ന വിലയിരുത്തൽ സാധൂകരിക്കുന്നതാണ് ഈ ലേഖനത്തിലെ വാദങ്ങൾ. വലിയ ചർച്ചയും വിവാദവുമായതിനെത്തുടർന്ന് ലേഖനം മുക്കുക എന്ന അസാധാരണ നടപടിയും ഓർഗനൈസർ സ്വീകരിച്ചു.

ദേശീയ തലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് തുടക്കമിട്ട വഖഫ് ഭേദഗതി ബില്‍ പാര്‍ലമെൻ്റിൻ്റെ ഇരുസഭകളും പാസാക്കിയതിന് പിന്നാലെയാണ് കത്തോലിക്കാ സഭയെ ചര്‍ച്ചകളിലേക്ക് എത്തിക്കാനുള്ള ആർ.എസ്.എസ്. ശ്രമമുണ്ടായത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഭൂമി കൈവശം വയക്കുന്നവരില്‍ കത്തോലിക്കാ സഭ മുന്നിലെന്നാണ് ഓര്‍ഗനൈസര്‍ ചൂണ്ടിക്കാട്ടുന്നത്. മുനമ്പം ഭൂമി വിഷയത്തില്‍ ഉള്‍പ്പെടെ കത്തോലിക്കാ സഭയെ ഒപ്പം നിര്‍ത്തുന്ന നിലയില്‍ കേരളത്തിലെ ബി.ജെ.പി. നേതാക്കള്‍ വഖഫ് ബില്‍ ഉപയോഗിക്കുന്നതിനിടെയാണ് ഓര്‍ഗനൈസറിൻ്റെ പരാമര്‍ശം.

ഏപ്രില്‍ 3നാണ് ഓര്‍ഗനൈസറില്‍ ലേഖനം പ്രസിദ്ധീകരിച്ചത്. രാജ്യത്തുടനീളം വിശാലമായ ഭൂമി കൈവശം വച്ചിരിക്കുന്ന ഏറ്റവും വലിയ സര്‍ക്കാരിതര ഭൂവുടമ കാത്തലിക് ചര്‍ച്ച് ഓഫ് ഇന്ത്യയാണെന്നായിരുന്നു ലേഖനത്തില്‍. സര്‍ക്കാര്‍ കഴിഞ്ഞാല്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഭൂവുടമ വഖഫ് ബോര്‍ഡാണെന്ന വിശ്വാസം നിലനില്‍ക്കെയാണ് ഈ കണക്കുകള്‍ ശ്രദ്ധേയമാകുന്നത് എന്നും ലേഖനം പറയുന്നു.

ഇന്ത്യയില്‍ ആകമാനം ഏകദേശം 17.29 കോടി ഏക്കര്‍ ഭൂമി കത്തോലിക്കാ സഭയുടെ കൈവശമുണ്ടെന്നും ലേഖനത്തില്‍ പറയുന്നു. ഏകദേശം 20,000 കോടി രൂപ വരുന്നതാണ് ഈ ഭൂമി. ഇന്ത്യയുടെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സഭയെ ഒരു പ്രധാന പങ്കാളിയാക്കി മാറ്റുന്നതില്‍ ഈ കണക്കുകള്‍ക്ക് പങ്കുണ്ട്. 2012ലെ കണക്കനുസരിച്ച് കത്തോലിക്കാ സഭയ്ക്ക് 2,457 ആശുപത്രികള്‍, 240 മെഡിക്കല്‍ -നഴ്‌സി ങ്ങ് കോളജുകള്‍, 28 കോളജുകള്‍, 5 എൻജിനീയറിങ് കോളജുകള്‍, 3,765 സെക്കന്‍ഡറി സ്‌കൂളുകള്‍, 7,319 പ്രൈമറി സ്‌കൂളുകള്‍, 3,187 നഴ്‌സറി സ്‌കൂളുകള്‍ എന്നിവയുടെ ഉടമസ്ഥര്‍ കൂടിയാണ് കത്തോലിക്കാ സഭ. കണക്കുകളിലെ ഭൂരിഭാഗം ഭൂമിയും ബ്രിട്ടീഷ് ഭരണകാലത്താണ് സഭയിലേക്ക് എത്തിയത്. 1927ല്‍ ബ്രിട്ടൻ നടപ്പാക്കിയ ഇന്ത്യന്‍ ചര്‍ച്ച് ആക്ട് സഭയ്ക്ക് വലിയ തോതിലുള്ള ഭൂമി സ്വന്തമാക്കാന്‍ അവസരം ഒരുക്കിയെന്നും ലേഖനം പറയുന്നു.

കണക്കുകള്‍ ഓര്‍മ്മപ്പെടുത്തുന്നതിന് ഒപ്പം കത്തോലിക്ക സഭ ഭൂമി സ്വന്തമാക്കിയത് നിയമാനുസൃതമായ മാര്‍ഗങ്ങളിലൂടെ തന്നെയാണോ എന്ന സംശയവും ഓര്‍ഗനൈസര്‍ ഉന്നയിച്ചിട്ടുണ്ട്. ‘സഭ നടത്തുന്ന സ്‌കൂളുകളും ആശുപത്രികളും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഒരു പാട് സൗജന്യങ്ങള്‍ നല്‍കി വരുന്നുണ്ട്. ഇത്തരം സേവനങ്ങളിലൂടെ ആളുകളെ ക്രിസ്തുമതം സ്വീകരിക്കാന്‍ സമ്മര്‍ദം ചെലുത്തുന്ന നിലയുണ്ട്. ഗോത്ര, ഗ്രാമീണ ജനതകളെ ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം നീക്കങ്ങളെ കുറിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മതം മാറുന്നവരുടെ ഭൂമി സഭ ഏറ്റെടുക്കുന്നു എന്നും ആരോപണങ്ങളുണ്ട്. ഇത്തരം സംഭവങ്ങള്‍ ഇല്ലെന്ന് സഭ പലതവണ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി നിയമവിരുദ്ധ ഭൂമി ഏറ്റെടുക്കലുകള്‍ വിവിധ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് എന്നും ഓര്‍ഗനൈസര്‍ പറയുന്നു.

Recent Articles

Related Articles

Special

Enable Notifications OK No thanks